ശ്യാം പറക്കട്ടേ… നമുക്ക് ചിറകുകള്‍ നല്‍കാം; ഒരു പോരാട്ടത്തിന്റെ കഥ
പ്രവര്‍ത്തിക്കാത്ത മൂന്ന് വൃക്കകളുമായി ജനനം. 19 ദിവസം പ്രായമുള്ളപ്പോള്‍ ആദ്യ ശസ്ത്രക്രിയ. ആശുപത്രി കിടക്കയില്‍ ചിലവിട്ട ബാല്യത്തില്‍ നിന്ന് ആകാശത്തേക്ക് ചിറകടിച്ച് പറന്ന ശ്യാം കുമാറിന്റെ ജീവിതം പലര്‍ക്കും ഇന്ന് ഒരു പ്രചോദനമാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ amputee sky diver ആണ് ശ്യാം ഇന്ന്. 13,000 അടി ഉയരത്തില്‍ നിന്ന് ഒരു കാലുമായി സ്‌കൈഡൈവ് ചെയ്തിന് ഐബിആര്‍ അംഗീകാരം നേടിയ വ്യക്തി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ amputee paragliding pilot കൂടിയാണ് ശ്യാം. (Inspirational story of Shyam Kumar)
ജീവിതത്തിന്റെ തുടക്കത്തിലെ പോരാട്ടങ്ങള്‍
മൂന്ന് വയസ്സിലാണ് ശ്യാമിന്റെ നട്ടെല്ലില്‍ ട്യൂമര്‍ കണ്ടെത്തിയത്. എട്ട് വയസില്‍ ഒരു കാല്‍ നഷ്ടമായി, 83 ശതമാനം വൈകല്യമുള്ളവന്‍ എന്ന് പ്രഖ്യാപിച്ചു. തന്റെ ജീവിതത്തിലെ പ്രതീക്ഷയുടെ കിരണം എന്തെന്ന് ചോദിക്കുമ്പോള്‍ ശ്യാമിന് ഒരു മറുപടിയേയുള്ളു, അമ്മ. അന്നും ഇന്നും തന്റെ പ്രതീക്ഷയും പ്രത്യാശയും അമ്മയാണെന്ന് ശ്യാം പറയുന്നു. അങ്ങേയറ്റത്തെ വേദനകളായിരുന്നു അനുഭവിച്ചിരുന്നത്. ആത്‌സ്മയുടെ ബുദ്ധിമുട്ടുകളുണ്ടായിരുന്ന അമ്മ ശ്യാമിനെ എടുത്തായിരുന്നു നടന്നിരുന്നത്. ഒരു കാല്‍ പിറകിലേക്ക് ഒട്ടിയിരിക്കുകയായിരുന്നു. എട്ട് വയസിലും നടക്കാന്‍ സാധിക്കുമായിരുന്നില്ല. അതിനാലാണ് ആ കാല്‍ മുറിച്ചുമാറ്റുക എന്ന തീരുമാനത്തിലേക്ക് എത്തിയത്. സ്വന്തമായി നടക്കുക എന്നതിനൊപ്പം തന്നെ എടുത്ത് നടക്കുമ്പോഴുള്ള അമ്മയുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണമെന്ന ആഗ്രഹമായിരുന്നു ആ എട്ട് വയസുകാരനിലുണ്ടായിരുന്നത്. അങ്ങനെയാണ് 12ാമത്തെ ശസ്ത്രക്രിയയായി കാല് മുറിച്ചു മാറ്റിയത്.
Read Also: എല്‍ഡിഎഫ് പ്രചാരണം നയിക്കാന്‍ ക്യാപ്റ്റന്‍ കളത്തിലേക്ക്; നാളെ പിണറായി വിജയന്റെ റോഡ് ഷോ
തിരിച്ചുവരവ്
16 വര്‍ഷത്തെ ശസ്ത്രക്രിയകളും പോരാട്ടങ്ങളും കഴിഞ്ഞ്, വെറും നാല് വര്‍ഷത്തിനുള്ളില്‍ ജീവിതം പുനര്‍നിര്‍മ്മിച്ചു ശ്യം. 13 വയസില്‍ ഒരു കാലുമായി സൈക്ലിംഗ് ആരംഭിച്ചു. 140 തവണ നിരസിക്കപ്പെട്ടിട്ടും, പറക്കാനുള്ള സ്വപ്‌നം ശ്യാം ഉപേക്ഷിച്ചില്ല. ഒടുവില്‍ സ്‌കൈഡൈവ് ചെയ്യാനുള്ള അവസരം ലഭിച്ചു.ഒരു ജമ്പിനിടെ ഉണ്ടായ അപകടകരമായ mid-air spin അതിജീവിച്ചു. 2026-ല്‍ ഫ്രാന്‍സില്‍ നടക്കുന്ന World Series & World Cup of International Indoor Para Skydiving മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള ക്ഷണമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
വെല്ലുവിളികള്‍ ഇനിയുമുണ്ട്
പരിശീലനം, യാത്ര, മെഡിക്കല്‍ സഹായം എന്നിവയ്ക്കായി 50 ലക്ഷം രൂപയാണ് ശ്യാമിന് ഇനി ആവശ്യം. തയ്യാറെടുപ്പിന് ഒരു മാസത്തില്‍ താഴെ സമയം മാത്രമാണുള്ളത്. ശ്യാമിന് വേണ്ടി നമുക്ക് ഓരോരുത്തര്‍ക്കും കൈകോര്‍ക്കാം. കാരണം, ഇത് ഒരു കായികതാരത്തിന്റെ യാത്ര മാത്രമല്ല. വൈകല്യം അശക്തിയല്ല എന്ന് ലോകത്തോട് വിളിച്ചു പറയുന്ന പോരാളിയുടെ കഥയാണ്. ശ്യാമിന് പറക്കാന്‍ നമുക്ക് ചിറകുകള്‍ നല്‍കാം.
Story Highlights : Inspirational story of Shyam Kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




