‘ഇറാനെ ഇല്ലാതാക്കാന്‍ നിങ്ങളെക്കാള്‍ ശക്തര്‍ വിചാരിച്ചാലും കഴിയില്ല, സ്വയം ഇല്ലാതാകാതെ നോക്കിക്കോ’; ട്രംപിന് മറുപടിയുമായി ഇറാന്‍
ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം തടഞ്ഞാല്‍ 20 മടങ്ങ് അധികം ശക്തമായ ആക്രമണം ഇറാന്‍ നേരിടേണ്ടി വരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയ്ക്ക് മറുപടിയുമായി ഇറാന്‍. ട്രംപിന്റെത് പൊള്ളയായ ഭീഷണികളാണെന്ന് ഇറാന്റെ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി പറഞ്ഞു. ഇറാനിയന്‍ ജനത ട്രംപിന്റെ ഭീഷണികളെ ഭയപ്പെടരുതെന്നും ലാരിജാനി പറഞ്ഞു. ഇസ്രയേല്‍- അമേരിക്ക സംയുക്ത സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ അടുത്ത അനുയായി കൂടിയാണ് ലാരിജാനി. (Iran responds to Trump’s TWENTY TIMES HARDER threat)
ഇറാനെതിരെ ശക്തമായ ഭീഷണി മുഴക്കുന്ന ട്രൂത്ത് സോഷ്യല്‍ പോസ്റ്റിനാണ് ലാരിജാനിയുടെ മറുപടി. തങ്ങള്‍ ശക്തമായ ആക്രമണം നടത്തിയാല്‍ പിന്നീട് ഇറാന്‍ രണ്ടാമതൊന്ന് പുനര്‍നിര്‍മിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ നശിച്ചുപോകുമെന്നും അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടേ എന്ന് താന്‍ ആഗ്രഹിക്കുന്നു എന്നുമായിരുന്നു ട്രംപിന്റെ പോസ്റ്റ്. എന്നാല്‍ ഇതിലും വലിയ ആളുകള്‍ക്ക് പോലും ഇറാനെ തകര്‍ക്കാന്‍ കഴിയില്ലെന്ന് ലാരിജാനി തിരിച്ചടിച്ചു. നിങ്ങള്‍ ഒന്ന് സൂക്ഷിച്ചോ ഇറാനെ തകര്‍ക്കുന്നതിനിടെ സ്വയം തകരാതെ നോക്കൂ എന്നും ലാരിജാനി എക്‌സില്‍ കുറിച്ചിരുന്നു.
അതേസമയം ഇറാനുമായി ചര്‍ച്ച നടത്തിയേക്കുമെന്ന സൂചനയും ട്രംപ് ഇന്ന് നല്‍കിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും വ്യവസ്ഥകള്‍ പാലിച്ചാല്‍ അതിന് തയ്യാറെന്നുമാണ് ട്രംപിന്റെ നിലപാട്. ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയോടുള്ള തന്റെ അതൃപ്തിയും ഒരു അഭിമുഖത്തിനിടെ അദ്ദേഹം ആവര്‍ത്തിച്ചു. അദ്ദേഹത്തിന് സമാധാനത്തോടെ ജീവിക്കാന്‍ പറ്റുമെന്ന് താന്‍ കരുതുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഇറാനിലെ അമേരിക്കന്‍ സൈനിക നടപടി പ്രതീക്ഷയ്ക്കപ്പുറമായിരുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇറാന്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ട്രംപ് ഇന്ന് പ്രതികരിച്ചിരുന്നു.
Story Highlights : Iran responds to Trump’s TWENTY TIMES HARDER threat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




