കത്തനാരിൽ മോഹൻലാലെത്തുമോ? ഹോളിവുഡ് ലെവൽ ട്രെയ്‌ലർ തന്നെയെന്ന് ആരാധകർ
റോജിൻ തോമസിന്റെ സംവിധാനത്തിൽ ഗോകുലം ഗോകുലം സിനിമാസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് 100 കോടിയിലേറെ രൂപ മുതൽ മുടക്കിലെത്തുന്ന ഹൊറർ ഫാന്റസി അഡ്വെഞ്ചർ ചിത്രം കത്തനാറിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. ആട് 3 യുടെ വമ്പൻ വിജയത്തിന് ശേഷം ജയസൂര്യ കത്തനാർ എന്ന മഹാമാന്ത്രികനായി വേഷപ്പകർച്ച നടത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർതാരം അനുഷ്‌ക്ക ഷെട്ടിയാണ് നായികയാകുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത 3 മിനുട്ടോളം ദൈർഗ്യം വരുന്ന ട്രെയ്‌ലറിൽ ഹോളിവുഡ് സിനിമകളായ ലോർഡ് ഓഫ് ദി റിങ്‌സിനെയൊക്കെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യവിരുന്നാണ് അണിയറപ്രവർത്തകർ ഒരുക്കി വെച്ചിരിക്കുന്നത്. ട്രെയിലറിൽ ജയസൂര്യ, അനുഷ്ക ഷെട്ടി, പ്രഭുദേവ, വിനീത്, സാൻഡി മാസ്റ്റർ തുടങ്ങിയ താരങ്ങളുടെ ലുക്ക് കണ്ട് വണ്ടർ അടിച്ച് ഇരിക്കുകയാണ് സോഷ്യൽ മീഡിയ.

ചിത്രത്തിൽ കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ ഒരു അതിഥിവേഷം ചെയ്യുന്നുണ്ട് എന്ന റിപ്പോർട്ടുകളുണ്ട് എന്നതും ശ്രദ്ദേയമാണ്. മോഹൻലാൽ ചിത്രത്തിന്റെ സെറ്റ് സന്ദർശിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. 40 കോടി രൂപ മുടക്കിലൊരുക്കിയ ബ്രഹ്മാണ്ഡ സെറ്റിലാണ് ചിത്രത്തിന്റെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ചത്. 222 ദിവസം നീണ്ടു നിന്ന ചിത്രീകരണത്തിൽ പങ്കു ചേരാനായി ജയസൂര്യ ശ്രദ്ദേയമായ പല ചിത്രങ്ങളും ഒഴിവാക്കിയിരുന്നു.

ചിത്രം പ്രഖ്യാപിച്ചപ്പോൾ മുതൽ ആരാധകർ ഒന്നുവിടാതെ ചോദിച്ചു കൊണ്ടിരുന്ന ചോദ്യം കത്തനാർ എന്നത് സാക്ഷാൽ കടമറ്റത്ത് കത്തനാർ ആണോയെന്നതായിരുന്നു. എന്നാൽ അണിയറപ്രവർത്തകർ ഇതുവരെ അതിനോട് പ്രതികരിച്ചിട്ടില്ല. എങ്കിലും ട്രെയിലറിലെ രംഗങ്ങൾ കണ്ട ആരാധകർ പറയുന്നത് ഇത് മറ്റൊരു കഥയാവാമെന്നാണ്.
റോജിൻ തോമസിന്റെ ആദ്യ രണ്ട് ചിത്രങ്ങളായ ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ, ജോ ആൻഡ് ദി ബോയ് എന്നീ ചിത്രങ്ങളിലെ നായകനായ സനൂപ് സന്തോഷ് കത്തനാരിൽ ഒരു പ്രധാന വേഷമത്തിലെത്തുന്നുണ്ട്, സനൂപിന്റെ ഒരു കിടിലൻ സ്റ്റണ്ട് രംഗം ട്രെയ്‌ലറിൽ മിന്നി മറഞ്ഞിരുന്നു.
മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ഹോം എന്ന ചിത്രത്തിന് ശേഷമെത്തുന്ന റോജിൻ തോമസ് ചിത്രമെന്ന പ്രത്യേകതയും കത്തനാർക്കുണ്ട്. R . രാമാനന്ദും റോജിൻ താമസം ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. രാഹുൽ സുബ്രമണ്യമാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. നീൽ ഡി കുൻഹ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം എഡിറ്റ് ചെയ്യുന്നതും വിഎഫ്എക്സ് ഡയറക്റ്റ് ചെയ്യുന്നതും സംവിധായകൻ തന്നെയാണ്.
Story Highlights :Will Mohanlal appear in Kathanar? Fans say it’s a Hollywood-level trailer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




