അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി; പ്രധാന പ്രതി ഉൾപ്പെടെ 4 പേർ കസ്റ്റഡിയിൽ, കൊല നടത്താൻ ഉപയോഗിച്ച വാഹനം പ്രതികൾ ഉപേക്ഷിച്ചു, പിന്നീട് സഞ്ചരിച്ചത് സ്വിഫ്റ്റ് കാറിൽ
കൊല്ലം കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതി ഉള്‍പ്പെടെ 4 പേര്‍ കസ്റ്റഡിയിലായി. പിടിയിലായവരിൽ 2 പേർ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ്. പ്രതികൾ സഞ്ചരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തതായി സിറ്റി പോലീസ് കമ്മീഷണർ ഹേമലത മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണം ആരംഭിച്ചിട്ടേയുള്ളുവെന്നും കമ്മീഷണർ വ്യക്തമാക്കി. ജില്ലാ അതിർത്തികളിൽ അന്വേഷണം ശക്തമാക്കും. ജില്ലയ്ക്ക് പുറത്തേക്കും അന്വേഷണം നടക്കും. എന്നാൽ പ്രതികളുടെ പേരുകൾ അവർ വ്യക്തമാക്കിയില്ല. കൊല നടത്താൻ ഉപയോഗിച്ച വാഹനം പ്രതികൾ ഉപേക്ഷിച്ചു. പിന്നീട് സഞ്ചരിച്ചത് സ്വിഫ്റ്റ് കാറിൽ. കാറിനു വേണ്ടി തിരുവനന്തപുരം ജില്ലയിൽ അന്വേഷണം വ്യാപിപ്പിച്ചു. പ്രതികൾ കടന്നു എന്ന് സംശയിച്ച വാഹനം എംവിഡി ക്യാമറയിൽ കുടുങ്ങിയെന്നും പൊലീസ് അറിയിച്ചു.
ഇന്നാണ് ജിം-സന്തോഷ് വധക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഒന്നാം പ്രതി അലുവ അതുലിനെയാണ്കാറിൽ പിൻതുടർന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അതുലിനൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതി മനുവിന് കൈയ്ക്ക് വെട്ടേറ്റു. കടത്തൂർ- വയനകം ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
ജിം സന്തോഷ് കൊലപാതകം നടന്ന് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് കേസിലെ ഒന്നാം പ്രതി അലുവ അതുലിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്. സന്തോഷ് വധകേസിൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവെയാണ് പുതിയകാവിന് സമീപം ആക്രമണം നടന്നത്. അലുവ അതുലും കൂട്ടുപത്രിയായ കുക്കു എന്ന മനുവും സഞ്ചരിച്ച കാറിനെ ഗുണ്ടാ സംഘം മറ്റൊരു കാറിൽ പിൻ തുടർന്നു. അതുലിൻ്റെ കാർ നിയന്ത്രണം വിട്ട് നിർമ്മാണം നടക്കുന്ന റോഡിൽ താഴ്ചയിലേക്ക് ഇടിച്ചിറങ്ങി. നാലംഗ സംഘം ആയുധങ്ങളുമായി ചാടിയിറങ്ങി അതുലിനെയും മനുവിനെയും ആക്രമിച്ചു.
Story Highlights : 4 accused in police custody aluva athul murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




