Advertisement

അമേരിക്ക – ഇറാൻ സമാധാന ചർച്ചയ്ക്ക് വഴിയൊരുങ്ങുന്നു; ഇസ്ലാമാബാദ് വേദിയാകുമെന്ന് റിപ്പോർട്ട്

March 24, 2026
Google News 1 minute Read
iran

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്ക – ഇറാൻ ചർച്ചയ്ക്ക് വഴി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പാകിസ്താനിലെ ഇസ്ലാമാബാദിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ച നടത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ ഭരണ തലപ്പത്തേക്ക് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫിനെ എത്തിക്കാൻ അമേരിക്ക നീക്കം നടത്തുന്നതായും സൂചന ഉണ്ട്.

ഇറാനിൽ ഇസ്രയേൽ അമേരിക്ക സംയുക്ത ആക്രമണം ആരംഭിച്ചത് ഫെബ്രുവരി 28നാണ്. ലോകരാജ്യങ്ങളെ മുൾമുനയിൽ നിർത്തി ഇരുപത്തി നാലാം ദിവസമാണ് ആശ്വാസമായി ട്രംപിന്‍റെ താത്കാലിക വെടിനിർത്തൽ പ്രഖ്യാപനം എത്തിയത്.

ഓപ്പറേഷൻ എപ്പിക് ഫ്യൂറി എന്ന പേരിൽ അമേരിക്കയും ലയൺസ് റോർ എന്ന പേരിൽ ഇസ്രയേലും ഇറാനിൽ സംയുക്താക്രമണം നടത്തിയത്. യുദ്ധത്തിന്റെ ആദ്യ ദിനം തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിച്ചു. ഖമനയി താമസിച്ചിരുന്ന കൊട്ടാരത്തിലേക്ക് ബങ്കർ ബസ്റ്റർ മിസൈലുകൾ അടക്കം പ്രയോ​ഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ ഖമനയിയുടെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു.

വൈകാതെ ഇറാൻ പ്രത്യാക്രമണം ഓപ്പറേഷൻ ട്രൂ പ്രോമിസ് 4 ആരംഭിച്ചതോടെ സംഘർഷം രൂക്ഷമായി. ഇസ്രയേലിന് പുറമെ ജിസിസി രാജ്യങ്ങളിലേക്കും മറ്റ് അറബ് രാജ്യങ്ങളിലേക്കും ഇറാൻ മിസൈൽ ആക്രമണം നടത്തി. ഈ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. പിന്നാലെ മേഖലയിലെ രാജ്യങ്ങളെല്ലാം വ്യോമപാത അടച്ചു. ജിസിസി രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ അടച്ചതോടെ പതിനായിരക്കണക്കിന് യാത്രക്കാർ പെരുവഴിയിലായി. മിസൈൽ ആക്രമണത്തിൽ മിനാബിലെ പ്രൈമറി സ്കൂൾ കെട്ടിടം തകർന്ന് 165 കുട്ടികൾ കൊല്ലപ്പെട്ടു. ശ്രീലങ്കക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ അമേരിക്കൻ ആക്രമണത്തിൽ ഇറാൻ കപ്പൽ തകർന്ന് 87 നാവികർ മരിച്ചു. ഇറാനിലെ ആണവകേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചതോടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ക്രൂഡ്, എൽഎൻജി നീക്കവും നിശ്ചലമായി. ഇതോടെ ആഗോളതലത്തിൽ ക്രൂഡ് വില കുതിച്ചുയർന്നു. ഓഹരിവിപണികളിലും കനത്ത നഷ്ടം നേരിട്ടു. സംസ്ഥാനത്തും പാചകവാതകക്ഷാമം രൂക്ഷമായി. ലോകം മുഴുവൻ ഉറ്റുനോക്കുന്ന പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ വലിയ ആശ്വാസം നൽകുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം.

ഇതിനിടെ ഫെബ്രുവരി 23ന് ട്രംപും , ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടന്ന നിർണായക ചർച്ചയുടെ വിവരങ്ങളും പുറത്തുവന്നു.ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും തഹ്‌റാനിലെ ഒരു പ്രത്യേക കേന്ദ്രത്തിൽ ഒത്തുചേരുന്നു എന്ന രഹസ്യവിവരം നെതന്യാഹു ട്രംപിനെ അറിയിക്കുകയും ഇറാൻ ഭരണകൂടത്തിന്റെ തലപ്പത്തുള്ളവരെ ഒരൊറ്റ നീക്കത്തിലൂടെ ഇല്ലാതാക്കാൻ ലഭിച്ച സുവർണ്ണാവസരമാണിതെന്ന് നെതന്യാഹു ട്രംപിനെ ബോധ്യപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇറാനുമായുള്ള യുദ്ധം ഒരു നയതന്ത്ര കരാറിലൂടെ അവസാനിക്കുവാൻ സാധ്യതയുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു.

Story Highlights : US-Iran peace talks are being prepared

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here