പത്മകുമാര്‍ പാര്‍ട്ടിക്ക് പുറത്തേക്കോ? എല്ലാ പദവികളില്‍ നിന്നും പൂര്‍ണമായി നീക്കാന്‍ സാധ്യത
നിര്‍ണായകമായ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗം തുടങ്ങി. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവ് എ പത്മകുമാറിനെതിരായ പാര്‍ട്ടി നടപടി ഇന്ന് തീരുമാനിക്കുമെന്നാണ് സൂചന. പാര്‍ട്ടി പദവികളില്‍ നിന്ന് പത്മകുമാറിനെ പൂര്‍ണമായി നീക്കണമെന്നാണ് ആവശ്യമുയരുന്നത്. അതിനാല്‍ കടുത്ത നടപടിയുണ്ടാകാനാണ് സാധ്യത. പാര്‍ട്ടി നടപടി പ്രഖ്യാപിക്കും മുമ്പേ പത്മകുമാറിനെ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കിയത് ഏറെ ചര്‍ച്ചയായിരുന്നു. (cpim may take strong action against a padmakumar)
ശബരിമല സ്വര്‍ണക്കൊള്ള പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി നില്‍ക്കുമ്പോള്‍ എ പത്മകുമാറിനെതിരെ കടുത്ത നടപടി സ്വീകരിച്ച് മുഖം രക്ഷിക്കാനാണ് പാര്‍ട്ടി നീക്കം നടത്തുന്നത്. പത്മകുമാറിനെ ഇതുവരെ പൂര്‍ണമായി തള്ളിക്കളയാനോ പൂര്‍ണമായി ഉള്‍ക്കൊള്ളാനോ തയ്യാറാകാത്ത പാര്‍ട്ടി ഇനി എന്ത് നിലപാടാകും ഇക്കാര്യത്തില്‍ എടുക്കുക എന്നത് വലിയ ആകാംക്ഷയാണ്. പ്രത്യേക അന്വേഷണസംഘത്തിന്റെ കുറ്റപത്രം വന്നതിന് ശേഷമാകാം പത്മകുമാറിനെതിരായ നടപടിയെന്നാണ് മുന്‍പ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നത്.
Read Also: ഓസ്‌കാറില്‍ അപൂര്‍വ നേട്ടവുമായി ഇന്ത്യന്‍ വംശജ; പക്ഷേ ഫലപ്രഖ്യാപനത്തില്‍ നിരാശ
സ്വര്‍ണക്കൊള്ളയില്‍ വിശദീകരണം തേടി പാര്‍ട്ടി പത്മകുമാറിന് നോട്ടീസ് അയയ്ക്കുകയും തെറ്റ് ചെയ്തിട്ടില്ലെന്ന് പത്മകുമാര്‍ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായി 105 ദിവസത്തിന് ശേഷമാണ് രണ്ടു കേസുകളില്‍ ജാമ്യം ലഭിച്ചതിനാല്‍ പത്മകുമാര്‍ പുറത്തിറങ്ങിയത്. ശബരിമല കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ്പ കേസിലുമാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നല്‍കിയത്. സ്വര്‍ണപാളികള്‍ ചെമ്പാക്കി രേഖയുണ്ടാക്കി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും സംഘത്തിന് സ്വര്‍ണകൊള്ളക്ക് അവസരമൊരുക്കിയെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. എന്നാല്‍ 90 ദിവസത്തിനകം രണ്ടു കേസിലും കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തിനാല്‍ പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.
Story Highlights : cpim may take strong action against a padmakumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




