‘വൃത്തികെട്ട രാഷ്ട്രീയത്തിനായി ആഗോള വേദി ഉപയോഗിച്ചു’ ; എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ വിമര്‍ശിച്ച് നരേന്ദ്രമോദി
എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വിജയം ദഹിക്കാന്‍ കഴിയാത്ത ചില രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്ത് ഉണ്ട്. രാജ്യത്തെ അപമാനിക്കുകയാണ് അവര്‍ ചെയ്തത് എന്നും പ്രധാനമന്ത്രി പറഞ്ഞു. വിദേശ അതിഥികള്‍ക്കു മുന്‍പില്‍ നഗ്നരായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേദിയില്‍ എത്തി. പരിപാടി അലങ്കോലമാക്കാന്‍ ആണ് കോണ്‍ഗ്രസ് ശ്രമിച്ചത് എന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. നമോഭാരത് ട്രെയിന്‍ ഉദ്ഘാടന വേദിയിലായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. (PM Modi Slams Congress’ Shirtless Protest)
ഒരു ആഗോള വേദിയെ വൃത്തികെട്ട രാഷ്ട്രീയത്തിനുള്ള വേദിയാക്കി കോണ്‍ഗ്രസ് മാറ്റിയെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. നിങ്ങള്‍ നഗ്നരാണെന്ന് അല്ലെങ്കിലും ഈ രാജ്യത്തിന് അറിയാം. വസ്ത്രം അഴിച്ചുമാറ്റേണ്ട കാര്യമില്ല – അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രപരമായ തകര്‍ച്ചയുടെ പ്രതിഫലനമാണിതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി സ്വന്തം രാജ്യത്തെ കോണ്‍ഗ്രസ് അപകീര്‍ത്തിപ്പെടുത്തിയെന്നും കുറ്റപ്പെടുത്തി. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതിനുപകരം ഇന്ത്യയെ അപമാനിക്കുന്നവരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രശംസിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹി പ്രതിഷേധത്തിന് ശേഷം കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ അവരില്‍ നിന്ന് അകലം പാലിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Also: ജാമ്യ ഉത്തരവ് കേസിനെ ബാധിക്കും; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യത്തിനെതിരെ എസ്ഐടി
ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് എതിരെ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്ത് വന്നിരുന്നു. രാജ്യത്തിന് നാണക്കേടാകുന്ന പ്രതിഷേധം ഒഴിവാക്കണമെന്നായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം.
പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡല്‍ഹി പട്യാല ഹൗസ് കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നേപ്പാളിലെ ജെന്‍സി പ്രക്ഷോഭത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നടത്തിയ പ്രതിഷേധമെന്ന് പൊലീസ് കോടതിയില്‍ ആരോപിച്ചു.
ഉച്ചകോടിയിലെ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി രാജ്യവ്യാപകമായി പ്രതിഷേധം കടുപ്പിക്കുകയാണ്.
Story Highlights : PM Modi Slams Congress’ Shirtless Protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




