‘കേരളത്തിന്റെ ഭാവിക്കായി ഒന്നിക്കാം; വികസനത്തിന്റെ കുതിപ്പുച്ചാട്ടത്തിന് വേണ്ട എല്ലാ വിഭവങ്ങളും കേരളത്തിലുണ്ട്’; കേന്ദ്രമന്ത്രി കിരണ്‍ റിജിജു
കേരളത്തിന്റെ ഭാവിക്കായി ഒന്നിക്കാമെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ട്വന്റിഫോറിനോട്. വികസനത്തിന്റെ കുതിപ്പുച്ചാട്ടത്തിന് എല്ലാ വിഭവങ്ങളും കേരളത്തിലുണ്ട്. കേരളത്തിന്റെ ഭാവി തിളക്കമുള്ളതാണെന്നും, കേരളത്തിനായി നമുക്ക് കൂടുതല്‍ സംഭവാന ചെയ്യാമെന്നും ട്വന്റിഫോര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി പറഞ്ഞു. ട്വന്റിഫോര്‍ ബിസിനസ് കോണ്‍ക്ലേവിലേക്ക് ക്ഷണിച്ചതില്‍ നന്ദിയും കേന്ദ്രമന്ത്രി കിരണ്‍ റിജിജു അറിയിച്ചു.
മാറിക്കൊണ്ടിരിക്കുന്ന ആഗോസാഹചര്യത്തില്‍ ഇന്ത്യയുടെ കാലാവസ്ഥ നയങ്ങളും രാജ്യാന്തര വ്യാപാര വെല്ലുവിളികളും ചര്‍ച്ചചെയ്യുന്ന ട്വന്റിഫോര്‍ ബിസിനസ് കോണ്‍ക്ലേവ് നാളെ കൊച്ചിയില്‍ നടക്കും. സുസ്ഥിര ബിസിനസ് മാതൃകകള്‍ക്ക് ഊന്നല്‍ നല്‍കുന്ന സെഷനുകളാണ് കോണ്‍ക്ലെവിന്റെ മുഖ്യാകര്‍ഷണം. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ബിസിനസ് സമ്മിറ്റിന്റെ ഉദ്ഘാടകന്‍.
ബിസിനസ് രംഗത്തെ പ്രമുഖര്‍, നയ രൂപകര്‍ത്താക്കള്‍, ഗവേഷകര്‍, തുടങ്ങി പ്രമുഖരെ അണിനിരത്തിയാണ് ട്വന്റിഫോര്‍ ബിസിനസ് കോണ്‍ക്ലേവിന്റെ രണ്ടാം പതിപ്പ് കൊച്ചിയില്‍ നടക്കുന്നത്. ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മുഖ്യാതിഥികളാകും. ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
ട്വന്റിഫോര്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെ ആര്‍ ഗോപീകൃഷ്ണന്‍ കേന്ദ്രമന്ത്രിയും അതിഥികളും തമ്മിലുള്ള പ്രത്യേക സംവാദം നയിക്കും. രാജ്യാന്തരതലത്തിലെ സാമ്പത്തിക നയ മാറ്റങ്ങളും സുസ്ഥിര വികസനവും വ്യാപാര കരാറുകളും ചര്‍ച്ചയാകുന്ന ബിസിനസ് കോണ്‍ക്ലേവില്‍ കേരളത്തിലെ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും പുതിയ ദിശാബോധം നല്‍കുന്ന രണ്ട് സെഷനുകളാണ് പ്രധാന ആകര്‍ഷണം. കേരളീയ സാഹചര്യങ്ങളില്‍ വികസനവും പരിസ്ഥിതി സംരക്ഷണവും എങ്ങനെ തുല്യ പ്രാധാന്യത്തോടെ മുന്നോട്ട് കൊണ്ടുപോകും എന്നതാണ് ആദ്യ സെഷന്‍. ട്വന്റിഫോര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിം മോഡറേറ്റര്‍ ആകുന്ന ചര്‍ച്ചയില്‍ സ്റ്റേറ്റ് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ആര്‍ ഹരികുമാര്‍, ജെയിന്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. ടോം എം ജോസഫ്, രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റുമായ ശ്രീജിത്ത് പണിക്കര്‍, ഫ്രഷ് ടു ഹോം കോ ഫൗണ്ടറും സിഓഓയുമായ മാത്യു ജോസഫ് എന്നിവര്‍ പങ്കെടുക്കും. രണ്ടാമത്തെ സെഷനില്‍ ആഗോള വ്യാപാരവും കയറ്റുമതി തീരുവയും എങ്ങനെ ബിസിനസുകളെ ബാധിക്കും എന്ന ചര്‍ച്ച ട്വന്റിഫോര്‍ ബിസിനസ് എഡിറ്റര്‍ ക്രിസ്റ്റീന ചെറിയാന്റെ നേതൃത്വത്തില്‍ നടക്കും. സിന്തൈറ്റ് ഇന്‍ഡ്ട്രീസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ വിജു ജേക്കബ്, സിഐഐ കേരള-ഈസ് ഓഫ് ഡൂയിങ് ബിസിനസ് വിഭാഗം കണ്‍വീനര്‍ അജയ് ജോര്‍ജ് വര്‍ഗീസ്, ക്യാപിറ്റയര്‍ ഫൗണ്ടര്‍ സിഎ ശ്രീജിത്ത് കുണിയില്‍, മൂലന്‍സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വര്‍ഗീസ് മൂലന്‍ എന്നിവര്‍ പാനലിസ്റ്റുകളാണ്. കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് കരുത്തേകുന്ന പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ അടക്കം സംവാദത്തില്‍ ഉരുത്തിരിയും.
Story Highlights : Let’s unite for the future of Kerala; Kiren Rijiju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




