വലിയങ്ങാടി അപകടം; കെട്ടിടം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയത് 2024ൽ
കോഴിക്കോട് വലിയങ്ങാടിയിൽ സ്ലാബ് തകർന്നുവീണ കെട്ടിടം അപകടാവസ്ഥയിലാണെന്ന് 2024ൽ കണ്ടെത്തിയത്. കെട്ടിടം അപകടാവസ്ഥയിലെന്ന് കോർപറേഷൻ എഞ്ചിനിയറിംഗ് വിഭാഗം റിപ്പോർട്ട് നൽകിയതിന്റെ രേഖകൾ ട്വന്റിഫോറിന് ലഭിച്ചു. കോർപറേഷൻ എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ റിപ്പോർട്ട് അനുസരിച്ച് കെട്ടിടം പുനർലേലം ചെയ്യരുതെന്ന് 2025 ഫെബ്രുവരിയിൽ ധനകാര്യ കമ്മറ്റി തീരുമാനിച്ചു. ഈ തീരുമാനം അട്ടിമറിച്ചാണ് കടമുറികൾ വാടകക്ക് നൽകിയതെന്ന് പ്രതിപക്ഷം. റവന്യൂ വിഭാഗത്തിന്റെ അറിവോടെയാണ് കെട്ടിടം പൊളിക്കൽ വൈകിപ്പിച്ചതെന്ന് കൗൺസിലർ കെ സി ശോഭിത ആരോപിച്ചു.
2024ൽ കോർപറേഷൻ എഞ്ചിനിയറിംഗ് വിഭാഗം കെട്ടിടം അൺഫിറ്റ് ആണെന്ന് കണ്ടെത്തി ധനകാര്യ വിഭാഗത്തിന് റിപ്പോർട്ട് നൽകിയത്. അതേസമയം ആരോപണങ്ങൾക്ക് മറുപടിയുമായി കോഴിക്കോട് കോർപറേഷൻ മേയർ ഒ സദാശിവൻ ഇന്ന് മാധ്യമങ്ങളെ കാണും. അപകടത്തിൽ നാല് പേർക്കാണ് ജീവൻ നഷ്ടമായത്. സ്ലാബ് തകർന്ന് മരിച്ച അത്തോളി സ്വദേശികളായ ബഷീറിന്റെയും , അഷറഫിന്റെയും ഖബറടക്കം ഇന്ന് നടക്കും. പോസ്റ്റുമോർട്ടം നടപടികൾക്കായി ഇരുവരുടെയും മൃതദേഹം ബീച്ച് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
Read Also: വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
കോർപ്പറേഷന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇന്ന് കോർപ്പറേഷൻ ഓഫീസിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മാർച്ച് നടത്തും. മരിച്ചവരോടുളള ആദരസൂചകമായി നാളെ രാവിലെ 10 മണി വരെ അത്തോളിയിൽ കടകൾ അടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.
Story Highlights : Collapsed building in Valiyangadi was found to be in dangerous condition in 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




