കോൺഗ്രസ് സ്ഥാനാർഥി നിർണയം; എം പി മാർ മത്സരിക്കേണ്ട, നേതൃത്വം തീരുമാനം എംപിമാരെ അറിയിച്ചു
കോൺഗ്രസിന്റെ കേരളത്തിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക അല്പസമയത്തിനകം പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പിൽ എം പി മാർ മത്സരിക്കേണ്ട, തീരുമാനം നേതൃത്വം എംപിമാരെ അറിയിച്ചു. ഹൈക്കമാൻഡ് തീരുമാനം എം പിമാരെ അറിയിച്ചു.
എംപിമാർ മത്സരിക്കേണ്ടെന്ന കോൺഗ്രസ് തീരുമാനം വന്നിട്ടും അയയാതെ കെ സുധാകരൻ രംഗത്തെത്തിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം ഇന്ന് ഹൈക്കമാൻഡ് നേതാക്കളെ അറിയിച്ചു. ഡൽഹി യാത്രക്ക് മുൻപ് സുധാകരനുമായി മല്ലികാർജുൻ ഖർഗെ സംസാരിച്ചിരുന്നു.
ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപേ നിർദേശമുണ്ടായിരുന്നുവെങ്കിലും ഏതെങ്കിലും വിധത്തിലുള്ള ഉറപ്പു ലഭിക്കാതെ കൂടിക്കാഴ്ച നടത്തില്ലെന്ന തീരുമാനത്തിലായിരുന്നു സുധാകരൻ. നേതൃത്വം വീണ്ടും നിർദേശിച്ചതോടെയാണ് സുധാകരൻ ഡൽഹിയിലെത്തിയിരിക്കുന്നത്.
നേതാക്കളുമായുള്ള യോഗം അവസാനിച്ച ശേഷം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് സ്ഥാനാർത്ഥി പട്ടിക ഇന്നുതന്നെ ഉണ്ടാകുമെന്ന് പറഞ്ഞത്. പട്ടിക വൈകുന്നതിൽ അല്ല, എടുക്കുന്ന തീരുമാനമാണ് നോക്കേണ്ടത് എന്നും ചില സീറ്റുകളുടെ കാര്യത്തിൽ കാത്തിരിപ്പ് വേണ്ടിവരുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
സ്ഥാനാർത്ഥി പട്ടിക വരുമ്പോൾ എല്ലാത്തിനും ഉത്തരമുണ്ടാകും എന്നും കെ സി വേണുഗോപാൽ പറഞ്ഞു.ഉടൻ പ്രഖ്യാപിക്കാൻ പോകുന്ന ആദ്യ ഘട്ട പട്ടിക പുതുമയുള്ളതായിരിക്കും എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. എംപിമാർ മത്സരിക്കുമോ എന്ന ചോദ്യത്തിന് പട്ടിക വരുമ്പോൾ അറിയാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 50ലധികം സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുകയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പറഞ്ഞു.
Story Highlights : congress mps not allowed to compete in niyamsabha elections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




