Advertisement

‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

March 30, 2026
Google News 2 minutes Read

ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവ് പുറത്തുവിട്ട് പയ്യന്നൂരിൽ സ്വതന്ത്രനായി മത്സരിക്കുന്ന വി കുഞ്ഞികൃഷ്ണൻ. അഞ്ച് ലക്ഷം രൂപ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് രേഖകളാണ് പുറത്തുവിട്ടത്. കൂടുതൽ തെളിവുകൾ പുറത്തുവിടേണ്ടി വരുമെന്നും വി കുഞ്ഞികൃഷ്ണന്റെ ഫേസ്ബുക് പോസ്റ്റ്.

ഈ തെളിവുകൾക്കെതിരെയും ആശ്രിതരെ വെച്ച് ന്യായീകരണവുമായി ഈ സംഘം എത്താൻ സാധ്യതയുണ്ട്. പക്ഷേ ഏത് ന്യായീകരണങ്ങൾക്കും മേലെയാണ് സൂര്യനെ പോലെ തിളങ്ങി നിൽക്കുന്ന സത്യമെന്ന് വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ബാങ്കിന്റെ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റും, ധനരാജ് രക്തസാക്ഷി ഫണ്ട് ചിലവഴിച്ചതിന്റെ കണക്ക് കമ്മിറ്റിക്ക് മുൻപാകെ കാണിച്ചതിന്റെ പകർപ്പുമാണ് വി കുഞ്ഞികൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്.

വി കുഞ്ഞികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

പയ്യന്നൂരിൽ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് മുതൽ സിപിഎം കേന്ദ്രങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നത് പയ്യന്നൂരിൽ ഒരു തരത്തിലുമുള്ള ഫണ്ട് തിരിമറിയും നടന്നിട്ടില്ല, പാർട്ടിയുടെ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല എന്നാണ്.

നിഷേധിക്കാൻ പറ്റാത്ത വിധം തെളിവുകൾ സംസാരിക്കട്ടെ എന്നാണെങ്കിൽ, ആ തെളിവുകൾ മുന്നോട്ടു വയ്ക്കാൻ കണക്കുകൾ പരിശോധിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയ, ഫണ്ട് വെട്ടിപ്പ് തെളിവ് സഹിതം കണ്ടെത്തിയ ഞാൻ തയ്യാറാണ്. ഈ തെളിവുകൾക്കെതിരെയും ആശ്രിതരെ വെച്ച് ന്യായീകരണവുമായി ഈ സംഘം എത്താൻ സാധ്യതയുണ്ട്. പക്ഷേ ഏത് ന്യായീകരണങ്ങൾക്കും മേലെയാണ് സൂര്യനെ പോലെ തിളങ്ങി നിൽക്കുന്ന സത്യം. ആ സത്യത്തെ നിങ്ങൾ ഇരുട്ടുകൊണ്ട് മറക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ഇനിയും സംസാരിക്കുന്ന തെളിവുകൾ പുറത്ത് വരും. ഒന്നുകൊണ്ടും നിങ്ങൾ “ധൈര്യപ്പെടേണ്ട”.

2018 ജൂലൈ മാസം ഒമ്പതാം തീയതി പയ്യന്നൂർ റൂറൽ ബാങ്ക് മെയിൻ ബ്രാഞ്ചിലുള്ള, ധീര രക്തസാക്ഷി സഖാവ് ധനരാജ് കുടുംബ സഹായനിധിയുടെ അക്കൗണ്ടിൽ നിന്ന് 5 ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ പേഴ്സണൽ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവ് ഞാൻ പൊതുസമക്ഷം വയ്ക്കുകയാണ്.

ബാങ്കിന്റെ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റും, ധനരാജ് രക്തസാക്ഷി ഫണ്ട് ചിലവഴിച്ചതിന്റെ കണക്ക് കമ്മിറ്റിക്ക് മുൻപാകെ കാണിച്ചതിന്റെ പകർപ്പും ഇതിനോടൊപ്പം പോസ്റ്റ് ചെയ്യുന്നു. പയ്യന്നൂരിലെ പാർട്ടി നേതൃത്വം ധീര രക്തസാക്ഷി സഖാവ് ധനരാജിന്റെ പേരിൽ പിരിച്ച ഫണ്ടിൽ നിന്ന് പോലും പണം അപഹരിച്ചിട്ടുണ്ട് എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഈ പാർട്ടിക്കും ഇന്നാട്ടിലെ ജനങ്ങൾക്കും മാധ്യമങ്ങൾക്കും ഇനി വേണ്ടത്? നിങ്ങൾ നടത്തിയ ഈ ധനാപഹരണം ഈ പാർട്ടിയേയും പാർട്ടിയെ വിശ്വസിക്കുന്ന പാർട്ടി കുടുംബങ്ങളേയും അനുഭാവികളേയും വഞ്ചിക്കുന്നതല്ല എന്ന് ഇപ്പോഴും നെഞ്ചിൽ തൊട്ട് പറയാൻ സാധിക്കുമോ നിങ്ങൾക്ക്? ഈ തെളിവുകൾ പയ്യന്നൂരിലെ ജനങ്ങൾ മനസ്സിലാക്കും. അഴിമതിക്കാർ ആരാണെന്ന് ജനം വിലയിരുത്തും.

Story Highlights : V Kunhikrishnan releases evidence of Dhanaraj fund transferred to former area secretary’s account

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here