Advertisement

ഈ പത്ത് വര്‍ഷമാണ് ഇരുണ്ടകാലം, എത്ര പരസ്യം ചെയ്താലും സര്‍ക്കാരിനെതിരെ വലിയ ജനവികാരമുണ്ട്: രമേശ് ചെന്നിത്തല

March 29, 2026
Google News 2 minutes Read
ramesh chennithala

സഹകരണ വകുപ്പില്‍ അഴിമതിക്ക് ശ്രമം നടന്നെന്ന ആരോപണം ആവര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താന്‍ ഉന്നയിച്ച വിഷയത്തില്‍ ഹൈക്കോടതി സ്‌റ്റേ വന്നതുതന്നെ ഇതില്‍ കാര്യമുണ്ടെന്ന് കോടതിക്കും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തന്റെ ആരോപണത്തില്‍ മുഖ്യമന്ത്രിയും സഹകരണവകുപ്പ് മന്ത്രിയും പറഞ്ഞ വിശദീകരണങ്ങളില്‍ വൈരുധ്യമുണ്ട്. ടിസിഎസ് പിന്മാറിയതിനാല്‍ വീണ്ടും ടെന്‍ഡര്‍ വിളിച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പക്ഷേ ഒറ്റയാള്‍ മാത്രം വന്നതിനാലാണ് വീണ്ടും ടെന്‍ഡര്‍ വിളിച്ചതെന്നാണ് മന്ത്രി പറയുന്നത്. പദ്ധതി സോഫ്‌റ്റ്വെയര്‍ രംഗത്ത് യാതൊരു പരിചയവുമില്ലാത്ത ദിനേശ് ബീഡി സഹകരണസംഘത്തിന് നല്‍കിയതെന്തിനെന്നും രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. (ramesh chennithala against cpim and ldf government)

ശബരിമല വിഷയത്തിലുള്‍പ്പെടെ സര്‍ക്കാര്‍ വലിയ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായിട്ടും നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല. അവരെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. എന്നാല്‍ മറുവശത്ത് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുത്തു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിലും വൈരുധ്യമുണ്ട്. ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്ക് സമര്‍പ്പിക്കാന്‍ ഇപ്പോഴും സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: സൈബര്‍ അധിക്ഷേപം; പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ രണ്ട് അതിജീവിതമാര്‍

എല്‍ഡിഎഫ് ഭരിച്ച ഈ പത്ത് വര്‍ഷക്കാലം ഇരുണ്ടകാലമായിരുന്നെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. വ്യവസായരംഗത്തും കാര്‍ഷികരംഗത്തും ഒരു വികസനവും നടത്തിയില്ല. ഒരു വന്‍കിട വികസനപദ്ധതി പോലും കൊണ്ടുവരാന്‍ അവര്‍ക്ക് ഇക്കാലയളവില്‍ സാധിച്ചിട്ടില്ല. അതിദാരിദ്ര്യമുക്തമായി കേരളം എന്നാണ് പ്രഖ്യാപനം. എന്നാല്‍ ദാരിദ്ര്യം മാറിയത് പാര്‍ട്ടിക്കാര്‍ക്ക് മാത്രമാണെന്നാണ് അനുഭവം. അഞ്ച് തവണ ബസ് ചാര്‍ജും നാല് തവണ കറന്റ് ചാര്‍ജും വെള്ളത്തിനുള്ള നികുതിയും മറ്റും കൂട്ടിയ സര്‍ക്കാരാണിത്. 300 കോടി രൂപയ്ക്ക് പരസ്യം ചെയ്യുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് ഇവരെ താഴെയിറക്കണമെന്ന ശക്തമായ വികാരമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Story Highlights : ramesh chennithala against cpim and ldf government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here