‘2016ൽ പിണറായി സർക്കാർ വന്നതിനു ശേഷമാണ് ദേശീയപാത വികസനത്തിന് ജീവൻ വെച്ചത്’; മന്ത്രി പി.എ. മുഹമ്മദ് റിയാസ്
2016ൽ പിണറായി സർക്കാർ വന്നതിനു ശേഷമാണ് ദേശീയപാത വികസനത്തിന് ജീവൻ വെച്ചതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അതിനു മുമ്പ് മരണപെട്ട പദ്ധതിയായിരുന്നു. സംസ്ഥാന സർക്കാർ ഇടപെടൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി തന്നെ അഭിനന്ദിച്ചതാണ്. ഉദ്ഘാടനം എല്ലാവരെയും പങ്കെടുപ്പിക്കേണ്ടതാണ്, അതുണ്ടായില്ലെന്നും മന്ത്രി വിമർശിച്ചു.
പകരം ബിജെപി സംസ്ഥാന അധ്യക്ഷനെ പങ്കെടുപ്പിച്ചു. ഇതിൽ ന്യായം എന്താണ്. കേരള സർക്കാരിനെ ജനം തിരഞ്ഞെടുത്തതാണ്. വയനാട് പദ്ധതി ഉദ്ഘാടനത്തിൽ സ്ഥലം എംഎൽഎയെ പ്രസംഗിപ്പിച്ചത് മര്യാദയുടെ പേരിലാണ്. ഈ ഉദ്ഘാടനത്തിൽ ആ മര്യാദ ഉണ്ടായില്ല
ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയ നടപടി സംസ്ഥാനത്തോടുള്ള അപമാനം. ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത രീതിയിലാണ് കേന്ദ്ര സർക്കാർ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ കൂടി പണം മുടക്കി നടപ്പിലാക്കിയ പദ്ധതിയുടെ ക്രെഡിറ്റ് ഒറ്റയ്ക്ക് തട്ടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
പദ്ധതിയുടെ ഭാഗമായവർ ചടങ്ങിൽ പങ്കെടുക്കുക എന്നത് കേരളത്തിന്റെ അവകാശമാണ്. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ വലിയ തുക നൽകിയത് സംസ്ഥാന സർക്കാരാണ്. എന്നാൽ തന്നെ ചടങ്ങിൽ നിന്ന് മനഃപൂർവ്വം ഒഴിവാക്കി. ഒരു വികസന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ എന്ത് അടിസ്ഥാനത്തിലാണ് വേദിയിലിരിക്കുന്നത്? വികസന പദ്ധതിയെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയിരിക്കുകയാണ്.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പരിപാടിയിൽ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. ദേശീയപാത വികസനത്തിൽ കേരളത്തെ പലതവണ പ്രകീർത്തിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. എൽഡിഎഫ് സർക്കാർ ഇല്ലായിരുന്നെങ്കിൽ ഈ പദ്ധതി തന്നെ മുടങ്ങിപ്പോകുമായിരുന്നു. കേരളത്തിന്റെ നേട്ടമല്ല എന്ന് വരുത്തിത്തീർക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നതെന്ന് മന്ത്രി റിയാസ് വിമർശിച്ചു.
Story Highlights : mohammed riyas against bjp on road inaguaration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




