Advertisement

‘KSU പ്രവർത്തകരെ വെല്ലുവിളിച്ച് അടുത്ത്ചെന്നത്‌ ആരോഗ്യമന്ത്രി, പറയുന്നത് പച്ചക്കള്ളം’; സ്പീക്കർക്ക് ഗൂഢാലോചനയിൽ പങ്ക്, വി.ഡി സതീശൻ

February 26, 2026
Google News 1 minute Read
v d satheesan

പ്രതിഷേധ പ്രകടനം നടത്തിയ ഒരു കെഎസ്‌യു പ്രവർത്തകനും ആരോഗ്യമന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വെല്ലുവിളിച്ചു കൊണ്ട് പ്രവർത്തകർക്ക് നേരെ വന്നത് മന്ത്രിയാണ്. പൊലീസും ആരോഗ്യമന്ത്രിയും തമ്മിലാണ് ഉന്തും തള്ളും ഉണ്ടായത്. കെഎസ്‌യു പ്രവർത്തകരുടെ അടുത്തേക്ക് പാഞ്ഞുപോയ മന്ത്രിയെ തടഞ്ഞത് പൊലീസുകാരാണ്. വനിതാ പൊലീസ് ഉൾപ്പടെയുള്ളവർ വളരെ പണിപ്പെട്ടിട്ടാണ് വീണാ ജോർജിന്റെ രോക്ഷം അടക്കിയതെന്ന് വി ഡി സതീശൻ പറഞ്ഞു.

സംഭവം കഴിഞ്ഞ് മാധ്യമപ്രവർത്തകരോട് കുശലം പറഞ്ഞതിന് ശേഷമാണ് മന്ത്രി മൂന്നാമത്തെ പ്ലാറ്റ് ഫോമിലേക്ക് പോയത്. അവിടെ എത്തി സ്പീക്കർ എ എൻ ഷംസീറുമായി കൂടിയാലോചിച്ചാണ് പരുക്കേറ്റു എന്ന് മന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിക്കുമ്പോൾ പോലും കെഎസ്യുക്കാർ ആക്രമിച്ചതായി മന്ത്രി പറയുന്നില്ല അതിന്റെ എല്ലാ തെളിവുകളും ഉണ്ട്. റെയിൽവേ പൊലീസ് ദൃശ്യങ്ങൾ പരിശോധിച്ചിട്ടും ഒരു തെളിവ് പോലും പ്രവർത്തകർക്കെതിരെ ഇല്ലെന്നാണ് പറഞ്ഞത്. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ സമീപത്ത് പോലും എത്തിയിട്ടില്ല വി ഡി സതീശൻ കൂട്ടിച്ചേർത്തു.

മന്ത്രിയുടെ കൈയിലുണ്ടായി എന്ന് പറയപ്പെടുന്ന പരുക്ക് ഇതിനുമുൻപും അവരുടെ കൈയിൽ ഉണ്ടായിരുന്നു എന്നതുള്ളതാണ് വാസ്തവം. സ്‌പീക്കറെ പോലുള്ളൊരാൾ മന്ത്രിയെ ആക്രമിച്ചെന്ന് പറഞ്ഞുകൊണ്ട് ഗൂഢാലോചനയുടെ ഭാഗമായത് വളരെ മോശമാണ്. ആരോഗ്യമന്ത്രി തട്ടിവിട്ട പച്ചക്കള്ളത്തിന്റെ പേരിൽ വ്യാപകമായി കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയും കോൺഗ്രസിന്റെ ഓഫീസുകൾ ആക്രമിക്കുകയും പുതുയുഗ യാത്രയുടെ ഫ്‌ളെക്‌സ് ബോർഡുകൾ വരെ നശിപ്പിക്കുകയാണ്. ആരോഗ്യമന്ത്രി ഇല്ലാത്ത കള്ളകഥയുണ്ടാക്കി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ സർക്കാരിന് എതിരായിട്ടുള്ള പ്രശ്നങ്ങൾ വഴിമാറ്റിവിടാനായി മനഃപൂർവം നടത്തിയ ഗൂഢാലോചനയാണിത്. കാരണം പ്രതികൂട്ടിൽ നിൽക്കുന്നത് ആരോഗ്യമന്ത്രിയാണ്. എന്നാൽ വീണാ ജോർജ് ഇതുകൊണ്ടൊന്നും രക്ഷപ്പെടാൻ പോകുന്നില്ലെന്നും ജനങ്ങൾക്ക് മുന്നിൽ അവർ പ്രതിക്കൂട്ടിലാണ് നിൽക്കുന്നത്. കള്ളക്കഥകൾ പ്രചരിപ്പിച്ച് രക്ഷപ്പെടാൻ നോക്കണ്ട. ആടിനെ പട്ടിയാക്കുന്ന പ്രചരണങ്ങൾ നടത്തി മനഃപൂർവ്വം ആക്രമണം നടത്തുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.

അതേസമയം, ഇന്നലെ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത് പച്ചക്കള്ളമാണ് . ആരോഗ്യ മന്ത്രിയുടെ കഴുത്തും കൈയ്യും കെഎസ്‌യുക്കാർ ഞെരിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. എം വി ഗോവിന്ദനെപ്പോലെ പോലെ നുണ പറയുന്ന ആരെങ്കിലുമുണ്ടോ? എം വി ഗോവിന്ദൻ പാർട്ടി പ്രവർത്തകരെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നത് സെക്രട്ടറി നടത്തിയത് കലാപാഹ്വാനമാണെന്നും ഇതിനെതിരെ കേസെടുക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.

Story Highlights : VD Satheesan against the Health Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here