ചെങ്കോട്ടുകോണത്ത് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത സ്‌കൂള്‍ ബസുകള്‍ കത്തിനശിച്ചു; അട്ടിമറിയെന്ന് സംശയം
തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ വന്‍ തീപിടുത്തം. തുണ്ടത്തില്‍ ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസുകള്‍ക്കാണ് തീപിടിച്ചത്. മൂന്ന് സ്‌കൂള്‍ ബസുകള്‍ പൂര്‍ണമായി കത്തിനശിച്ചു. ബസ് ആരോ കത്തിച്ചതായി സംശയിക്കുന്നതായി സ്‌കൂള്‍ സെക്യൂരിറ്റി ട്വന്റിഫോറിനോട് പറഞ്ഞു. ഫയര്‍ ഫോഴ്‌സെത്തി തീ നിയന്ത്രണ വിധേയമാക്കി. ( trivandrum scottish school buses catches fire)
ടെമ്പോ ട്രാവലര്‍ മറ്റ് ബസുകളിലേക്ക് ഇടിച്ചുകയറിയ നിലയിലാണെന്നും ഇതാണ് അട്ടിമറി സംശയിക്കാന്‍ കാരണമെന്നുമാണ് സ്‌കൂള്‍ സെക്യൂരിറ്റി പറയുന്നത്. മൂന്ന് ബസുകള്‍ പൂര്‍ണമായും ഒരു ബസ് ഭാഗികമായും കത്തി. ആകെ അഞ്ച് വാഹനങ്ങളാണ് പാര്‍ക്ക് ചെയ്തിരുന്നത്. ചാക്കയില്‍ നിന്നും കഴക്കൂട്ടത്തുനിന്നും ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളെത്തി അരമണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചത്.
Read Also: ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന 232 വെബ്‌സൈറ്റുകള്‍ നീക്കം ചെയ്തു; ദുബായ് പൊലീസ്
ബസുകള്‍ പാര്‍ക്ക് ചെയ്തിരുന്നതിന്റെ മറുവശത്ത് പാര്‍ക്ക് ചെയ്തിരുന്ന ട്രാവലര്‍ ആരാണ് ഓടിച്ച് ബസുകളില്‍ ഇടിപ്പിച്ചതെന്ന് അറിയില്ലെന്നും സെക്യൂരിറ്റി പറയുന്നു. മറുവശത്ത് നിന്ന് ട്രാവലര്‍ എങ്ങനെ ബസുകള്‍ക്ക് സമീപമെത്തി എന്നത് ദുരൂഹമാണ്. ഗ്രൗണ്ടിലെ ദൃശ്യങ്ങള്‍ വ്യക്തമാകുന്ന സിസിടിവി ഇല്ലാത്തതും അന്വേഷണത്തെ ദുഷ്‌കരമാക്കുന്നുണ്ട്. അട്ടിമറി സംഭവിച്ചതായി നാട്ടുകാരും സ്‌കൂള്‍ അധികൃതരും സംശയിക്കുന്നുണ്ട്.
Story Highlights : trivandrum scottish school buses catches fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




