Advertisement

ശബരിമലയില്‍ സി പി ഐ എമ്മിന്റെ നിലപാട് മാറുമോ ? പുന്നലയ്ക്ക് വിയോജിപ്പ്

February 18, 2026
Google News 2 minutes Read
sabarimala

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. യുവതി പ്രവേശന വിഷയത്തില്‍ സുപ്രിംകോടതിയില്‍ മുന്‍ നിലപാട് തിരുത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ഒരിക്കല്‍ സി പി ഐ എമ്മിന് കൈപൊള്ളിയ വിഷയമായിരുന്നതിനാല്‍ ഏറെ ശ്രദ്ധയോടെ വേണം ശബരിമല വിഷയം കൈകാര്യം ചെയ്യാനെന്ന നിലപാടിലാണ് സി പി ഐ എം നേതൃത്വം. അടുത്ത മാസം 15 ന് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നാണ് സുപ്രിംകോടതി അറിയിച്ചിരിക്കുന്നത്. നിലപാടില്‍ വെള്ളം ചേര്‍ക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്.

വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാരെന്നാണ് സി പി ഐ എം നേതാക്കള്‍ പറയുന്നത്. പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളും സര്‍ക്കാരിന് നടപ്പാക്കാന്‍ കഴിയില്ലെന്ന സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണവും ശബരിമലയില്‍ സര്‍ക്കാര്‍ നിലപാട് മാറ്റുമെന്നതിന്റെ സൂചനയാണ്. തക്കസമയത്ത് തക്കനിലപാട് എന്നാണ് മന്ത്രി പി രാജീവും പറയുന്നത്. ഒരു തീരുമാനവും മാറ്റാന്‍ പറ്റാത്തതായില്ലെന്നും മന്ത്രി രാജീവ് വ്യക്തമാക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ എന്നും വിശ്വാസികള്‍ക്ക് ഒപ്പമെന്നാണ് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞത്.

എന്നാല്‍ സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടു മാറ്റാനുള്ള നീക്കത്തിനെതിരെ വിവിധ സംഘടനകളും രംഗത്തെത്തയിട്ടുണ്ട്. നിലപാട് മാറ്റം ഉണ്ടാവില്ലെന്നാണ് കെ പി എം എസ് നേതാവ് പുന്നല ശ്രീകുമാര്‍ പറയുന്നത്. ശബരിമല യുവതി പ്രവേശന വിവാദം കത്തി നിന്ന സമയത്ത് സര്‍ക്കാരിന് അനുകൂലമായ നിലപാടുകളായിരുന്നു പുന്നല സ്വീകരിച്ചിരുന്നത്. സര്‍ക്കാര്‍ നവോത്ഥാന സമിതി രൂപീകരിച്ചപ്പോള്‍ പുന്നല അതിന്റെ മുന്നണിയില്‍ എത്തിയതും ഈ നിലപാടുമൂലമായിരുന്നു.

സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ ചര്‍ച്ചകള്‍ വീണ്ടും ശബരിമലയായതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവതി പ്രവേശനം പ്രധാന ആയുധമാവും. ഭരണഘടന അനുശ്വാസിക്കുന്നത് പ്രകാരം സ്ത്രീകള്‍ക്ക് തുല്യനീതിയാണെന്നും, ആര്‍ത്തവത്തിന്റെ പേരില്‍ ഒരു ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് തീരുമാനിക്കാന്‍ കഴിയില്ലെന്നായിരുന്നു 2018 ലെ സുപ്രിംകോടതി വിധി. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു അമ്മിണിയേയും കനകദുര്‍ഗയേയും പൊലീസിന്റെ സഹായത്തോടെ ശബരിമലയില്‍ എത്തിച്ചത്. ഇത് വിശ്വാസി സമൂഹവും സര്‍ക്കാരും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കും ശബരിമലയില്‍ കനത്ത പ്രതിഷേധസമരങ്ങള്‍ക്കും വഴിവെക്കുകയായിരുന്നു.

ശബരിമലയില്‍ സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് പിന്നീട് സി പി ഐ എം വിലയിരുത്തിയിരുന്നു. ശബരിമലയിലെ യുവതി പ്രവേശന വിവാദങ്ങള്‍ ബി ജെ പി- സംഘപരിവാര്‍ സംഘടനകള്‍ സര്‍ക്കാരിനെതിരെ പ്രധാന ആയുധമാക്കിയിരുന്നു. ഇത് പിന്നീട് നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിക്ക് കാരണമായെന്നും സി പി ഐ എം വിലയിരുത്തിയിരുന്നു. ഇതോടെയാണ് ശബരിമല വിഷയത്തില്‍ നിലപാട് മാറ്റാന്‍ നേതൃത്വം ആലോചനകള്‍ നടത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ശബരിമലയിലെ യുവതി പ്രവേശനവുമായുള്ള തിരുത്തല്‍ ഹര്‍ജി വിചാരണയ്‌ക്കെടുത്തത് സി പി ഐ എമ്മിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് ശബരിമല സ്വര്‍ണക്കൊള്ളയും പമ്പയിലെ ആഗോള അയ്യപ്പസംഗമത്തിലെ തട്ടിപ്പും മറ്റും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാവുന്നതിന് ഇടയിലാണ് ശബരിമലയിലെ യുവതി പ്രവേശനത്തിലെ റിവ്യൂ ഹര്‍ജിയും ചര്‍ച്ചയാവുന്നത്. മൂന്നാം ഭരണം ലക്ഷ്യമിട്ടു നീങ്ങുന്ന ഇടതുമുന്നണിക്ക് ശബരിമല തിരിച്ചടിയാവുമോ എന്ന ആശങ്കയാണ് എല്‍ ഡി എഫ് കേന്ദ്രങ്ങളില്‍. ചര്‍ച്ചകളെല്ലാം യുവതി പ്രവേശന വിഷയമായതോടെ നേതൃത്വത്തിന്റെ ഉറക്കം നഷ്ടപ്പെട്ടിരിക്കയാണ്.

ഒരിക്കല്‍ കൈപൊള്ളിയതിനാല്‍ വളരെ ശ്രദ്ധയോടെയാണ് വിഷയം കൈകാര്യം ചെയ്യുന്നത്. 2018 ലെ സര്‍ക്കാര്‍ നിലപാടില്‍ വെള്ളം ചേര്‍ക്കാനാണ് സാധ്യതയെന്നാണ് ലഭ്യമാവുന്ന സൂചനകള്‍. വി എസ് അച്ചുതാനന്ദന്‍ സര്‍ക്കാരും ഒന്നാം പിണറായി സര്‍ക്കാരും ശബരിമലയില്‍ കൈക്കൊണ്ട നിലപാട് യുവതികളെ പ്രവേശിപ്പിക്കാം എന്നായിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചതോടെ സുപ്രിംകോടതിയില്‍ കേസ് നീണ്ടുപോവുകയായിരുന്നു. ഇരുപത് വര്‍ഷമായി നിലനില്‍ക്കുന്ന കേസാണ് വീണ്ടും വിചാരണയ്ക്കായി സുപ്രിംകോടതി പരിഗണിക്കുന്നത്. യുവതി പ്രവേശനത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചാല്‍ അത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുങ്ങും.

പാര്‍ട്ടിക്ക് എല്ലാ കാലത്തും പുരോഗമനപരമായ നിലപാടായിരുന്നുവെന്നതാണ് നേതൃത്വത്തെ അലട്ടുന്നത്. തിരഞ്ഞെടുപ്പുകാലമായതിനാല്‍ സര്‍ക്കാര്‍ എപ്പോഴും വിശ്വാസികള്‍ക്കൊപ്പമായിരിക്കുമെന്ന് പറയുന്നത് തല്‍ക്കാലം ആശ്വാസം പകര്‍ന്നാലും പ്രത്യയശാസ്ത്ര പ്രതിസന്ധിയായി അത് വളരും.

Story Highlights : Will the CPI(M)’s stand on Sabarimala change? Punnala sreekumar disagrees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here