ആരോഗ്യമന്ത്രിക്കെതിരായ വധശ്രമം: അഞ്ച് കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ
കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ ആക്രമണം ഉണ്ടായ സംഭവത്തിൽ പിടിയിലായ 5 കെഎസ് യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുൽ, അക്ഷയ് ,ബിതുൽ ബാലൻ, മുബാസ് , അഹമ്മദ് യാസീൻ എന്നിവരെ ആണ് റിമാൻഡ് ചെയ്തത്. മാർച്ച് 12 വരെയാണ് റിമാൻഡ്.
മന്ത്രി വീണാ ജോര്‍ജിനെ മാരകായുധം കൊണ്ട് വധിക്കാന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആറിലെ ആരോപണം. കൊല്ലടാ എന്ന് ആക്രോശിച്ച് പ്രതികള്‍ പാഞ്ഞടുത്തു. മാരകായുധം കൊണ്ട് കഴുത്തിന് ആക്രമിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. മന്ത്രിയുടെയും ഗണ്‍മാന്‍ അഭിലാഷ് എംഎസിന്റെയും പരാതിയിലാണ് നടപടി.
കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി കെ എസ് യു പ്രവര്‍ത്തകരായ അഞ്ച് പ്രതികള്‍ റെയില്‍വേ സ്റ്റേഷനില്‍ അതിക്രമിച്ചുകയറി കരിങ്കൊടി കാണിച്ച് മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു. കൊല്ലടാ എന്ന് ആക്രോശിച്ചുകൊണ്ട് എന്തോ മാരകായുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചു. തടയാന്‍ ശ്രമിച്ച പരാതിക്കാരനെ കൈകൊണ്ട് അടിക്കുകയും തടഞ്ഞ് വെക്കുകയും ചെയ്തു. പരാതിക്കാരന്റെയും മന്ത്രിയുടെയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു – എഫ്‌ഐആറില്‍ പറയുന്നു.
കഴുത്തിനും കൈയ്ക്കും പരുക്കേറ്റ മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെ പരിയാരം മെഡിക്കല്‍ കോളജില്‍ നടത്താനാണ് തീരുമാനം. നേരത്തെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മന്ത്രിയെ വിദഗ്ധ സംഘം പരിശോധിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധ സംഘം തന്നെയാണ് പരിശോധിച്ചത്. കഴുത്തിന് ക്ഷതമെന്നും വിദഗ്ധ പരിശോധന വേണമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. എംആര്‍ഐ സ്‌കാനിംഗിനും നിര്‍ദേശിച്ചു. പിന്നാലെയാണ് പരിയാരത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
അതേസമയം, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരെ കെഎസ്‌യുവിന്റെ കൈവിട്ട പ്രതിഷേധം അരങ്ങേറിയത്. സുരക്ഷാജീവനക്കാരെ മറികടന്ന് പ്രവര്‍ത്തകര്‍ കെഎസ്യു പ്രവര്‍ത്തകര്‍, മന്ത്രിയുടെ അടുത്തെത്തുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ മന്ത്രിയെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോട് മന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചു. സ്പീക്കര്‍ എ എന്‍ ഷംസീറും റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്നു. വീണാ ജോര്‍ജിന് നേരെ ഇന്ന് പ്രതിപക്ഷയുവജന സംഘടനകള്‍ കണ്ണൂരിലെ വിവിധയിടങ്ങളില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു.
Story Highlights : Five ksu workers remanded after attack on health minister veena george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




