പണം നൽകുന്നവർക്ക് വെരിഫിക്കേഷൻ ബാഡ്ജ്; എക്സിന് പിഴയിട്ട് യൂറോപ്യൻ യൂണിയൻ; പുതിയ സംവിധാനം എത്തിക്കാൻ മസ്ക്
പണം നൽകുന്നവർക്ക് വെരിഫിക്കേഷൻ ബാഡ്ജ് നൽകുന്ന ഇലോൺ മസ്കിന്റെ എക്സ് പ്ലാറ്റ്ഫോമിനെതിരെ നടപടി. യൂറോപൻ യൂണിയനാണ് എക്സിന് വൻ പിഴ ഈടാക്കിയിരിക്കുന്നത്. 120 മില്യൺ യൂറോ(13.8 കോടി)യാണ് പിഴ ചുമത്തിയത്. ഡിജിറ്റൽ സർവീസസ് ആക്ട് പ്രകാരമാണ് നടപടി. പണം നൽകുന്നവർക്ക് വെരിഫിക്കേഷൻ നൽകുന്നതിലെ വിശ്വാസ്യത ചോദ്യം ചെയ്താണ് യൂറോപ്യൻ യൂണിയൻ പിഴ ചുമത്തിയത്.
ഐഡന്റിറ്റി സ്ഥിരീകരണമില്ലാതെ ഉപയോക്താക്കൾക്ക് ഒരു വെരിഫിക്കേഷൻ ബാഡ്ജ് വാങ്ങാൻ കഴിയുമെന്നതിനാൽ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് യൂറോപ്യൻ യൂണിയൻ നേരത്തെതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. 2022ലാണ് എക്സ് പ്ലാറ്റ്ഫോമിൽ പണം നൽകി വെരിഫിക്കേഷൻ ബാഡ്ജ് സ്വന്തമാക്കാനുള്ള സംവിധാനം മസ്ക് ഏർപ്പെടുത്തുന്നത്. ഈ മാറ്റം ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് യൂറോപ്യൻ യൂണിയൻ കണ്ടെത്തിയിട്ടുള്ളത്.
അതേസമയം യൂറോപ്യൻ രാജ്യങ്ങളിൽ പുതിയ സംവിധാനം ഏർപ്പെടുത്താൻ ആലോചനയിലാണ് മസ്ക്. വെരിഫിക്കേഷൻ ബാഡ്ജ് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ എക്സ് തന്നെ നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അടുത്ത ഘട്ടം തീരുമാനിക്കുന്നതിന് മുമ്പ് യൂറോപ്യൻ കമ്മീഷൻ ആ നിർദ്ദേശങ്ങൾ അവലോകനം ചെയ്യുമെന്നാണ് റിപ്പോർട്ട്. പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ അധിക പിഴ ചുമത്താനാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം.
Story Highlights : Elon Musk’s X fined over deceptive blue ticks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




