ടൂറിസ്റ്റ് ബസുകള്‍ കളറാകുമോ? കളര്‍ മാറ്റം ആലോചിക്കാവുന്നതാണെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍
ടൂറിസ്റ്റ് ബസുകളുടെ കളര്‍ മാറ്റം ആലോചിക്കാവുന്നതാണെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. കുട്ടികള്‍ ഉള്‍പ്പെടെ ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ബസിന്റെ പിന്നില്‍ ശ്രദ്ധമാറുന്ന ചിത്രങ്ങളൊന്നും വെക്കരുതെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
ഞാന്‍ കളര്‍ഫുള്‍ ആയിട്ട് പോകണമെന്ന് ആഗ്രഹിക്കുന്നയാളാണ്. ഉല്ലാസ യാത്ര പോകാനാണ് വണ്ടി. കുഞ്ഞുങ്ങളൊക്കെ എന്നെക്കാണുമ്പോള്‍ വെള്ള മാറ്റണമെന്നും നല്ല കളറടിക്കണമെന്നുമൊക്കെ പറയാറുണ്ട്. ഒരാള്‍ ചോദിച്ചു കളര്‍ മാറ്റുമോ എന്ന്. ഞാന്‍ മാറ്റുമെന്ന് പറഞ്ഞു. ആ പ്രതികരണം പിന്നീട് ഒരു ആരോപണമായി വന്നു. അങ്ങനെ അതില്‍ നിന്ന് പിന്മാറിയതാണ്. അല്ലെങ്കില്‍ അന്നേ മാറ്റിയേനെ – അദ്ദേഹം പറഞ്ഞു.
ബസിന്റെ പിന്നില്‍ ശ്രദ്ധമാറുന്ന ചിത്രങ്ങളൊന്നും വെക്കരുതെന്ന് മന്ത്രി പറഞ്ഞു. ഡിസ്ട്രാക്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ വെക്കരുത്. അങ്ങനെ ചെയ്താല്‍ പുറകില്‍ വരുന്ന ഡ്രൈവര്‍മാരുടെ ശ്രദ്ധമാറും. ഗ്ലേസിങ് ഉള്ള പെയ്ന്റടിക്കാന്‍ പാടില്ല – അദ്ദേഹം പറഞ്ഞു.
പാലക്കാട് വടക്കഞ്ചേരിക്കടുത്തുണ്ടായ ഒരു അപകടത്തെ തുടര്‍ന്നാണ് ടൂറിസ്റ്റ് ബസുകളുടെ കളര്‍മാറ്റിയത്. എന്നാല്‍ വെള്ള പെയ്ന്റടിച്ചാല്‍ അപകടം ഇല്ലാതാകുമോ എന്ന തരത്തില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
Story Highlights : Changing the color of tourist buses; KB Ganesh Kumar give positive sign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




