‘വിവാഹത്തിന് മുന്‍പേ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവം; എന്റെ ഭാര്യ എന്നത് ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെ’?; എം വി ഗോവിന്ദന്‍
തളിപ്പറമ്പ് സീറ്റ് പികെ ശ്യാമളയ്ക്ക് നല്‍കിയതിനെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതിരോധം തീര്‍ത്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിവാഹത്തിന് മുന്‍പേ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവമാണെന്നും, തന്റെ ഭാര്യ എന്നത് ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെയെന്നും സംസ്ഥാന സമിതിയില്‍ എംവി ഗോവിന്ദന്‍ ചോദിച്ചു. (MV Govindan on controversy over giving the Taliparamba seat to PK Shyamala)
ശ്യാമളയെ സ്ഥാനാര്‍ഥിയായി നിര്‍ണയിച്ചതുമായി ബന്ധപ്പെട്ട് സൈബര്‍ രംഗത്തെ വിമര്‍ശനങ്ങള്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ചതിനായിരുന്നു മറുപടി. തന്റെ ഭാര്യ എന്നത് ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെ എന്ന് എംവി ഗോവിന്ദന്‍ ചോദിച്ചു. വിവാഹത്തിന് മുന്‍പേ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവമാണ്. തളിപ്പറമ്പില്‍ പുനരാലോചനയില്ലന്നും നേതൃത്വം വ്യക്തമാക്കി.
ജി സുധാകരനെ അനുനയിപ്പിക്കാനും ധാരണയായി. ജി സുധാകരന്റെ അതൃപ്തി മാറ്റണമെന്ന് സംസ്ഥാന സമിതി നിര്‍ദേശിച്ചു. നേതൃതലത്തില്‍ ഇടപെടല്‍ തുടരും.
നിയമസഭാ തിരഞ്ഞെടുപ്പിനുളള സിപിഎം സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപമായിട്ടുണ്ട്. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍നയിക്കുന്ന പട്ടികയില്‍ നല്ലൊരു ശതമാനവും നിലവിലുളള എംഎല്‍എമാരാണ്. പൊളിറ്റ് ബ്യൂറോയില്‍ നിന്ന് പിണറായി വിജയന്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് കെ.കെ.ശൈലജ, ടി.പി രാമകൃഷ്ണന്‍, കെ.എന്‍.ബാലഗോപാല്‍, പി.രാജീവ് എന്നിവരും സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്ന് വി.എന്‍.വാസവനും സജി ചെറിയാനും പി.എ
മുഹമ്മദ് റിയാസും മത്സരിക്കും. കാസര്‍കോട് ജില്ലയിലെ ഉദുമയില്‍ സി.എച്ച് കുഞ്ഞമ്പുവും തൃക്കരിപ്പൂരില്‍ വിപിപി മുസ്തഫയും മത്സരിക്കും. പ്രാദേശിക എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും തളിപ്പറമ്പില്‍ പി.കെ.ശ്യാമളയും തലശേരിയില്‍ കാരായി രാജനും തന്നെ മത്സരിക്കും. മട്ടന്നൂരില്‍ വി.കെ.സനോജും പേരാവൂരില്‍ കെ.കെ ശൈലജയും മത്സരിക്കും. വയനാട് മാനന്തവാടിയില്‍ ഒ.ആര്‍.കേളുവും ബത്തേരിയില്‍ വിശ്വനാഥനും സ്ഥാനാര്‍ത്ഥിയാകും. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണനും ബേപ്പൂരില്‍ മുഹമ്മദ് റിയാസും കൊയിലാണ്ടിയില്‍ കെ.ദാസനും സ്ഥാനാര്‍ത്ഥിയാകും. കൊടുവളളിയില്‍ സ്വതന്ത്ര പരീക്ഷണത്തിനാണ് ധാരണ.
മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ എം.കെ.സക്കീറും തവനൂരില്‍ കെ.ടി.ജലീലും മത്സരിക്കും. പെരിന്തല്‍മണ്ണ, മങ്കട നിലമ്പൂര്‍ സീറ്റുകളില്‍ പൊതു സ്വതന്ത്രനെയാണ് തേടുന്നത്. പാലക്കാട് ജില്ലയിലെ തൃത്താലയില്‍ മന്ത്രി എം.ബി.രാജേഷ് വീണ്ടും മത്സരിക്കും. ഷൊര്‍ണൂരില്‍ പി മമ്മിക്കുട്ടിയും ഒറ്റപ്പാലത്ത് പ്രേംകുമാറും മലമ്പുഴയില്‍ എ.പ്രഭാകരനും തുടരും. നെന്മാറയില്‍ കെ.പ്രേമനാണ് സ്ഥാനാര്‍ത്ഥി. ആലത്തൂരില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. ശശിയും ഇറങ്ങും. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്ന് അറിഞ്ഞശേഷം സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കും. സ്വതന്ത്രനാണ് പരിഗണന. തൃശൂര്‍ കുന്ദംകുളത്ത് എ.സി.മൊയ്തീനെ തന്നെ മത്സരിപ്പിക്കും. വടക്കാഞ്ചേരിയില്‍ സേവ്യര്‍ ചിറ്റിലപ്പളളിയും ഇരിങ്ങാലക്കുടയില്‍ ആര്‍.ബിന്ദുവും പുതുക്കാട് രാമചന്ദ്രനും തുടരും. മണലൂരില്‍ മുന്‍ മന്ത്രി സി. രവീന്ദ്രനാഥാണ് സ്ഥാനാര്‍ഥി.
എറണാകുളത്ത് തൃപ്പൂണിത്തുറയില്‍ കെ.എന്‍.ഉണ്ണികൃഷ്ണനാണ് സ്ഥാനാര്‍ത്ഥി. വൈപ്പിനില്‍ എം.പി ഷൈനിയും മത്സരിക്കും.ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറിന് സീറ്റില്ല. അരൂരില്‍ സിറ്റിങ്ങ് എം.എല്‍.എ ദലീമ തുടരും. പത്തനംതിട്ടയിലെ ആറന്മുളയില്‍ വീണാ ജോര്‍ജ് മൂന്നാം തവണയും മത്സരത്തിനിറങ്ങും. കൊല്ലം മണ്ഡലത്തില്‍ എസ്.ജയമോഹനാണ് സ്ഥാനാര്‍ത്ഥി. കുണ്ടറയില്‍ എസ്.എല്‍.സജികുമാര്‍ മത്സരിക്കും. മത്സരിക്കാനില്ലെന്ന് മുന്‍മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ സംസ്ഥാനസമിതിയില്‍ അറിയിച്ചു. സ്വതന്ത്രരുടെ കാര്യത്തില്‍ ജില്ലാ നേതൃയോഗങ്ങളോടെ അന്തിമ തീരുമാനമാകും. അടുത്ത വെളളിയാഴ്ചയോടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് ധാരണ.
Story Highlights : MV Govindan on controversy over giving the Taliparamba seat to PK Shyamala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




