യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; ഇര്‍ഷാദിനെ ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭക്കെതിരായ യുഡിഎഫ് നേതാവ് എ ഇര്‍ഷാദിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടപടി. ഇര്‍ഷാദിനെ യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി. ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അതേസമയം, സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പി കെ ശ്രീമതി പരാതി നല്‍കി. (Derogatory remarks against U Pratibha)
ഇന്നലെ വൈകുന്നേരം കായംകുളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ആയിരുന്നു മുസ്ലിം ലീഗ് നേതാവും കായംകുളം യുഡിഎഫ് കണ്‍വീനറുമായ എ ഇര്‍ഷാദിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. സിറ്റിംഗ് എംഎല്‍എയായ പ്രതിഭയുടെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതിനിടെയാണ് അധിക്ഷേപകരമായ പ്രസ്താവന. സംഭവം വിവാദമായതോടെ പ്രതിഷേധവുമായി എല്‍ഡിഎഫ് രംഗത്തെത്തി. പ്രസ്താവന ഒരാളെ മാത്രം ലക്ഷ്യമിട്ടു കൊണ്ടല്ലെന്നും പൊതുരംഗത്തുള്ള മുഴുവന്‍ സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Read Also: പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കില്ല; വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍
പിന്നാലെയാണ് ഇര്‍ഷാദിനെതിരെ നടപടി സ്വീകരിച്ചത്. യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി പകരം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എച്ച് ബഷീര്‍ കുട്ടിയെ ചെയര്‍മാനായി നിയമിച്ചു. വീഡിയോ അടക്കം പങ്കുവെച്ചാണ് പി കെ ശ്രീമതി പരാതി നല്‍കിയത്. പെരുമാറ്റച്ചട്ട ലംഘനത്തിനാണ് പരാതി. ലൈംഗികതയെ പരാമര്‍ശിക്കുന്നതും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കത്തില്‍ പറയുന്നു. സ്ഥാനാര്‍ഥിയെ അപമാനിക്കാനും വ്യക്തിയുടെ അന്തസ്സിനെ അപകീര്‍ത്തി പെടുത്തുന്നതുമായ പ്രസ്താവനയാണ് നടത്തിയത്. പരാമര്‍ശങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്നും എ. ഇര്‍ഷാദിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യമുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ട്.
ഇര്‍ഷാദ് ഖേദം പ്രകടിപ്പിച്ചു. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും നീണ്ട പ്രസംഗത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് പ്രചരിപ്പിച്ചതാണെന്നും ഇര്‍ഷാദ് പറഞ്ഞു. പരാമര്‍ശത്തെ ഒരിക്കലും പിന്തുണക്കില്ലെന്നും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു എന്നും എതിര്‍ സ്ഥാനാര്‍ഥി എം ലിജുവും വ്യക്തമാക്കി. എന്നാല്‍, മാപ്പ് ഒരിക്കലും അംഗീകരിക്കാന്‍ ആവില്ല എന്നും വ്യക്തിപരമായ അധിക്ഷേപം വലിയ വേദന ഉണ്ടാക്കിയെന്നും വികാരാധീനയായി യു പ്രതിഭ പ്രതികരിച്ചു. സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനും നിയമപരമായ മുന്നോട്ടുപോകാനുമാണ് എല്‍ഡിഎഫിന്റെ തീരുമാനം.
Story Highlights : Derogatory remarks against U Pratibha; action against A irshad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here



