ശബരിമല യുവതീ പ്രവേശനം: CPIMന് ഇക്കാര്യത്തില്‍ നിലപാടുണ്ട്, അത് അതുപടി സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് ഒരിക്കലും പറയാറില്ല: എം എ ബേബി
ശബരിമല യുവതീ പ്രവേശനവിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് മാറ്റത്തെ ന്യായീകരിച്ച് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി. വിഷയത്തില്‍ സിപിഐഎമ്മിന് വ്യക്തമായ നിലപാടുണ്ടെങ്കിലും അത് അതുപടി സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് ഒരിക്കലും പറയാറില്ലെന്നും സമൂഹത്തിന്റെ പൊതുവിലുള്ള അവസ്ഥ നോക്കണമെന്നും എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞു. ഏതൊരു സാമൂഹ്യമാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും അത് സംഘര്‍ഷങ്ങള്‍ക്ക് കാരണമാകാതെ നോക്കണമെന്ന് ഭരണഘടന പറയുന്നുണ്ട്. ആചാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിദഗ്ധ സമിതിയുടെ തീരുമാനവും നിര്‍ണായകമാണെന്നും എം എ ബേബി പറഞ്ഞു. (ma baby on cpim’s stand in sabarimala women entry)
ആചാരപരമായ ചരിത്രമുള്ള ആരാധനാലയങ്ങളില്‍ മാറ്റം വകരുത്തുന്ന തീരുമാനിക്കുമ്പോള്‍ പാണ്ഡിത്യമുള്ളവര്‍, സമൂഹത്തില്‍ സ്വീകാര്യതയുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കര്‍, തുല്യതയ്ക്ക് വേണ്ടി വാദിക്കുന്നവര്‍ തുടങ്ങിയവരുടെ സംഘത്തിന്റെ അഭിപ്രായം ശേഖരിക്കണമെന്നാണ് എല്‍ഡിഎഫ് മുമ്പേ സ്വീകരിച്ച നിലപാടെന്നും എം എ ബേബി വിശദീകരിച്ചു. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ യാഥാര്‍ഥ്യ ബോധത്തോടെയുള്ള സമീപനമാണ് സിപിഐഎം എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലപാട് മാറ്റത്തെക്കുറിച്ച് മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ നിലപാടില്‍ വെള്ളംചേര്‍ക്കലാണെന്ന വിമര്‍ശനം നിങ്ങള്‍ക്ക് ഉന്നയിക്കാമെന്നായിരുന്നു എം എ ബേബിയുടെ മറുപടി. മുമ്പ് സുപ്രിംകോടതിയുടെ തീരുമാനമാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത്. ഇപ്പോള്‍ സുപ്രിംകോടതി ആ തീരുമാനം പുനപരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. യാഥാര്‍ഥ്യ ബോധത്തോടെയുള്ള, നിലവിലെ സാമൂഹ്യാവസ്ഥകള്‍ പരിശോധിച്ചുകൊണ്ടുള്ള ഉപദേശങ്ങള്‍ മാത്രമേ വിശ്വാസവുമായി ബന്ധപ്പെട്ട് പാര്‍ട്ടി സര്‍ക്കാരിന് നല്‍കാറുള്ളൂ. കാരണം ആരാധാനലയങ്ങളുമായി ബന്ധപ്പെട്ട് എന്തൊക്കെ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ടെന്ന് ചരിത്രത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : ma baby on cpim’s stand in sabarimala women entry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




