Advertisement

‘നമ്മള്‍ നോമ്പെടുത്ത് വെള്ളം കുടിക്കാതിരിക്കുകയാകും, പക്ഷേ പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്ക് കുടിവെള്ളം ഉറപ്പാക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്’; പാളയം ഇമാം

February 28, 2026
Google News 3 minutes Read
real kerala story palayam imam's on welcoming devotees to attukal pongala

ഭിന്നിപ്പിക്കാനുള്ള ഒറ്റപ്പെട്ട ശ്രമങ്ങള്‍ രാജ്യത്ത് നടക്കുമ്പോള്‍ അതിനെ സാഹോദര്യവും സ്‌നേഹവും കൊണ്ട് അതിജീവിക്കണമെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി. ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന പാളയം ഇമാമിന്റെ വാക്കുകള്‍ ഏറെ ചര്‍ച്ചയായതിന് പിന്നാലെ ട്വന്റിഫോറിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ വര്‍ഷങ്ങളിലും ആറ്റുകാല്‍ പൊങ്കാലയിടാനെത്തുന്നവര്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാറുണ്ട്. റമദാന്‍ മാസമായതിനാല്‍ നോമ്പിന്റെ ഉള്‍പ്പെടെ സാഹചര്യത്തിലാണ് താന്‍ ചില നിര്‍ദേശങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തതെന്ന് പാളയം ഇമാം പറഞ്ഞു. (real kerala story palayam imam’s on welcoming devotees to attukal pongala)

മുന്‍ വര്‍ഷങ്ങളിലും പൊങ്കാലയിടുന്നവര്‍ക്കായി മസ്ജിദുകളിലും വീടുകളിലും സൗകര്യങ്ങള്‍ ചെയ്യാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശുചിമുറികളും കമ്മ്യൂണിറ്റി ഹാളുകളും ഇവര്‍ക്കായി തുറന്നുനല്‍കാറുണ്ട്. റമാദില്‍ വേറൊരു ടൈം ടേബിള്‍ പിന്തുടരുന്നതിനാലാണ് ഇത്തവണ കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയത്. കൂടുതല്‍ സ്‌നേഹം പങ്കുവയ്‌ക്കേണ്ട മാസമായതിനാല്‍ കൂടുതല്‍ സൗകര്യം ചെയ്ത് കൊടുക്കണം.
നമ്മള്‍ നോമ്പെടുത്ത് വെള്ളം കുടിക്കാതിരിക്കുകയാകും. പക്ഷേ പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്ക് കുടിവെള്ളം ഉറപ്പാക്കണമെന്നാണ് താന്‍ പറഞ്ഞത്. ജാതിമതഭേദമില്ലാത്ത സാഹോദര്യത്തെക്കുറിച്ചുള്ള ശ്രീനാരായണ ഗുരുദര്‍ശനം ഉള്‍ക്കൊണ്ട് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താം. ഇസ്ലാമോഫോബിയ ലോകത്ത് ശക്തിപ്പെടുമ്പോള്‍ ഇസ്ലാമിക ജീവിതം നയിച്ചുകൊണ്ട് തന്നെ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും അതിനെ പരാജയപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: ത്രില്ലർപോരിൽ കിവീസിനെ കീഴടക്കി ഇംഗ്ലണ്ട്; സെമി പ്രതീക്ഷ നിലനിർത്തി പാകിസ്താൻ

തലസ്ഥാന നഗരിയുടെ ഉത്സവമായാണ് ഇപ്പോള്‍ പൊങ്കാല നടക്കുന്നതെന്നും അതിഥികളായ അവരെ നന്നായി സത്കരിക്കേണ്ടത് കടമയാണെന്നും പാളയം ഇമാം പറഞ്ഞു. ഇസ്ലാമിക വിശ്വാസപ്രകാരം മൂന്ന് ദിവസം നല്ലപോലെ സത്കരിക്കാനുള്ള ബാധ്യത ആതിഥേയര്‍ക്കുണ്ട്. അതിനാല്‍ അവരെ നല്ലതുപോലെ തന്നെ സ്വീകരിക്കുമെന്നും സാഹോദര്യത്തിന്റെ സന്ദേശത്തെ നല്ല രീതിയില്‍ ഏറ്റെടുത്ത ട്വന്റിഫോര്‍ അടക്കമുള്ള എല്ലാ മാധ്യമങ്ങള്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights : real kerala story palayam imam’s on welcoming devotees to attukal pongala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here