Advertisement

ഫുട്ബോള്‍ ലോകകപ്പ് 2026; 48 ടീമുകളുമായി; കണക്കുകൂട്ടല്‍ തുടങ്ങാം

April 3, 2026
Google News 3 minutes Read
world cup

പ്ലേ ഓഫ് മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ റൗണ്ടിലെ 48 ടീമുകള്‍ ഏതെന്നു വ്യക്തമായിക്കഴിഞ്ഞു. എ മുതല്‍ എല്‍ വരെ 12 ഗ്രൂപ്പുകളില്‍ നാലു ടീമുകള്‍ വീതമുണ്ട്. ആതിഥേയരെന്ന ലേബലില്‍ യോഗ്യതാ റൗണ്ട് കളിക്കാതെയെത്തിയവരാണ് യുഎസും മെക്സിക്കോയും കാനഡയും. (Football World Cup 2026; Lets begin the calculations)

മെക്സിക്കോ ഗ്രൂപ്പ് ‘എ’ യില്‍ ജൂണ്‍ 11ന് (12 നു പുലര്‍ച്ചെ 0.30ന് ) ദക്ഷിണാഫ്രിക്കയെയും കാനഡ ഗ്രൂപ്പ് ‘ബി’ യില്‍ 13ന് ബോസ്നിയയെയും എതിരിടും. ലോകകപ്പ് 2026 ലെ ഉദ്ഘാടന മത്സരമാണ് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരം. മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിലാണു മത്സരം. ഗ്രൂപ്പ് ‘ഡി’യില്‍ യു.എസിന്റെ ആദ്യ മത്സരം ജൂണ്‍ 13ന് പാരഗ്വായ്ക്കെതിരെയാണ്. ഫൈനല്‍ ജൂലൈ 19ന്(20നു പുലര്‍ച്ചെ 0.30ന്) ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കും.

ഇത്തവണ 104 മത്സരങ്ങള്‍ ഉണ്ടാകും. കഴിഞ്ഞ ലോകകപ്പിനെക്കാള്‍ 40 മത്സരങ്ങള്‍ കൂടുതല്‍.

Read Also: ‘സ്വന്തം നാട്ടിൽ പാവപ്പെട്ടവന്റെ കിടപ്പാടങ്ങൾക്ക് മീതെ ബുൾഡോസർ കയറ്റിയിറക്കുന്നത് മറച്ചുവച്ച് രേവന്ത് റെഡ്ഡി കേരളത്തെ അവഹേളിക്കുന്നു’; മുഖ്യമന്ത്രി

റൗണ്ട് ഓഫ് 32നു മുന്‍പുള്ള മത്സരങ്ങളാണ് ഇക്കുറി അധികമായുള്ളത്. ആദ്യ റൗണ്ടില്‍ 16 ടീമുകള്‍ പുറത്താകും.

ആദ്യ റൗണ്ടില്‍ 72 മത്സരങ്ങള്‍ ഉണ്ട്. ഓരോ ഗ്രൂപ്പിലും ആറു മത്സരങ്ങള്‍ വീതമുണ്ട്. ആദ്യ ഘട്ടത്തില്‍ 12 ഗ്രൂപ്പുകളില്‍ നടക്കുന്ന മത്സരങ്ങളില്‍ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരിലെ മികച്ച എട്ടു ടീമുകളും റൗണ്ട് ഓഫ് 32 ല്‍ കളിക്കും.

റൗണ്ട് ഓഫ് 32 മുതല്‍ മത്സരങ്ങള്‍ നോക്കൗട്ട് ആണ്. ഇവിടെ കലാശപ്പോരാട്ടവും വെങ്കല മെഡല്‍ പോരാട്ടവും ഉള്‍പ്പെടെ 32 മത്സരങ്ങള്‍ ഉണ്ടാകും. റൗണ്ട് ഓഫ് 32 ല്‍ നിന്ന് പിന്നീട് പ്രീക്വാര്‍ട്ടര്‍ (16 ടീമുകള്‍). തുടര്‍ന്ന് ക്വാര്‍ട്ടറും(എട്ട് ടീമുകള്‍) സെമിയും(നാലു ടീമുകള്‍) നടക്കും. നോക്കൗട്ട് ഘട്ടത്തില്‍ സാധാരണ സമയത്ത് മത്സരം സമനിലയായാല്‍ 30 മിനിട്ട് അധിക സമയം അനുവദിക്കും. 120 മിനിറ്റ് കഴിഞ്ഞും സമനിലയായാല്‍ പെനാല്‍റ്റി ഷൂട്ടൗട്ട്.

ലോകകപ്പ് 39 ദിനം നീളും. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയെന്നാണ് ഫിക്സ്ചര്‍ എങ്കിലും 12 നു പുലര്‍ച്ചയേ തുടങ്ങൂ. സെമിയില്‍ കടക്കുന്ന ടീമുകള്‍ ആകെ എട്ടു മത്സരങ്ങളില്‍ പങ്കെടുക്കണം(ഫൈനലും ലൂസേഴ്സ് ഫൈനലും ഉള്‍പ്പെടെ.).

അതായത് എട്ടു മത്സരങ്ങള്‍ക്കു ശേഷമേ മൂന്നാം സ്ഥാനമോ ഒന്നും, രണ്ടും സ്ഥാനങ്ങളോ നിശ്ചയിക്കപ്പെടുകയുള്ളൂ.

മേയ് 25ന് ക്ലബുകള്‍ കളിക്കാരെ വിട്ടുകൊടുക്കണം. മേയ് 24 വരെ ദേശീയ താരങ്ങള്‍ക്ക് ക്ലബുകളില്‍ കളിക്കാം. കോണ്ടിനെന്റല്‍ ക്ലബ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് ഇളവുണ്ട്. നേരത്തെ 1970 ലും 1986 ലും ലോകകപ്പിന് ആതിഥേയത്വം വഹിച്ച മെക്സിക്കോയ്ക്ക് ഇത് മൂന്നാം ഊഴമാണ്. യു.എസില്‍ 1994 ല്‍ ലോക കപ്പ് നടന്നിരുന്നു. 2002 ല്‍ ദക്ഷിണ കൊറിയയും ജപ്പാനും സംയുക്ത ആതിഥേയര്‍ ആയശേഷം ആദ്യമാണ് ഒന്നിലധികം രാജ്യങ്ങള്‍ ഒരേ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. മോസ്‌ക്കോയില്‍ നടന്ന ഫിഫ കോണ്‍ഗ്രസില്‍ മൊറോക്കോയെ പിന്‍തള്ളിയാണ് യുഎസ് ലോകകപ്പ് വേദിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ലോകകപ്പിന്റെ ഇരുപത്തിമൂന്നാം പതിപ്പാണ് ജൂണില്‍ തുടങ്ങുക. കേപ് ഡി വെര്‍ദെ, കുറാസോ, ജോര്‍ദാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഇത് അരങ്ങേറ്റമാണ്.

ആകെ സമ്മാനത്തുക 655 മില്യന്‍ ഡോളര്‍ ആണ്. ലോകകപ്പ് ജേതാക്കള്‍ക്ക് 50 മില്യന്‍ ഡോളര്‍ സമ്മാനമായി ലഭിക്കും. 2018ല്‍ ഫ്രാന്‍സ് ജയിച്ചപ്പോള്‍ 38 മില്യന്‍ ഡോളറും 2022ല്‍ അര്‍ജന്റീന കപ്പ് നേടിയപ്പോള്‍ 42 മില്യന്‍ ഡോളറുമാണ് സമ്മാനമായി ലഭിച്ചത്.

പങ്കെടുക്കുന്ന 48 ടീമുകള്‍ക്കും 15 ലക്ഷം ഡോളര്‍വീതം തയ്യാറെടുപ്പുകള്‍ക്ക് നല്‍കും. ഗ്രൂപ്പ് ഘട്ടത്തില്‍ മാച്ച് ഫീ ഒന്‍പത് മില്യന്‍ ഡോളറും ക്വാര്‍ട്ടറില്‍ 19 മില്യന്‍ ഡോളറും ആണ്. രണ്ടാം സ്ഥാനക്കാര്‍ക്ക് 33 മില്യന്‍ ഡോളര്‍ കിട്ടും. മൂന്നും നാലും സ്ഥാനക്കാര്‍ക്ക് യഥാക്രമം 29 മില്യന്‍ ഡോളറും 27 മില്യന്‍ ഡോളറും ലഭിക്കും.

പങ്കെടുക്കുന്ന ടീമുകള്‍

ഗ്രൂപ്പ് എ: മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ചെക്ക്റിപ്പബ്ലിക്ക്
ഗ്രൂപ്പ് ബി: കാനഡ, ബോസ്നിയ, ഖത്തര്‍, സ്വിറ്റ്സര്‍ലന്‍ഡ്.
ഗ്രൂപ്പ് സി: ബ്രസീല്‍, മൊറോക്കോ, ഹെയ്തി, സ്‌കോട്ട്ലന്‍ഡ്.
ഗ്രൂപ്പ് ഡി: യു.എസ്, പാരഗ്വെയ്, ഓസ്ട്രേലിയ, തുര്‍ക്കി.
ഗ്രൂപ്പ് ഇ: ജര്‍മ്മനി, കുറാസോ, ഐവറികോസ്റ്റ്, ഇക്വഡോര്‍.
ഗ്രൂപ്പ് എഫ്: നെതര്‍ലന്‍ഡ്സ്, ജപ്പാന്‍, ടൂണീഷ്യ, സ്വീഡന്‍.
ഗ്രൂപ്പ് ജി: ബല്‍ജിയം, ഈജിപ്ത്, ഇറാന്‍, ന്യൂസിലന്‍ഡ്.
ഗ്രൂപ്പ് എച്ച്: സ്പെയിന്‍, കേപ് ഡി വെര്‍ദെ, സൗദി അറേബ്യ, യുറുഗ്വായ്,
ഗ്രൂപ്പ് ഐ: ഫ്രാന്‍സ്, സെനഗല്‍, ഇറാഖ്, നോര്‍വേ.
ഗ്രൂപ്പ് ജെ: അര്‍ജന്റിന, അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍.
ഗ്രൂപ്പ് കെ: പോര്‍ച്ചുഗല്‍, കോംഗോ, ഉസ്ബെക്കിസ്ഥാന്‍, കൊളംബിയ.
ഗ്രൂപ്പ് എല്‍: ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പാനമ.

Story Highlights : Football World Cup 2026; Lets begin the calculations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here