പുനലൂര്‍, ഏറ്റുമാനൂര്‍, എറണാകുളം.. കെ സി വേണുഗോപാലിന്റെ ഇടപെടലില്‍ വിമതശല്യം ഒഴിവാക്കി കോണ്‍ഗ്രസ്
നിര്‍ണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും തലവേദന സൃഷ്ടിച്ച വിമതശല്യം എഐസിസിയുടെ ഇടപെടലിലൂടെ ഒഴിഞ്ഞു. (Congress intervenes to avert rebel trouble)
ആദ്യഘട്ടത്തില്‍ വിമതര്‍ വഴങ്ങാന്‍ കൂട്ടാക്കാത്തത് ചില മണ്ഡലങ്ങളില്‍ യുഡിഎഫിന്റെ വിജയ സാധ്യതയെ പോലും ബാധിക്കുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരുന്നു. എന്നാല്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി വിമതരുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നുള്ള പത്തിലേറെ പേരാണ് വിമത നീക്കം ഉപേക്ഷിച്ചത്. വിമതന്‍മാരുമായി നേരിട്ടും അല്ലാതെയും കെസി വേണുഗോപാല്‍ ആശയവിനിമയം നടത്തുകയും ഒരു ഘട്ടത്തിലും ഇവരാരും അവഗണിക്കപ്പെടില്ലെന്നും അര്‍ഹമായ പരിഗണന നല്‍കുമെന്നും ഉറപ്പ് നല്‍കുകയുമായിരുന്നു. ഇതാണ് പ്രശ്നപരിഹാരത്തിന് കളമൊരുക്കിയത്.
കൊല്ലത്ത് കോണ്‍ഗ്രസിന് ഏറെ ഭീഷണി ഉയര്‍ത്തിയിരുന്നത് പുനലൂരിലെ വിമത നീക്കമായിരുന്നു. കൊല്ലം പുനലൂര്‍ സീറ്റ് ഘടകകക്ഷിയായ ലീഗില്‍ നിന്ന് ഏറ്റെടുത്ത് കോണ്‍ഗ്രസ് മത്സരിച്ചേക്കുമെന്നായിരുന്നു പൊതുസംസാരം. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ച പേരുകളില്‍ ഒന്ന് എസ് ഇ സഞ്ജയ്ഖാന്റെതും. മുന്നണി ചര്‍ച്ചയില്‍ പുനലൂര്‍ നിലനിര്‍ത്താന്‍ ലീഗ് തീരുമാനിച്ചതോടെ അവിടെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തു.
പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയോടെ സഞ്ജയ്ഖാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ പത്തനംതിട്ടയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കെസി വേണുഗോപാല്‍ സഞ്ജയ്ഖാനെ വിളിച്ചു വരുത്തി സംസാരിച്ചു. വൈകാരികമായ സന്ദര്‍ഭങ്ങള്‍ക്ക് കൂടി കെസിയും സഞ്ജയ്ഖാനും തമ്മിലുള്ള അനുനയ ചര്‍ച്ചകള്‍ സാക്ഷിയായി. തുടര്‍ന്ന് സഞ്ജയ്ഖാന്‍ വിമതനായി മത്സരിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറി. പുനലൂരിലെ വിമതശല്യം ഒഴിവാക്കിയത് കോണ്‍ഗ്രസിന് ഏറെ ആശ്വാസം നല്‍കുന്നതാണ്. നേതൃത്വം ഇടപെട്ടിട്ടും വിമതര്‍ പിന്‍മാറിയില്ലെങ്കില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന ഭീഷണി ലീഗ് ജില്ലാ നേതൃത്വം ഉയര്‍ത്തിയിരുന്നു. മുന്നണി ബന്ധത്തെ തന്നെ ബാധിച്ചേക്കാവുന്ന വിഷയമാണ് കെസി വേണുഗോപാലിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് രമ്യമായി പരിഹരിച്ചത്.
വിവിധ മണ്ഡലങ്ങളില്‍ സമാനരീതിയില്‍ വിമത ഭീഷണി ഉയര്‍ന്ന ജില്ലയാണ് പത്തനംതിട്ട. ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും ഇടപ്പെട്ടിട്ടും വഴങ്ങാന്‍ കൂട്ടാക്കാതെ നിന്ന റിങ്കു ചെറിയാന്‍, വിജയ് ഇന്ദുചൂഡന്‍, അനീഷ് വരിക്കണ്ണാമല,ജയ വര്‍മ്മ എന്നിവരുമായി കെസി വേണുഗോപാല്‍ ചര്‍ച്ച നടത്തി. കര്‍ണ്ണാടക മോഡലില്‍ ഒരുമേശയ്ക്ക് ചുറ്റും ഇവരെ ഒപ്പമിരുത്തി പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടുള്ള ചര്‍ച്ചകളിലൂടെയാണ് യുവനേതൃത്വം ഉയര്‍ത്തിയ വിമത വെല്ലുവിളി പരിഹരിച്ചത്. പാര്‍ട്ടി അധികാരത്തിലേക്ക് മടങ്ങിയെത്താന്‍ സാധ്യതയുള്ള തിരഞ്ഞെടുപ്പില്‍ അതിന്റെ ശോഭ കെടുത്തുന്ന നീക്കം നേതാക്കളില്‍ നിന്ന് ഉണ്ടാകരുതെന്ന് കെസി വേണുഗോപാല്‍ ആവശ്യപ്പെടുകയും വിമത ശബ്ദം ഉയര്‍ത്തിവരുടെ പ്രശ്നങ്ങളെ കോണ്‍ഗ്രസ് നേതൃത്വം അഭിമുഖീകരിക്കുമെന്ന ഉറപ്പും നല്‍കുകയും ചെയ്തു.
ഏറ്റുമാനൂരില്‍ ജോസഫ് വാഴക്കനും എറണാകുളത്ത് ദീപ്തിമേരി വര്‍ഗീസും പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളിയും സീറ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിച്ചില്ല. അതില്‍ ഇവര്‍ക്ക് നീരസ്സം ഉണ്ടായിരുന്നു. ഒരുഘട്ടത്തില്‍ സ്വതന്ത്രരായി ഇവര്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പരന്നു. എന്നാല്‍ കെസി വേണുഗോപാല്‍ എംപി ഇവരുമായി സംസാരിക്കുകയും പരിഭവങ്ങള്‍ പറഞ്ഞ് തീര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് യുഡിഎഫിന്റെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ മുന്‍നിരയിലുണ്ടാകുമെന്ന സാമൂഹ്യമാധ്യമ പോസ്റ്റുമായി മൂവരും രംഗത്തെത്തി.
കുട്ടനാട് മണ്ഡലത്തില്‍ പാര്‍ട്ടി വിമതനായി നിന്ന സജി ജോസഫ് പത്രിക പിന്‍വലിച്ചതും കെ സി വേണുഗോപാല്‍ ഇടപെട്ടതിനെ തുടര്‍ന്നാണ്. കോണ്‍ഗ്രസിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ സജി ജോസഫവുമായി ചര്‍ച്ച നടത്തിയ കെസി വേണുഗോപാല്‍ പാര്‍ട്ടിക്കും മുന്നണിക്കും ദോഷകരമായി മാറുന്ന ഒരു പ്രവര്‍ത്തിയിലേക്കും പോകരുതെന്നും യുഡിഎഫിന്റെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും സജി ജോസഫിനോട് ആവശ്യപ്പെട്ടു. വിമതരുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തി ആവശ്യമായ നടപടി സ്വീകരിക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ കെസി വേണുഗോപാല്‍ ചുമതലപ്പെടുത്തുകയും ചെയ്തു.
വടക്കാഞ്ചേരി സീറ്റ് സംബന്ധിച്ച തര്‍ക്കവും കെസി വേണുഗോപാല്‍ രമ്യമായി പരിഹരിച്ചു. തൃശൂര്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ വേണുഗോപാല്‍ വിമത നീക്കവുമായി നിന്നിരുന്ന അജിത്ത് വടക്കാഞ്ചേരി,രാജേന്ദ്രന്‍ അരങ്ങത്ത് എന്നിവരുമായി സംസാരിക്കുകയും ഇരുവരെയും യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലെത്തിച്ച് ഐക്യത്തിന്റെ സന്ദേശം താഴെത്തട്ടിലേക്ക് എത്തിക്കുകയും ചെയ്തു. നീറിപുകഞ്ഞിരുന്ന സംഘടനയ്ക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് അതോടെ വിരാമമായി.
ഇടുക്കി,പീരുമേട് ഇവയില്‍ ഒന്ന് പ്രതീക്ഷിച്ചിരുന്ന കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനും സീറ്റ് കീട്ടാത്തതില്‍ കടുത്ത അമര്‍ഷം ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കെസി വേണുഗോപാല്‍ ഫോണ്‍ വഴി അലോഷ്യസുമായി സംസാരിച്ചതോടെ മഞ്ഞുരുകി. കെഎസ്‌യു അധ്യക്ഷസ്ഥാനം രാജിവെച്ചന്ന വാര്‍ത്ത തെറ്റാണെന്ന സമൂഹ്യമാധ്യമ കുറിപ്പുമായി രംഗത്തെത്തുകയും ചെയ്തു. തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ വിജില്‍ മോഹനും പയ്യന്നൂരില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍സീന്‍ മജീദും വിമത നീക്കം ഉപേക്ഷിച്ചു. അതേസമയം, തളിപ്പറമ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെപിസിസി അംഗം കൊയ്യം ജനാര്‍ദ്ദന്‍ പിന്‍മാറാന്‍ കൂട്ടാക്കിയില്ല. നിരവധി തവണ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കെസി വേണുഗോപാല്‍ കൊയ്യം ജനാര്‍ദ്ദനനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും അനുനയത്തിന് കൂട്ടാക്കാതെ മുന്നോട്ട് പോയ കൊയ്യം ജനാര്‍ദ്ദനനെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ സംസ്ഥാന നേതൃത്വം ജനാര്‍ദ്ദനനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം മുന്‍കാലങ്ങളെ അപേക്ഷിച്ച് വിമതശല്യം വളരെ കുറവുള്ള നിയമസഭാ തിരഞ്ഞെടുപ്പ് കൂടിയാണിത്. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന്റെ നേട്ടം കൂടിയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ അതിനെ വിലയിരുത്തുന്നത്. അതേസമയം, സിപിഐഎമ്മിന് വിമതര്‍ ഉയര്‍ത്തുന്നത് വലിയ വെല്ലുവിളിയാണ്. അമ്പലപ്പുഴയില്‍ ജി.സുധാകരനും തളിപ്പറമ്പില്‍ ടി.കെ. ഗോവിന്ദനും പയ്യന്നൂരില് വി. കുഞ്ഞികൃഷ്ണനും ഒറ്റപ്പാലത്ത് പികെ ശശിയും മലമ്പുഴയില്‍ എ സുരേഷും കൊട്ടരാക്കരയില്‍ അയിഷാ പോറ്റിയും സിപിഐഎം സഹയാത്രികരായിരുന്നു. ആ ബന്ധം ഉപേക്ഷിച്ചാണ് സിപിഐഎമ്മിനെതിരെ ഇവര്‍ മത്സരിക്കുന്നതാണ്. സിപിഐഎമ്മിന്റെ ചരിത്രത്തിലാദ്യമാണ് ഇത്രയേറെ പേര്‍ വിമതരായി മത്സരരംഗത്തുള്ളത്. സിപിഐഎമ്മില്‍ പുകയുന്ന ആഭ്യന്തരപ്രശ്നങ്ങളുടെ നേര്‍ചിത്രം കൂടിയാണ് ഈ നേതാക്കളുടെ സ്ഥാനാര്‍ഥിത്വം.
Story Highlights : Congress intervenes to avert rebel trouble
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




