Advertisement

ഇടുക്കിയിലെ പട്ടയ ഭൂമിയിലെ നിർമാണ നിരോധനം നീക്കി; ഭൂമി മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാം

March 13, 2026
Google News 2 minutes Read

ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയില്‍ നിര്‍മാണ നിരോധനം നീക്കി സര്‍ക്കാര്‍ തീരുമാനം. വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലയില്‍ ഭൂമി വിനിയോഗിക്കുന്നതിനുള്ള കേരള ഭൂമി പതിവ് ചട്ടത്തിന് അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പട്ടയ ഭൂമി വീടു നിര്‍മിക്കുന്നതിനും കൃഷി ചെയ്യുന്നതിനും പുറമേ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കുന്നതിനാണ് തീരുമാനമായത്. ഇതോടെ പതിച്ചു കൊടുത്ത ഭൂമിയില്‍ വീടു മാത്രമല്ല മറ്റുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പട്ടയ ഉടമകള്‍ക്ക് സാധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

5000 ചതുരശ്ര അടിവരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സൗജന്യമായും 5000 – 10000 വരെ ഭൂമിയുടെ ന്യായവിലയുടെ ഒരു ശതമാനവും, അതിനു മുകളിലുള്ള നിര്‍മിതികള്‍ക്ക് ഭൂമിയുടെ ന്യായവിലയുടെ 2 ശതമാനവും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വസ്തുവിന് ഭൂമിയുടെ ന്യായവിലയുടെ 5 ശതമാനവും ഈടാക്കി അനുമതി നല്‍കാമെന്നാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.

ഹൈറേഞ്ച് ജനതയുടെ ഏറെക്കാലമായുള്ള ആവശ്യമാണ് മന്ത്രിസഭ അംഗീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. 2010 മുതല്‍ നിന്നിരുന്ന അനിശ്ചിതത്വമാണ് ഇതോടെ അവസാനിക്കുന്നത്. നിലവില്‍ ഇത്തരം നിര്‍മിതികള്‍ ഉണ്ടായിരുന്നത് ക്രമവത്കരിക്കാന്‍ ചട്ടം ഉണ്ടാക്കിയിരുന്നു. പുതിയ ചട്ടം വന്നതോടു കൂടി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള അനുമതിയും ലഭ്യമാകും.

പതിച്ചു നല്‍കിയ ഭൂമി പതിവ് വ്യവസ്ഥകള്‍ക്കു വിരുദ്ധമായി ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടു കൊണ്ട് ചില സംഘടനകളും വ്യക്തികളും കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ണമായും നിശ്ചലമായ അവസ്ഥയിലായിരുന്നു. മന്ത്രിസഭയുടെ തീരുമാനം വന്നതോടെ ഹൈറേഞ്ചിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് വലിയ കുതിച്ചു ചാട്ടമുണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

Story Highlights : kerala government lifts construction ban on idukki land

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here