Advertisement

‘വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തത് അനധികൃതമായി’; ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീൽ നോട്ടീസ്

March 13, 2026
Google News 1 minute Read

തിരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്താണെന്ന് പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീൽ നോട്ടീസ്. പത്തനംതിട്ട ജില്ലാ കോടതിയിലും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി. ശ്രീനാദേവി കുഞ്ഞമ്മ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തത് അനധികൃതമായിട്ടെന്നാണ് പരാതി. റേഷൻ കാർഡിൽ പേര് ഉണ്ടെന്നു പറഞ്ഞായിരുന്നു ശ്രീനാദേവി വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തത്. കൊല്ലം സ്വദേശിയായ ശ്രീനാദേവിക്ക് പത്തനംതിട്ട ജില്ലയിൽ വിലാസം ഇല്ല.

വ്യാജ വിവരങ്ങൾ നൽകിയെന്ന പരാതിയിൽ റേഷൻ കാർഡ് റദ്ദാക്കിയ നടപടിക്കെതിരെ പ്രതികരിച്ച് കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ രംഗത്തെത്തി. കേരളത്തിൽ റേഷൻ ആനുകൂല്യങ്ങൾ ലഭിക്കാത്ത ഒരേയൊരു ജനപ്രതിനിധിയായി തന്നെയൊന്ന് പ്രഖ്യാപിച്ചു തരണമെന്ന് മുഖ്യമന്ത്രിയോടും സിവിൽ സപ്ലൈസ് വകുപ്പിനോടും അവർ പരിഹാസരൂപേണ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

‘ബഹു. കേരള മുഖ്യമന്ത്രിയോടും CPI യുടെ സിവിൽ സപ്ലൈസ് വകുപ്പിനോടുംകേരളത്തിൽ റേഷൻ കിട്ടാത്ത ഒരേയൊരു ജനപ്രതിനിധിയായി എന്നെ പ്രഖ്യാപിക്കണം എന്ന് അപേക്ഷ’- എന്നാണ് ശ്രീനാദേവി കുഞ്ഞമ്മ കുറിച്ചത്.

തെറ്റായ വിവരങ്ങൾ നൽകി പേര് ചേർത്തു എന്ന ആരോപണത്തെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് റദ്ദാക്കാൻ ഉത്തരവിട്ടത്. തുവയൂർ സ്വദേശികൾ നൽകിയ പരാതിയെത്തുടർന്നാണ് ഇത്. ഇവരുടെ പേരുണ്ടായിരുന്ന റേഷൻ കാർഡ് പൂർണ്ണമായും റദ്ദാക്കാനും അധികൃതർ തീരുമാനിക്കുകയായിരുന്നു.

തുവയൂർ സ്വദേശിയായ യശോദ എസ്. പിള്ളയുടെ പേരിലായിരുന്നു റേഷന്‍ കാര്‍ഡ്. യശോദയുടെ മക്കളായ ശ്രീജിത്ത്, ശ്യാംജിത്ത്, സന്‍ജിത്ത് എന്നിവരാണ് ശ്രീനാദേവിക്കെതിരെ പരാതി നല്‍കിയത്. എസ്.ഐ.ആര്‍ നടപടിക്രമങ്ങള്‍ക്കിടെയാണ് ഈ വിഷയം അറിഞ്ഞത് എന്ന് പരാതിക്കാര്‍ പറയുന്നു. കാർഡ് ഉടമയുടെ ഭർതൃസഹോദരിയുടെ മകൾ എന്ന നിലയിലാണ് ശ്രീനാദേവി കുഞ്ഞമ്മ പേര് ചേർത്തതെങ്കിലും, കാർഡ് ഉടമയ്ക്ക് അങ്ങനെയൊരു ഭർതൃസഹോദരി ഇല്ലെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി.

Story Highlights : complaint against sreenadevi kunjamma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here