Advertisement

‘ഇറാൻ യുദ്ധത്തിന് സമയപരിധി നിശ്ചയിക്കില്ല; ഇസ്ലാമിക ഭരണകൂടം ആഭ്യന്തര തകർച്ച നേരിടും’; നെതന്യാഹു

March 31, 2026
Google News 2 minutes Read

ഇറാൻ യുദ്ധത്തിന് സമയപരിധി നിശ്ചയിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ന്യൂസ് മാക്‌സ് ടെലിവിഷനോടാണ് നെതന്യാഹുവിന്റെ പ്രതികരണം. യുദ്ധം പകുതിദൂരത്തിലധികം പിന്നിട്ടിരിക്കുന്നുവെന്നും ഇറാനിലെ ഇസ്ലാമിക ഭരണകൂടം ആഭ്യന്തര തകർച്ച നേരിടുമെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബഫ് അമേരിക്കയുമായി ചർച്ചയ്ക്ക് തയാറാകുമോ എന്ന് പരിശോധിച്ചുവരികയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൽഡ് ട്രംപ് പറഞ്ഞു. ന്യൂയോർക്ക് പോസ്റ്റിനോടാണ് ട്രംപിന്റെ വെളിപ്പെടുത്തൽ.. ഒരാഴ്ചയ്ക്കുള്ളിൽ അക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും ട്രംപ്. ഇതാദ്യമായാണ് അമേരിക്ക ചർച്ചയിലേർപ്പെടാൻ ശ്രമിക്കുന്ന ഇറാൻ നേതാവിന്റെ പേര് ട്രംപ് വെളിപ്പെടുത്തുന്നത്.

Read Also: പശ്ചിമേഷ്യൻ സംഘർഷം: സൗദിയിൽ നിർണായക കൂടിക്കാഴ്ച

അമേരിക്കയുമായി ചർച്ച നടക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായ്. കഴിഞ്ഞ 31 ദിവസത്തിൽ അമേരിക്കയുമായി യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ബഗായ് പ്രസ്താവനയിൽ പറഞ്ഞു. പാകിസ്ഥാനടക്കമുള്ള മധ്യസ്ഥ രാജ്യങ്ങളിലൂടെ ചർച്ച നടത്താൻ അഭ്യർത്ഥനകളും അമേരിക്കയുടെ നിർദ്ദേശങ്ങളും ലഭിച്ചുവെന്ന് ഇസ്മയിൽ ബഗായ് സ്ഥിരീകരിച്ചു. നയതന്ത്ര ചർച്ചകൾക്കിടയിൽ അമേരിക്ക രണ്ടുവട്ടം നടത്തിയ ആക്രമണങ്ങൾ മറക്കില്ലെന്നും പ്രതിരോധത്തിനാണ് ഇപ്പോൾ ഊന്നൽ നൽകുന്നതെന്നും ഇസ്മയിൽ ബഗായ് വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിലെ ഗതാഗതത്തിന് ടോൾ ഏർപ്പെടുത്താനുള്ള പദ്ധതിക്ക് ഇറാൻ പാർലമെന്ററി കമ്മിറ്റി അംഗീകാരം നൽകി. ഇറാന്റെ ശത്രുരാജ്യങ്ങൾക്കും ഇറാനെതിരായ ഉപരോധങ്ങളിൽ പങ്കെടുത്ത രാജ്യങ്ങൾക്കുമാണ് ഗതാഗതത്തിന് വിലക്ക്. ഒമാനുമായി സഹകരിച്ചാകും പുതിയ ടോൾ സംവിധാനം നടപ്പിലാക്കുകയെന്ന് ഇറാൻ മാധ്യമം.

Story Highlights : Benjamin Netanyahu says he will not set a deadline for war with Iran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here