മോഷണകുറ്റം ആരോപിച്ച് അപമാനിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി
മോഷണകുറ്റം ആരോപിച്ച് അപമാനിച്ചതിൽ മനംനൊന്ത് കാസർഗോഡ് യുവതി ജീവനൊടുക്കിയെന്ന് പരാതി. നാലത്തടുക്ക സ്വദേശി ജസീലയുടെ മരണത്തിലാണ് ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. അയൽവാസിയായ കുടുംബത്തിനെതിരെയും പൊലീസിനെതിരെയും ആരോപണം. കുറ്റം അടിച്ചേൽപ്പിക്കാൻ പൊലീസ് ശ്രമിച്ചെന്നും വനിതാ പൊലീസില്ലാതെ ചോദ്യം ചെയ്തെന്നുമാണ് പരാതി.
വ്യാജ മോഷണകുറ്റം ആരോപിച്ച് ജസീലയെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും വനിതാ പൊലീസില്ലാതെ ചോദ്യം ചെയ്തെന്നും പരാതിയിൽ പറയുന്നു. മരണത്തിന് മുമ്പ് നേരിട്ട മാനസിക പീഡനത്തെ കുറിച്ച് ജസീല വിവരിക്കുന്ന വീഡിയോ പുറത്തു വന്നു. ഭർതൃ വീടിന് സമീപത്തെ അയൽവാസിയുടെ വീട്ടിൽ നിന്നാണ് സ്വർണമാല മോഷണം പോയത്. സംഭവത്തിൽ ഭർതൃ കുടുംബവും ജസീലക്കെതിരെ നിന്നു എന്ന് ജസീലയുടെ കുടുംബം ആരോപിച്ചു.
‘ചെയ്യാത്ത തെറ്റിന്റെ പേരിൽ കുറേ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. സ്വർണം ഞാനെടുത്തിട്ടുപോലുമില്ല. സത്യം ആരും വിശ്വസിക്കുന്നില്ല. റിട്ടൺ കംപ്ലെയിന്റ് കൊടുക്കാൻ പൊലീസുകാർ സമ്മതിക്കുന്നില്ല. അവർ എന്റെ ഭാഗത്താണ് തെറ്റെന്ന് പറയുന്നു’ ജസീല വീഡിയോയിൽ പറയുന്നു.
ബോവിക്കാനം സ്വദേശിയായ ഒരു യുവാവുമായി ജസീല സൗഹൃദം സ്ഥാപിച്ചിരുന്നു. യുവാവിന്റെ വീട്ടിൽ ജസീല നിരന്തരം പോയിരുന്നു. ഒരു ദിവസം ജസീല അവിടെ താമസിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ജസീല ഒമ്പത് പവൻ സ്വർണം മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവും യുവാവിന്റെ മാതാവും പൊലീസിനെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തത്. തുടർന്ന് ജസീല കുറ്റക്കാരിയല്ലെന്ന് പൊലീസ് മനസിലാക്കി പ്രാഥമിക അന്വേഷണത്തിനായി മാറ്റുകയായിരുന്നു.
കേസിന്റെ കാര്യം ഭർതൃ വീടിന്റെ ഭാഗത്ത് വ്യാപകമായി പ്രചരിച്ചു. ഇതാണ് ജസീലയുടെ മാനസിക വിഷമത്തിന് കാരണമായത്. ഒരാഴ്ച മുൻപ് ജസീല സ്വന്തം വീട്ടിലേക്ക് തിരികെയെത്തി. തുടർന്ന് വീഡിയോ ചിത്രീകരിക്കുകയും വിഷം കഴിക്കുകയുമായിരുന്നു. 20ന് രാത്രിയോടെ ജസീല മരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വീഡിയോ പുറത്തുവന്നത്. ജസീലയുടെ കുടുംബത്തിന്റെ പരാതിയിൽ വിദ്യാനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056
Story Highlights : Woman ends life after being accused of theft, insulted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




