Advertisement

‘കരാറിലെത്തിയില്ലെങ്കിൽ ആക്രമണം കടുപ്പിക്കും’: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ട്രംപ്

March 30, 2026
Google News 2 minutes Read
Donald Trump

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പുതിയ ഭരണ നേതൃത്വവുമായി കരാറിലെത്താൻ കഴിയാതെ വരികയോ, ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കാനായില്ലെങ്കിലോ വൈദ്യുത നിലയങ്ങളും എണ്ണക്കിണറുകളും ഖാർഗ് ദ്വീപും കടൽവെള്ള ശുദ്ധീകരണ പ്ലാന്റും നശിപ്പിക്കുമെന്ന് ട്രംപ്. ഏപ്രിൽ ആറ് വരെയാണ് വൈദ്യുത നിലയങ്ങൾക്കു നേരെയുള്ള ആക്രമണം അമേരിക്ക നിർത്തിവച്ചിരിക്കുന്നത്.

ഇറാനിലെ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുന്നതിനായി പുതിയ ഇറാൻ ഭരണകൂടവുമായി അമേരിക്ക ഗൗരവമായ ചർച്ചകൾ നടത്തുകയാണെന്നും ട്രംപ്. പഴയ ഭരണകൂടത്തിന്റെ 47 വർഷത്തെ ‘ഭീകര വാഴ്ച’യിൽ ഇറാൻ വധിച്ച അമേരിക്കൻ സൈനികർക്കായുള്ള പ്രതികാരമായിരിക്കും പദ്ധതിയിടുന്ന ആക്രമണമെന്നും ട്രംപ് വ്യക്തമാക്കി.

ഇറാനിൽ സൂക്ഷിച്ചിരിക്കുന്ന യുറേനിയം ശേഖരം പിടിച്ചെടുക്കുന്നതിനായി സങ്കീർണ്ണമായ സൈനിക നീക്കത്തിന് അമേരിക്കൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആണവായുധങ്ങൾ ഉപേക്ഷിച്ചില്ലെങ്കിൽ ഇറാനെ ബാക്കി വച്ചേക്കില്ലെന്ന മുന്നറിയിപ്പുമായി ട്രംപ് രം​ഗത്തെത്തിയത്. ഇറാൻ നേതാക്കൾ അവരുടെ ആണവ അഭിലാഷങ്ങൾ ഉപേക്ഷിക്കണമെന്നും ഇറാൻ പൂർണമായി നശിച്ചു കഴിഞ്ഞുവെന്നും ട്രംപ് അറിയിച്ചു. ഹോർമുസ് കടലിടുക്കിൽ ടോൾ പിരിക്കാനുള്ള ഇറാന്റെ നീക്കം അവസാനിപ്പിക്കും. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിന്റെ നിയന്ത്രണം എറ്റെടുക്കുമെന്നും ട്രംപ് വെല്ലുവിളി മുഴക്കി.

അതിനിടെ പരമോന്നത നേതാവ് മുജ്തബ കൊല്ലപ്പെട്ടിരിക്കാമെന്ന് ട്രംപ് ആവർത്തിച്ചു. ഇറാനിൽ ‘ഭരണമാറ്റം’ സംഭവിച്ചു കഴിഞ്ഞു. ഇറാനുമായി കരാർ ഉടൻ തന്നെ ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു. അതേസമയം ഇറാഖിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്ന മുജ്തബ ഖമനയിയുടെ എഴുതി തയ്യാറാക്കിയ സന്ദേശം ഇറാൻ പുറത്തുവിട്ടു.ഇറാനിലും ഇറാഖിലും ശക്തമായ ആക്രമണമാണ് ഇന്ന് നടന്നത്. ടെഹ്റാനിൽ വൻ സ്ഫോടനം നടന്നതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഇറാഖിലെ ബാ​ഗ്‌ദാദിൽ യുഎസ് കേന്ദ്രത്തിന് നേരെയും ആക്രമണം നടന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്നാണ് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഇന്ന് പ്രഖ്യാപിച്ചത്.

Story Highlights : US President Donald Trump threats Iran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here