Advertisement

അവയവ ദാതാവ് ജസ്‌ലിയയുടെ അപകട മരണം; കാറോടിച്ച യുവ ഡോക്ടർ ഒളിവിൽ, പ്രതിയുടെ പിതാവ് അറസ്റ്റിൽ

March 6, 2026
Google News 1 minute Read

അങ്കമാലിയിൽ വാഹനാപകടത്തിൽ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ, പ്രതിയുടെ പിതാവ് അറസ്റ്റിൽ. ജോർജ് മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ സിറിയക്കിനെ ഒളിപ്പിച്ചത്തിനാണ് അറസ്റ്റ്. ആറു ദിവസമായി അപകടം നടന്നിട്ടും പൊലീസ് പ്രതിയെ പിടികൂടിയിട്ടില്ലെന്ന് അപകടത്തിൽ മരിച്ച ജാസ്‍ലിയയുടെ കുടുംബം വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചു.

സാങ്കേതിക വിദ്യ ഇത്രയധികം വളര്‍ന്നിട്ടും പ്രതിയെ പിടികൂടാൻ എന്താണ് ഇത്ര താമസമെന്നും ജാസ്‍ലിയയുടെ അച്ഛൻ ജോണ്‍സണ്‍ ചോദിച്ചു. പ്രതി ഡോക്ടറാണ്. സമ്പന്ന കുടുംബമാണ് പ്രതിയുടേതെന്നാണ് അറിയാൻ കഴിഞ്ഞത്. സാധാരണക്കാരന്‍റെ സ്വപ്നങ്ങള്‍ക്ക് ഇവിടെ വിലയില്ലേയെന്നും ജാസ്‍ലിയയുടെ സഹോദരൻ ജാസിൻ ചോദിച്ചു.

അപകടത്തില്‍ പ്രതിക്കായി ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ പൊലീസ്. ഒളിവില്‍ കഴിയുന്ന പ്രതി ഡോ. സിറിയക്ക് വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നോട്ടീസ് പുറത്തിറക്കുന്നത്. സിറിയക്കിനായി പൊലീസ് വ്യാപകമായ തെരച്ചില്‍ നടത്തുന്നുണ്ട്. അതിരമ്പുഴക്ക് പുറമേ ഏലപ്പാറയിലെ ബന്ധുവീട്ടിലടക്കം ഇയാള്‍ക്കായി പരിശോധന നടത്തിയിട്ടുണ്ട്.

എടവനക്കാട് സ്വദേശിയായ ജസ്‌ലിയ അങ്കമാലി മോണിംഗ് സ്റ്റാര്‍ കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം സ്പോര്‍ട്സിലും മികവ് പുലര്‍ത്തിയ ജസ്‌ലിയ പാര്‍ട്ട്ടൈമായി ജോലി ചെയ്താണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. അങ്കമാലിയിലെ പിസാ വില്‍പ്പന ശാലയിലായിരുന്നു ജസ്‌ലിയ ജോലി ചെയ്തിരുന്നത്. ജോലിക്ക് പോയിരുന്നതിനാല്‍ കോളേജ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.

ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെല്‍ക് ജംഗ്ഷനില്‍ വെച്ച് ജസ്‌ലിയ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാര്‍ ഇടിച്ച് തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ജസ്‌ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.

Story Highlights : angamaly accident accused dr syriac father arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here