അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ഗൃഹനാഥന്‍ മരിച്ചു
പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ഗൃഹനാഥന്‍ മരിച്ചു. കടമ്പാറ ഉന്നതിയിലെ രങ്കസ്വാമി ആണ് മരിച്ചത്. ഈ മാസം ഒന്‍പതിനാണ് വീടിനു മുന്നില്‍ വച്ച് കാട്ടാന ആക്രമിച്ചത്.
പുലര്‍ച്ചെ ഷോളയൂരിലെ ഉന്നതിക്ക് സമീപമുള്ള തോട്ടിലേക്ക് നടക്കുമ്പോഴാണ് രങ്കസ്വാമിയെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ നട്ടെല്ലിന് കാര്യമായി പരുക്കേറ്റിരുന്നു. ആദ്യം കോട്ടത്തറയിലെ ട്രൈബല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അതേസമയം, മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലാര്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന നടരാജനാണ് മരിച്ചത്.
വിറക് ശേഖരിക്കാന്‍ പോയ നടരാജനെ ഉച്ചയ്ക്ക് ശേഷം കാണാനില്ലായിരുന്നു. മരണം കാട്ടാന ആക്രമണത്തിലെന്നാണ് സംശയം. പരിശോധനകള്‍ക്ക് ശേഷമെ കാട്ടാന ആക്രമണമാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിയുവെന്ന് വനം വകുപ്പ് അറിയിച്ചു.
Story Highlights : Man injured in wild elephant attack in Attappadi died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




