Advertisement

ഭക്തിസാന്ദ്രമായി കൊടുങ്ങല്ലൂര്‍; ഭരണി മഹോത്സവം മാര്‍ച്ച് 22ന്

March 14, 2026
Google News 2 minutes Read
BHARANI

ഭക്തിസാന്ദ്രമായി കൊടുങ്ങല്ലൂര്‍. മാര്‍ച്ച് 22-ന് (ഞായറാഴ്ച) കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ഭരണി മഹോത്സവം നടക്കും. അതിന് മുന്‍ദിവസമായ മാര്‍ച്ച് 21-ന് പ്രശസ്തമായ അശ്വതി കാവ് തീണ്ടല്‍ നടക്കും. ‘അമ്മേ ശരണം ദേവീശരണം’ വിളികളുടെ പാരമ്യതയില്‍ ഭക്തര്‍ അലിയും.

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ സ്ഥിതിചെയ്യുന്ന ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ വര്‍ഷംതോറും നടക്കുന്ന പ്രശസ്തമായ ഉത്സവമാണ് കൊടുങ്ങല്ലൂര്‍ ഭരണി. കുംഭമാസത്തിലെ ഭരണി നാളില്‍ ആരംഭിക്കുന്ന ഈ ആഘോഷം മീനമാസത്തിലെ ഭരണി നാളിലാണ് സമാപിക്കുന്നത്. കേരളത്തിലെ ഏറ്റവും പുരാതനവും ജനകീയവുമായ ഉത്സവങ്ങളില്‍ ഒന്നായി കൊടുങ്ങല്ലൂര്‍ ഭരണി അറിയപ്പെടുന്നു.

ചരിത്രപരമായ വിശ്വാസപ്രകാരം ചേരന്‍ ചെങ്കുട്ടുവന്‍ രാജാവാണ് ശ്രീകുരുംബ ഭഗവതി ക്ഷേത്രം നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു. ഹിമാലയത്തില്‍ നിന്ന് കൊണ്ടുവന്ന കല്ലുപയോഗിച്ചാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നുമാണ് പറയപ്പെടുന്നത്. ദാരികന്‍ എന്ന അസുരനെ വധിച്ചതിന് ശേഷം കാളി ദേവി ഇവിടെ താണ്ഡവം ചെയ്തുവെന്ന പുരാണകഥയുമായി ഈ ഉത്സവം ബന്ധപ്പെട്ടിരിക്കുന്നു. ആ താണ്ഡവത്തിന്റെ ഓര്‍മ്മപ്പെടുത്തലായാണ് കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവം ആഘോഷിക്കുന്നത്.

Read Also: ‘ലോകകപ്പ് വിജയശിൽപിക്ക് ജന്മനാടിന്റെ ആദരം’; സഞ്ജു സാംസണിനെ കെ.സി.എ ആദരിക്കും

കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവം ശക്തിയുടെയും ധൈര്യത്തിന്റെയും പ്രതീകമായ കാളി ദേവിയുടെ വിജയത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ്. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന ആഘോഷം കൂടിയാണിത്. ഈ ദിവസങ്ങളില്‍ ഭക്തര്‍ ഭഗവതിയെ ആരാധിക്കുകയും ഭരണിപ്പാട്ട് പാടി ഭക്തി പ്രകടിപ്പിക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ ഒത്തുചേരലിനും സാംസ്‌കാരിക കൈമാറ്റത്തിനും കൂടി ഈ ഉത്സവം വേദിയാകുന്നുണ്ട്.

ഉത്സവകാലത്ത് നിരവധി പ്രത്യേക ചടങ്ങുകളും നടക്കുന്നു. കോഴിക്കല്ല് മൂടല്‍ എന്ന ചടങ്ങ് കാളി-ദാരിക യുദ്ധത്തിന്റെ തുടക്കത്തെ പ്രതിനിധീകരിക്കുന്നതാണ്. രേവതി നാളില്‍ നടക്കുന്ന വിളക്ക് തെളിയിക്കല്‍ ചടങ്ങാണ് രേവതി വിളക്ക് തൊഴല്‍. ഭരണിക്ക് മുന്‍ദിവസം നടക്കുന്ന പ്രധാന ചടങ്ങാണ് അശ്വതി കാവ് തീണ്ടല്‍. വടക്കേനട അടച്ചിട്ട് രഹസ്യമായി നടക്കുന്ന പൂജയാണ് തൃച്ചന്ദനചാര്‍ത്ത്. കാവുതീണ്ടല്‍ ക്ഷേത്രത്തെ പ്രതീകാത്മകമായി അശുദ്ധമാക്കുന്ന ചടങ്ങാണ്. കൂടാതെ വടക്കേ ഗോപുരത്തില്‍ ഭക്തര്‍ ഭഗവതി സ്തുതികള്‍ പാടുന്ന ഭരണിപ്പാട്ടും ഉത്സവത്തിന്റെ പ്രധാന ആചാരങ്ങളില്‍ ഒന്നാണ്.

(തയാറാക്കിയത് റഹ്മത്തുന്നിസ)

Story Highlights : Kodungalloor Bharani 2026 on March 22

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here