Advertisement

മധ്യപൂർവേഷ്യയിലെ പ്രതിസന്ധി; ഗെയ്‌ലും ഇന്ത്യൻ ഓയിലും വ്യവസായ മേഖലക്കുള്ള LNG വിതരണം കുറച്ചു

5 days ago
Google News 2 minutes Read

മധ്യപൂർവേഷ്യയിലെ പ്രതിസന്ധിയെത്തുടർന്ന് ഗെയ്‌ലും ഇന്ത്യൻ ഓയിലും വ്യവസായ മേഖലയ്ക്ക് നൽകിയിരുന്ന എൽഎൻജി വിതരണം കുറച്ചു. ഖത്തർ എനർജി കമ്പനി എൽഎൻജി ഉത്പാദനം കഴിഞ്ഞ ദിവസം നിർത്തിയിരുന്നു. ഇതോടെയാണ് ഇന്ത്യയുടെ നീക്കം. അതേസമയം ഇന്ത്യയ്ക്ക് തടസ്സമില്ലാതെ ക്രൂഡ‍് ഓയിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആഗോള വിപണിയിൽ സൂക്ഷ്മ നിരീക്ഷണം നടത്തിവരികയാണ് സർക്കാർ.

ലോകത്തിലെ നാലാമത്തെ വലിയ എൽഎൻജി വാങ്ങുന്ന രാജ്യമായ ഇന്ത്യ, എൽഎൻജി ഇറക്കുമതിക്കായി മധ്യപൂർവേഷ്യയെയാണ് വലിയതോതിൽ ആശ്രയിക്കുന്നത്. അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ ഏറ്റവും വലിയ എൽഎൻജി ഉപഭോക്താവും ഖത്തർ എനർജിയുടെ രണ്ടാമത്തെ വലിയ ഉപഭോക്താവും ഇന്ത്യയാണ്. എന്നാൽ ഖത്തർ എനർജി എൽഎൻജി ഉത്പാദനം നിർത്തിയതിനെത്തുടർന്നാണ് ഗെയ്‌ലും ഇന്ത്യൻ ഓയിലും പ്രതിരോധനടപടി സ്വീകരിച്ചത്. ഇതിന്റെ ഭാ​ഗമായി വ്യവസായങ്ങളിലേക്കുള്ള ഗ്യാസ് വിതരണം കുറച്ചു. എൽഎൻജിയുടെ മുൻനിര ഇറക്കുമതിക്കാരായ പെട്രോനെറ്റ്, വിതരണത്തിൽ കുറവുണ്ടെന്ന് ഗെയ്‌ലിനെയും മറ്റ് കമ്പനികളെയും അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Read Also: ‘ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ട്, എണ്ണ വില ഉടന്‍ വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ല’; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി

അതേസമയം ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾ ആശങ്കകൾ ഉയർത്തിയിട്ടുണ്ടെങ്കിലും, സാഹചര്യം നേരിടാൻ ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ്ജ ശേഖരം ഉണ്ടെന്നാണ് ഊർജ മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യകതയുടെ പകുതിയും ഇറക്കുമതി ചെയ്യുന്നത് മധ്യപൂർവേഷ്യയിൽ നിന്നാണ്. എന്നാൽ ഇന്ത്യയിൽ ഏകദേശം 8 ആഴ്ചത്തേക്കുള്ള ക്രൂഡ് ഓയിൽ ശേഖരം ഉണ്ടെന്നാണ് വിവരം.

ഇതിനുപുറമെ 25 ദിവസത്തേക്കുള്ള പെട്രോൾ, ഡീസൽ ശേഖരവും ഇന്ത്യക്കുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അതിനാൽ ഇന്ത്യ സുരക്ഷിതരാണെന്നാണ് വിദഗ്ദ്ധാഭിപ്രായം. റഷ്യൻ എണ്ണ വാങ്ങുന്നതിനെതിരെ യുഎസ് സമ്മർദ്ദം വർദ്ധിപ്പിച്ചതോടെ യുഎസ്, കാനഡ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് ഇന്ത്യ വർധിപ്പിച്ചിരുന്നു. അതേസമയം മുൻ കരാറുകൾ പ്രകാരം ഇന്ത്യക്ക് റഷ്യയിൽ നിന്ന് എണ്ണ ലഭിക്കുന്നത് തുടരുന്നുണ്ടെന്നതും നിലവിൽ ആശ്വാസകരമാണ്.

Story Highlights : GAIL, Indian Oil cut gas supply to industries as Qatar halts LNG production

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here