Advertisement

കോൺഗ്രസ് സർക്കാർ അതിർത്തി ഗ്രാമങ്ങളെ അവസാന ഗ്രാമങ്ങളായി കണ്ടു, ബിജെപി അതിർത്തി ഗ്രാമങ്ങളെ രാജ്യത്തെ ആദ്യത്തെ ഗ്രാമങ്ങളായി കാണുന്നു; പ്രധാനമന്ത്രി

March 14, 2026
Google News 1 minute Read
modi

അസമിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ കോൺഗ്രസ് അവഗണിച്ചു. ബറാക് വാലിയുടെ വികസനത്തെ കോൺഗ്രസ് ഇല്ലാതാക്കിയെന്നും മോദി കുറ്റപ്പെടുത്തി.

സ്വാതന്ത്ര സമയത്ത് കോൺഗ്രസ് ബറാക് വാലിയും കടലുമായി ഉണ്ടായിരുന്ന കരബന്ധം പൂർണമായി അവഗണിച്ച് അതിർത്തി വരച്ചു. ഒരിക്കൽ രാജ്യത്തെ സുപ്രധാന വ്യാപാര ഇടനാഴി ആയിരുന്നു ബറാക് വാലിയുടെ ശക്തി കോൺഗ്രസ് കവർന്നെടുത്തു എന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

കോൺഗ്രസ് വർഷങ്ങളോളം ഭരണത്തിൽ ഉണ്ടായിട്ടും ബറാക് വാലിയുടെ വികസനത്തിനായി ഒന്നും ചെയ്തില്ല. ബിജെപി സർക്കാർ സാഹചര്യം തിരുത്തി എഴുതുകയാണ്. ഷില്ലോങ് – സിൽചാർ അതിവേഗ ഇടനാഴി വലിയ നാഴികക്കല്ലാണ് എന്നും പദ്ധതിയുടെ ഭൂമിപൂജ നടത്തിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

കോൺഗ്രസ് സർക്കാരുകൾ അതിർത്തി ഗ്രാമങ്ങളെ അവസാന ഗ്രാമങ്ങളായി കണ്ടു. ബിജെപി അതിർത്തി ഗ്രാമങ്ങളെ രാജ്യത്തെ ആദ്യത്തെ ഗ്രാമങ്ങളായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസിനെതിരെയും നരേന്ദ്ര മോദി രംഗത്തെത്തി.

അതേസമയം ബംഗാളിൽ റാലി തടയാൻ തൃണമൂൽ സർക്കാർ ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ബിജെപി പ്രവർത്തകർ ഒത്തുചേർന്ന് അക്രമം ഇല്ലാതാക്കാൻ ശ്രമിച്ചു. പാലങ്ങളും റോഡും അടച്ചു, വാഹനങ്ങൾ തടഞ്ഞു. എന്നാൽ ജനസമുദ്രത്തെ തടയാൻ കഴിയില്ല.

കൊൽക്കത്തയിലെ റാലിക്കിടെയാണ് മോദിയുടെ വിമർശനം. ബംഗാളിൽ ജംഗിൾ രാജ് നടത്തിയവരുടെ സമയമടുത്തു. നിയമം കയ്യിലെടുത്തവരെ ജനങ്ങൾ വെറുതെ വിടില്ല. മാറ്റത്തിൻ്റെ കൊടുങ്കാറ്റിനെ തടയാൻ തൃണമൂലിന് സാധിക്കില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Story Highlights : Narendra modi criticize congress in assam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here