Advertisement

‘ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ല, കുടിവെള്ളത്തിൽ രാഷ്ട്രീയം കലർത്താൻ എൽഡിഎഫ് ആഗ്രഹിക്കുന്നില്ല’: മന്ത്രി റോഷി അഗസ്റ്റിൻ

5 days ago
Google News 1 minute Read

ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. പ്രശ്നം രൂപപ്പെട്ടത് മുതൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. ശിവൻകുട്ടിയുടെ കൂടി അഭിപ്രായം തേടി വാട്ടർ അതോറിറ്റി എം ഡി, ജോയിന്റ് എം ഡി എന്നിവരെ ഉൾപ്പെടുത്തി നിരവധി യോഗങ്ങൾ വിളിച്ചു ചേർത്തു. കോർപ്പറേഷനും വാട്ടർ അതോറിറ്റിയും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്.

തിരുവനന്തപുരം മേയറുമായി വിഷയം സംസാരിച്ചു. പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ കൺട്രോൾ തുറന്നിട്ടുണ്ട്. ഓരോ സെക്ഷൻ ഓഫീസും കേന്ദ്രീകരിച്ച് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. കുടിവെള്ളത്തിൽ രാഷ്ട്രീയം കലർത്താൻ എൽഡിഎഫ് ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം നഗരസഭാ പ്രദേശത്ത് കുടിവെള്ള വിതരണത്തിൽ ഈ വർഷം ചില വീഴ്ചകൾ ഉണ്ടായിട്ടുള്ളതായി സംശയിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് മേയർ വി.വി രാജേഷ് കത്ത് നൽകിയിരുന്നു. ഓരോ മേഖലയിലേക്കുമുള്ള വാൽവുകൾ തുറക്കുന്നതിൽ ഉൾപ്പെടെ ആസൂത്രിത ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായാണ് മേയർ കത്തിൽ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ 10 ദിവസത്തിനിടയിൽ നഗരത്തിലെ പല ഭാഗത്തും കുടിവെള്ളം ലഭ്യമാകാത്തതിന് പിന്നിൽ ബോധപൂർവ്വമായ വീഴ്ച ഉള്ളതായി സംശയിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഫെബ്രുവരി മാസത്തിൽ നടന്ന കുടിവെള്ള വിതരണവും ഈ വർഷം ഫെബ്രുവരി മാസത്തിൽ നടന്ന കുടിവെള്ള വിതരണവും താരതമ്യം ചെയ്യുമ്പോൾ ഇത് മനസിലാകുമെന്നും മേയർ പറയുന്നു.

വെള്ളയമ്പലം ഫിൽറ്റർ ഹൗസിലെ വാൽവ് നിയന്ത്രണത്തിലും മറ്റും വീഴ്ചകൾ ഉണ്ടായതായി അറിയുവാൻ കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ വാൽവ് നിയന്ത്രണത്തെ സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തേണ്ടതാണ്. ജനലക്ഷങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല അടുത്തിരിക്കുന്ന സാഹചര്യത്തിൽ കുടിവെള്ള വിതരണത്തിലെ ചെറിയ വീഴ്ചകൾ പോലും ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ സാഹചര്യങ്ങൾ സൃഷ്ടിക്കും.

അതിനാൽ ഫിൽറ്റർ ഹൗസിലെയും മറ്റും വാൽവ് നിയന്ത്രണം കൃത്യമായി മോണിറ്റർ ചെയ്യണമെന്നും ആവശ്യമെങ്കിൽ പൊലീസ് നിരീക്ഷണം ഉൾപ്പെടെ ഏർപ്പെടുത്തണമെന്നും കുടിവെള്ള വിതരണം സുഗമമാക്കണമെന്നും ആവശ്യപ്പെടുന്നെന്ന് മേയർ കത്തിൽ പറയുന്നു.

Story Highlights : roshy augustine on attukal pongala water issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here