‘പാലക്കാടും തൃപ്പൂണിത്തുറയിലും എൻഡിഎ വൻ ഭൂരിപക്ഷത്തിൽ ജയിക്കും, കോൺഗ്രസ് പരാജയഭീതിയിൽ’; സാബു എം ജേക്കബ് 24 നോട്
പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ച ‘സിപിഐഎം-ബിജെപി ഡീൽ’ ആരോപണത്തിൽ മറുപടിയുമായി 20 20 ചീഫ് കോഡിനേറ്റർ സാബു ജേക്കബ്. കോൺഗ്രസിന്റെ പരാജയഭീതിയിൽ നിന്നുണ്ടായ ആരോപണമെന്ന് സാബു എം ജേക്കബ് പറഞ്ഞു.
ആരോപണം ഉന്നയിച്ചവർ തെളിവ് നൽകാൻ തയ്യാറാകണം. പാലക്കാടും തൃപ്പൂണിത്തുറയിലും എൻഡിഎ വൻ ഭൂരിപക്ഷത്തിൽ ജയിക്കും. ഡീൽ ആരോപണങ്ങൾ ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് കാലത്തെ കോൺഗ്രസിന്റെ സ്ഥിരം പരിപാടിയെന്നും സാബു ജേക്കബ് വ്യക്തമാക്കി.
അതേസമയം വി.ഡി. സതീശൻ ഉന്നയിച്ച ‘സിപിഐഎം-ബിജെപി ഡീൽ’ ആരോപണത്തെ പൂർണ്ണമായും തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. “നുണ പറയുന്നതിന് നൊബേൽ സമ്മാനം ഉണ്ടെങ്കിൽ അത് സതീശന് ലഭിക്കും. ഓരോ ദിവസവും എട്ടൊൻപത് നുണകളാണ് അദ്ദേഹം പറഞ്ഞു കൊണ്ടിരിക്കുന്നത്,” എം.വി. ഗോവിന്ദൻ പറഞ്ഞു. സതീശന്റെ ആരോപണങ്ങൾ അസംബന്ധമാണെന്നും അത്തരം നുണകളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തുടർച്ചയുടെ മൂന്നാമൂഴത്തിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. വികസന വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യുഡിഎഫിനെ ജനങ്ങൾ തള്ളിക്കളയുമെന്നും 110 സീറ്റുകൾ നേടി എൽഡിഎഫ് അധികാരം നിലനിർത്തുമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫിലെ ആഭ്യന്തര പ്രശ്നങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ പരിഹസിച്ചു. വികസനപ്രവർത്തനങ്ങളെ പൂർണ്ണമായും തള്ളിപ്പറയുന്ന നിലപാടാണ് അവർക്കുള്ളത്. കേരളത്തിന്റെ പുതിയ വികസന കാഴ്ചപ്പാടുകളോട് പുറംതിരിഞ്ഞു നിൽക്കുന്ന യുഡിഎഫിന് ജനങ്ങളോട് ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : sabu m jacob against v d satheeshan on cpim bjp deal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




