Advertisement

ദേശീയപാത ഉദ്ഘാടനം: ‘പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയത് കേരളത്തെ അപമാനിക്കൽ’; മന്ത്രി മുഹമ്മദ് റിയാസ്

March 11, 2026
Google News 2 minutes Read

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയത് കേരളത്തെ അപമാനിക്കലാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയ പാത യാഥാർഥ്യമാകാൻ കേരള സർക്കാരിന് റോൾ ഇല്ലെന്ന് പ്രചരിപ്പിക്കാൻ ആണെങ്കിൽ അത് വിജയിക്കില്ല. കേരള സർക്കാർ എന്ത്‌ ചെയ്തു എന്ന് ജനങ്ങൾക്ക് അറിയാമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. എന്‍എച്ച് 66 ആശ്വാസ പദ്ധതിയാണ്. ചരിത്രത്തിലാദ്യമായി ദേശീയപാത വികസനത്തിന് പണം ചെലവഴിക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ തയാറായി. മറ്റ് പദ്ധതികള്‍ക്കായി മറ്റിവെച്ച പണമാണ് ചെലവഴിച്ചതെന്ന് മന്ത്രി പറഞ്ഞു.

പദ്ധതിയുടെ തുടക്കം മുതൽ മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പും ഇടപെട്ടു. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചു. വിവിധ പ​ദ്ധതികളുടെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്. ദേശീയ പാത ഉദ്​ഘാടനം മറ്റൊരു പരിപാടിയായിട്ട് നടത്തണമായിരുന്നു. ഉദ്ഘാടന ചടങ്ങിലേക്ക് കേന്ദ്രമന്ത്രിയുടെ ഓഫീസില്‍ നിന്ന് ക്ഷണം ഉണ്ടായില്ല. യുഡിഎഫ് കാലത്ത് മുടങ്ങിപ്പോയ പദ്ധതിയാണ് യാഥാര്‍ഥ്യമാക്കിയത്. പദ്ധതി നടപ്പിലാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് മന്ത്രി പറഞ്ഞു.

Read Also: ദേശീയപാത ഉദ്ഘാടനം: മുഖ്യമന്ത്രി പങ്കെടുക്കില്ല, പരിപാടി ബഹിഷ്കരിക്കാൻ സംസ്ഥാന സർക്കാർ

കേന്ദ്രം ജനാധിപത്യ മര്യാദ കാണിച്ചില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. ദേശീയപാത കേരളത്തിന്റെ നേട്ടമല്ലെന്ന് സ്ഥാപിക്കാൻ ഉള്ള ശ്രമമാണിത്. ബി ജെ പി സംസ്ഥാന അധ്യക്ഷ്യനെ എന്തടിസ്ഥാനത്തിൽ ആണ് വേദിയിൽ എത്തിയത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്നുണ്ടോ എന്ന് അറിയില്ല. പ്രതിഷേധം എങ്ങിനെ നടത്തണമെന്ന് കൂട്ടായി ആലോചിക്കും. കേരളത്തിന്റെ നിലപാടിനെ പ്രശംസിച്ച കേന്ദ്രമന്ത്രി നിധിൻ ഘട്കാരിയും പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു.

ദേശീയപാത കേരളത്തിൽ മരണപ്പെട്ട പദ്ധതിയായിരുന്നു. ഇടത് സർക്കാർ ആണ് പദ്ധതി പുനരുജ്ജീവിപ്പിച്ചത്. പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കി ബിജെപി സംസ്ഥാന അധ്യക്ഷനെ ഉദ്ഘാടനച്ചടങ്ങിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ബിജെപി അധ്യക്ഷനെ വിളിക്കുന്നുണ്ടെങ്കിൽ മറ്റ് രാഷ്ട്രീയ പാർട്ടി നേതൃത്വം വഹിക്കുന്നവരെയും വിളിക്കണ്ടേയെന്ന് മന്ത്രി ചോ​ദിച്ചു. കേരളത്തിൻ്റെ അവകാശമാണ് ഇത്തരം ഉദ്ഘാടന പരിപാടിയിൽ മന്ത്രി പങ്കെടുക്കുക എന്നത്. അത് റിയാസ് ആണെങ്കിലും മറ്റ് ആരാണെങ്കിലും. ജനാധിപത്യത്തിലെ മര്യാദകൾ പാലിക്കണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Story Highlights : Minister Muhammed Riyas says excluding PWD from NH 66 inauguration was insult to Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here