സ്പീക്കര്‍ക്ക് ഓം ബിര്‍ലക്കെതിരായ അവിശ്വാസ പ്രമേയം ശബ്ദവോട്ടോടെ തള്ളി; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് അമിത് ഷാ
സ്പീക്കര്‍ക്ക് ഓം ബിര്‍ലക്കെതിരായ അവിശ്വാസ പ്രമേയം ശബ്ദവോട്ടോടെ തള്ളി. സ്പീക്കര്‍ സ്ഥാനത്തുനിന്ന് ഓം ബിര്‍ളയെ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. നോട്ടീസിനുള്ള മറുപടിയില്‍ പ്രതിപക്ഷത്തെയും രാഹുല്‍ ഗാന്ധിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശക്തമായ ഭാഷയില്‍ കടന്നാക്രമിച്ചു. സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. സ്പീക്കറെ സംശയിക്കുന്നത് ജനാധിപത്യത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. (Lok Sabha Rejects Opposition’s No-Confidence Motion Against Speaker Om Birla)
സഭയില്‍ സംസാരിക്കേണ്ട സമയത്ത് രാഹുല്‍ ഗാന്ധി ജര്‍മനിയിലായിരുന്നുവെന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം. അവിശ്വാസ പ്രമേയത്തെക്കുറിച്ച് രാഹുലിന് ഒന്നും പറയാനില്ലേ എന്നും അമിത് ഷാ ചോദിച്ചു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ഇത്തരം കാര്യങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുന്നത് അങ്ങേയറ്റം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ക്കെതിരെ നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇത്തരമൊരു പ്രമേയം വന്നിരിക്കുന്നത്. സഭ നടക്കേണ്ടത് ചട്ടങ്ങള്‍ അനുസരിച്ചാണ് അല്ലാതെ രാഷ്ട്രീയ പാര്‍ട്ടികളുടെ താത്പര്യങ്ങള്‍ നോക്കിയിട്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവിശ്വാസപ്രമേയം പ്രതിപക്ഷ നേതാവിനെതിരെയാണോ, സ്പീക്കര്‍ക്കെതിരെ ആണോ എന്നായിരുന്നു വിമര്‍ശനങ്ങളില്‍ കെ സി വേണുഗോപാലിന്റെ മറുചോദ്യം. സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്നായിരുന്നു പ്രതിപക്ഷ എംപിമാരുടെ ആരോപണം. പ്രതിപക്ഷ അംഗങ്ങളുടെ സംസാരം തടസപ്പെടുത്തുന്നത് പതിവാണെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.
Story Highlights : Lok Sabha Rejects Opposition’s No-Confidence Motion Against Speaker Om Birla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




