പശ്ചിമേഷ്യന്‍ സാഹചര്യം, ഊര്‍ജ്ജ സഹകരണം; ശ്രീലങ്കന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്തു. ഇന്ത്യ-ശ്രീലങ്ക ഊര്‍ജ്ജ സഹകരണം ശക്തിപ്പെടുത്തുന്നതും ചര്‍ച്ചയായി. പ്രതിസന്ധികളില്‍ ഒരുമിച്ച് നില്‍ക്കാന്‍ പ്രതിജ്ഞാബദ്ധമെന്നും ഇരു നേതാക്കളും തീരുമാനിച്ചു.
ആഗോള ഊര്‍ജ്ജ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചയെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ഇന്ത്യ-ശ്രീലങ്ക ഊര്‍ജ്ജ സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ പുരോഗതി തങ്ങള്‍ വിലയിരുത്തിയതായും പ്രധാനമന്ത്രി വ്യക്തമാക്കി. വിശ്വസനീയരായ പങ്കാളികള്‍ എന്ന നിലയില്‍ വെല്ലുവിളികളെ ഒരുമിച്ച് നേരിടുന്നതിനും പ്രവര്‍ത്തിക്കുന്നതിനും തീരുമാനിച്ചുവെന്നും അദ്ദേഹം കുറിച്ചു.
അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് വിളിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സാഹചര്യം സംബന്ധിച്ച് ഫലപ്രദമായ ചര്‍ച്ച നടത്തിയെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. എത്രയും വേഗം സംഘര്‍ഷം ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇന്ത്യ പിന്തുണ നല്‍കുന്നു. ഹോര്‍മുസ് കടലിടുക്ക് തുറന്നു കിടക്കുന്നത് ലോകത്തിന് അനിവാര്യം. സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങള്‍ കൂടുതല്‍ ആശയവിനിമയം നടത്തും – പ്രധാനമന്ത്രി കുറിച്ചു. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് മോദിയും ട്രംപും തമ്മില്‍ സംസാരിക്കുന്നത്.
അതേസമയം, പശ്ചിമേഷ്യയില്‍ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍ പറഞ്ഞു. രാജ്യത്ത് 53 ലക്ഷം മെട്രിക് ടണ്ണില്‍ അധികം കരുതല്‍ ഇന്ധനം ഉണ്ട്. കരിഞ്ചന്ത തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടിയെടുക്കണം. സംഘര്‍ഷം ഒഴിവാക്കാന്‍ ഇന്ത്യ നയതന്ത്ര ഇടപെടല്‍ നടത്തുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
Story Highlights : Prime Minister Narendra Modi speaks to Sri Lankan President
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




