‘മുഖ്യമന്ത്രി എനിക്ക് ചെറ്റ എന്ന് പേരിട്ടു, ഇങ്ങനെയുള്ള ആളുകൾ അധികാരത്തിൽ തുടരണോ?’; ആഞ്ഞടിച്ച് ജി സുധാകരൻ
മുഖ്യമന്ത്രിക്കെതിരെ വീണ്ടും ജി സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അധിക്ഷേപിച്ച് സംസാരിച്ചു. മുഖ്യമന്ത്രി എനിക്ക് പുതിയൊരു പേരിട്ടു, ചെറ്റ. ഏറ്റവും പാവപ്പെട്ടവർ താമസിക്കുന്ന ചെറ്റപ്പുരയിൽ താമസിക്കുന്നവരെയാണ് അപമാനിച്ചത്. പോടാ ചെറ്റേ എന്ന് മറ്റൊരു പ്രയോഗമുണ്ട്. നാനാർഥങ്ങൾ ഉള്ളതാണ് ഭാഷ. ഭാഷയുടെ അർഥാന്തരങ്ങൾ മനസിലാക്കാതെയാണ് മുഖ്യമന്ത്രി ഈ പദം ഉപയോഗിച്ചത്. പക്ഷെ ഞാൻ അദ്ദേഹത്തെ അങ്ങിനെ ഒന്നും വിളിക്കാൻ ആഗ്രഹിക്കുന്നില്ല.
എല്ലാവിഭാഗം ജനങ്ങളും താമസിക്കുന്ന കേരളത്തിൽ ഇങ്ങനെയൊരു പ്രയോഗം നടത്താൻ പാടില്ല. താൻ മുഖ്യമന്ത്രിയെ ഒന്നും വിളിക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ അദ്ദേഹത്തിന് യോഗ്യതയില്ല. ഇത്തരം പ്രയോഗങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. ഇങ്ങനെയുള്ള ആളുകൾ അധികാരത്തിൽ തുടരണോ എന്ന് ജനം ചിന്തിക്കണം. കോണ്‍ഗ്രസിന് സന്തോഷിക്കാം. പിണറായി ആളെക്കൂട്ടിത്തരും. അദ്ദേഹം നിങ്ങള്‍ക്ക് വോട്ടു പിടിച്ചു തരും. നമ്മൾ ഒരുപാട് ചിന്തിക്കണം. ചിന്തിച്ചാൽ മാത്രമേ സമൂഹമുള്ളൂ. ചിന്താ ശക്തി ഇല്ലാത്ത തലമുറയെ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് ജി സുധാകരൻ പറഞ്ഞു.
Read Also: ധർമടത്ത് പിണറായി വിജയന് അപരൻ; ബേപ്പൂരിൽ PV അൻവറിന് 4 അപരൻമാർ, റിയാസിനിന് രണ്ടും
എസ്എഫ്ഐയിലും ഡിവൈഎഫ്ഐലും നല്ല നേതാക്കളില്ലെന്നും കോൺഗ്രസിൽ ആള് കൂടുന്നത് നല്ല പ്രവർത്തികൊണ്ട് മാത്രമെന്നും ജി സുധാകരൻ പറഞ്ഞു. പണ്ടൊക്കെ എസ്എഫ്ഐയുടെ നേതൃനിര കണ്ട് കെഎസ്യുക്കാർ അസൂയപ്പെട്ടിരുന്നു. നാലാളറിയുന്ന ആരും ഇന്ന് ഡിവൈഎഫ്ഐയിലില്ല.
ഏരിയ സെക്രട്ടറി കള്ള് ഷാപ്പിലിരുന്ന് ജി സുധാകരന്റെ തന്തക്ക് വിളിക്കുന്നു. പാർട്ടിക്കാർ കള്ളുഷാപ്പിലിരുന്ന് ഫേസ്ബുക്കിൽ എനിക്കെതിരെ പോസ്റ്റിടുന്നു. ഭാവിയിൽ ഈ പ്രസ്ഥാനത്തെ നയിക്കാൻ ആളില്ലാതെ വരുമെന്നും ജി സുധാകരൻ പറഞ്ഞു.
യുഡിഎഫിന്റെ അമ്പലപ്പുഴ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ജനറൽ ബോഡി യോഗത്തിനിടെയായിരുന്നു ജി സുധാകരന്റെ മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള പ്രതികരണം. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ജി സുധാകരൻ കാണിച്ചത് ചെറ്റത്തരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ജി.സുധാകരന്‍ കാണിച്ച വഞ്ചനയ്ക്ക് ഇതില്‍ പരം വേറൊരു വിശേഷണമില്ലെന്നുറപ്പിച്ച് മുഖ്യമന്ത്രി നിലപാടു പറഞ്ഞു.
Story Highlights : G Sudhakaran again against the Chief Minister Pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




