യുദ്ധഭീതി; ഇറാനിലേക്ക് ഇസ്രയേൽ തൊടുത്തുവിട്ടത് 5000 ത്തിലധികം മിസൈലുകളും ഡ്രോണുകളും
ഇറാനിലേക്ക് ഇതുവരെ വിക്ഷേപിച്ചത് 5000 ത്തിലധികം മിസൈലുകളും ഡ്രോണുകളുമെന്ന് ഇസ്രയേൽ വ്യോമസേനയുടെ സ്ഥിരീകരണം. ഇറാനിലുടനീളം ആക്രമണം തുടരുകയാണ് ഇസ്രയേൽ. മധ്യപൂർവ്വേഷ്യയിലേക്ക് മധ്യസ്ഥതയ്ക്കായി പ്രത്യേക ദൂതനെ അയക്കുമെന്ന് ചൈന വ്യക്തമാക്കി.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സംഘർഷ സാഹചര്യത്തിൽ ഇറാനിയൻ സ്ഥാനപതിയെ തുർക്കി വിളിച്ച് വരുത്തി. അങ്കാറയിലെ ഇറാൻ അംബാസിഡറെ വിളിച്ച് വരുത്തി തുർക്കി പ്രതിഷേധം അറിയിച്ചു. തുർക്കി വ്യോമാതിർത്തിയിലേക്ക് ഇറാൻ ബാലിസ്റ്റിക് മിസൈൽ അയച്ചതിലാണ് പ്രതിഷേധം അറിയിച്ചത്. ബാലിസ്റ്റിക് മിസൈൽ കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ വച്ച് നാറ്റോ സേന തകർത്തിരുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം 20 ലധികം ഇറാനിയൻ കപ്പലുകൾ ആക്രമിക്കുകയോ തകർക്കുകയോ ചെയ്‌തെന്നാണ് അമേരിക്കയുടെ സെൻട്രൽ കമാൻഡിന്റെ അവകാശവാദം. ഇറാന്റെ സുലൈമാനി ക്ലാസ് യുദ്ധക്കപ്പലും ആക്രമിച്ചതായി അമേരിക്ക സ്ഥിരീകരിച്ചു.
അതേസമയം, ആഴ്ചകളോ അതിൽ കൂടുതലോ നീണ്ടുനിൽക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രവചിച്ച യുദ്ധം ആരംഭിച്ച് അഞ്ച് ദിവസത്തിനുള്ളിൽ ഇറാനിൽ 1,045 പേർക്കാണ് ജീവൻനഷ്ടമായത്.
Story Highlights : Israel fires more than 5,000 missiles and drones at Iran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




