Advertisement

മലമ്പുഴയില്‍ വിഎ അരുണ്‍കുമാര്‍ വരുമോ? പാര്‍ട്ടി പറയുന്നതാണ് എന്നും പ്രധാനമെന്ന് വിഎസിന്റെ മകന്‍

February 18, 2026
Google News 3 minutes Read
ARUNKUMAR

മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി വി എസ് അച്യുതാനന്ദന്റെമനസാക്ഷി സൂക്ഷിപ്പുകാരനും, പിഎയും ആയിരുന്ന എ സുരേഷ് എത്തുമെന്ന് ഉറപ്പായതോടെ വിഎസിന്റെ മകനെ കളത്തിലിറക്കാന്‍ സിപിഐഎം കരുനീക്കം. വിഎസിന്റെ മകനെ ഇത്തവണ മത്സരരംഗത്തേക്ക് കൊണ്ടുവരുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് സിപിഐഎം സംസ്ഥാന നേതൃത്വം നേരത്തെ വിലയിരുത്തിയത്. മലമ്പുഴയിലോ, കായംകുളത്തോ അരുണ്‍കുമാറിനെ പരിഗണിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ വിഎസുമായി ആത്മബന്ധം സൂക്ഷിക്കുന്ന മലമ്പുഴയില്‍ വിഎ അരുണ്‍കുമാര്‍ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. (Will VA Arunkumar be the CPIM candidate in Malampuzha?)

മലമ്പുഴ അച്ഛന് വൈകാരികമായി ഏറെ അടുപ്പമുള്ള മണ്ഡലമാണെന്നാണ് വിഎ അരുണ്‍കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. മലമ്പുഴയിലെ മത്സര സാധ്യത അരുണ്‍കുമാര്‍ തള്ളിയില്ലെന്നതും ശ്രദ്ധേയമാണ്. തങ്ങളുടേത് പാര്‍ട്ടി കുടുംബമാണെന്നും, പാര്‍ട്ടി എന്തു തീരുമാനിച്ചാലും സ്വീകരിക്കുമെന്നുമാണ് അരുണിന്റെ അഭിപ്രായം.

എ സുരേഷ് യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മലമ്പുഴയില്‍ രംഗത്തെത്തിയാല്‍ പാര്‍ട്ടി വോട്ടുകളില്‍ വിള്ളല്‍ വീഴുമെന്ന ആശങ്കയും സിപിഐഎമ്മിലുണ്ട്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ വി എസ് അച്യുതാനന്ദന്റെ മകനെ പാര്‍ലമെന്ററി രംഗത്തേക്ക് കൊണ്ടുവരുന്നത് തിരഞ്ഞെടുപ്പില്‍ ആകമാനം ഗുണം ചെയ്യുമെന്നുതന്നെയാണ് പാര്‍ട്ടി നേതൃത്വവും വിലയിരുത്തുന്നത്. വിഎ അരുണ്‍കുമാര്‍ നിലവില്‍ പാര്‍ട്ടി അംഗമല്ല. ഐഎച്ച്ആര്‍ഡി ഡയറക്ടറുടെ ചുമതല വഹിക്കുന്ന അരുണ്‍കുമാര്‍ പാര്‍ട്ടി വേദികളിലും സജീവമായിരുന്നില്ല.

Read Also: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണം; ഡോ. ബിന്ദു സുന്ദറിന് സസ്പെൻഷൻ

പാര്‍ട്ടിയില്‍ വിഭാഗീയതയുടെ ഇരയാണ് താനെന്നും, ക്യാപ്പിറ്റല്‍ പണിഷ്മെന്റിന് വിധേയരായവരാണ് വിഎസും താനുമെന്നാണ് എ സുരേഷ് ഇന്ന് പറഞ്ഞത്. പാര്‍ട്ടിയില്‍ വിഭാഗീയത കത്തിനിന്ന കാലത്ത് വിഎസിനെതിരെ പാര്‍ട്ടി നേതൃത്വം നടത്തിയ കടന്നാക്രമണങ്ങളും ശിക്ഷാ നടപടികളും മറ്റും എ സുരേഷ് മലമ്പുഴയില്‍ പ്രചരണായുധമാക്കാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് വിഎസിന്റെ മകന്‍ മലമ്പുഴയില്‍ മത്സരിക്കണമെന്ന ചര്‍ച്ചകളിലേക്ക് നേതൃത്വം കടക്കുന്നത്.

സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വിഎസ് എന്ന വികാരം ഇപ്പോഴും ശക്തമാണ്. വിഭാഗീയത അവസാനിച്ചെങ്കിലും ഇപ്പോഴും ഒരു വിരുദ്ധചേരി പാര്‍ട്ടിയില്‍ സജീവമാണ്. അരുണ്‍കുമാറിനെ മത്സരിപ്പിച്ചാല്‍ ഇതിനെല്ലാം മാറ്റമുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

മരണടഞ്ഞ ഉന്നത നേതാക്കളുടെ മക്കളെ തിരഞ്ഞെടുപ്പില്‍ രംഗത്തിറക്കുന്നത് സിപിഐഎം രീതിയല്ല. മുതിര്‍ന്ന നേതാക്കളുടെ മക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതുതന്നെ വളരെ അപൂര്‍വമാണ്. ഇഎംഎസിന്റെ മകന്‍ ഇഎം ശ്രീധരന്‍ നേരത്തെ ശ്രീകൃഷ്ണപുരത്ത് സ്ഥാനാര്‍ഥിയായിരുന്നു. അദ്ദേഹം സജീവ പാര്‍ട്ടി പ്രവര്‍ത്തകനും കര്‍ഷക സംഘത്തിന്റെ നേതാവുമായിരുന്നു അക്കാലത്ത്. പാര്‍ട്ടിക്ക് നല്ല വേരുകളുണ്ടായിട്ടും ശ്രീകൃഷ്ണപുരത്ത് അദ്ദേഹം പരാജയപ്പെടുകയായിരുന്നു. ഇകെ നായനാരുടെ മക്കളേയോ, ചടയന്‍ ഗോവിന്ദന്റെ മക്കളേയോ തിരഞ്ഞെടുപ്പ് രംഗത്തേക്ക് പാര്‍ട്ടി ഒരിക്കലും കൊണ്ടുവന്നിരുന്നില്ല. അതിനാല്‍, പതിവിന് വിപരീതമായി പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി വിഎ അരുണ്‍കുമാറിനെ സ്ഥാനാര്‍ഥിയായി കൊണ്ടുവരുമോ എന്ന സംശയവും നിലവിലുണ്ട്.

Story Highlights : Will VA Arunkumar be the CPIM candidate in Malampuzha?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here