Advertisement

റഫറിയുടെ പെരുമാറ്റം ‘ആര്‍ത്തവമൂഡില്‍’; സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി നെയ്മര്‍ വീണ്ടും വിവാദത്തില്‍

April 3, 2026
Google News 2 minutes Read
Neymar Junior

കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ബ്രസീലിയന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ജൂനിയര്‍ വീണ്ടും വിവാദത്തില്‍. റഫറിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശമാണ് നെയ്മറിനെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത്. ബ്രസീലിയന്‍ ലീഗില്‍ തന്റെ ടീമായ സാന്റോസും റെമോയും തമ്മിലുള്ള മത്സരത്തില്‍ നെയ്മറിന് മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. മത്സരശേഷം നല്‍കിയ ടെലിവിഷന്‍ പ്രതികരണത്തിലായിരുന്നു താരത്തിന്റെ വിവാദ പരാമര്‍ശം.

മത്സരത്തില്‍ സാന്റോസ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചെങ്കിലും അടുത്ത മത്സരം നെയ്മറിന് നഷ്ടപ്പെടുമെന്ന നിരാശയിലായിരുന്നു നെയ്മര്‍. കളിക്കിടെ ലഭിച്ച മഞ്ഞക്കാര്‍ഡില്‍ നെയ്മര്‍ അസംതൃപ്തനായിരുന്നു. തുടര്‍ന്നാണ് മത്സരശേഷം ചാനല്‍ ക്യാമറക്ക് മുമ്പില്‍ സംസാരിക്കവെ മത്സരം നിയന്ത്രിച്ച റഫറി സാവിയോ പെരേര സമ്പായോയെ താരം വിമര്‍ശിച്ചതും ‘ഷിക്കോ’ എന്ന വിവാദ പദപ്രയോഗം നടത്തിയതും. ‘റഫറി എഴുന്നേറ്റത് ‘ഷിക്കോ’ പോലെയാണ്, ഇതേ മൂഡിലായിരുന്നു അദ്ദേഹം കളിക്കളത്തില്‍ എത്തിയത്’, എന്നായിരുന്നു നെയ്മറുടെ പരിഹാസം. ബ്രസീലിയന്‍ സംസാരഭാഷയില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവസമയത്തുണ്ടാകുന്ന മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന പ്രയോഗമാണ് ‘എസ്റ്റാര്‍ ഡി ഷിക്കോ’. റഫറി യുക്തിരഹിതമായി പെരുമാറുന്നത് അയാള്‍ക്ക് ആര്‍ത്തവമായതുകൊണ്ടാണെന്ന അര്‍ത്ഥത്തിലായിരുന്നു ‘ഷിക്കോ’ പ്രയോഗം നടത്തിയത്.

അതേ സമയം സൂപ്പര്‍ താരത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വലിയ പ്രതിഷേധമാണ് ബ്രസീലില്‍ ഉയര്‍ന്നിരിക്കുന്നത്. പരാമര്‍ശം കടുത്ത സ്ത്രീവിരുദ്ധതയാണെന്ന് ബ്രസീലിയന്‍ മാധ്യമപ്രവര്‍ത്തക മരിയാന പെരേര ആരോപിച്ചു. ‘ആര്‍ത്തവം സ്വാഭാവികമായ ജൈവ പ്രക്രിയയാണെന്നും അതിനെ മോശം മാനസികാവസ്ഥയുമായി ബന്ധിപ്പിക്കുന്നത് വിവേചനപരമാണെന്നും മരിയാന പറഞ്ഞു. വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലും നെയ്മര്‍ ജൂനിയറിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

സാന്റോസ്-റെമോ മത്സരത്തിനിടെ കടുത്ത ഫൗളുകള്‍ക്ക് നെയ്മര്‍ ഇരയായിരുന്നു. രണ്ടാം പകുതിയില്‍ യുറോഗ്വായിന്‍ അറ്റാക്കര്‍ ഡിയാഗോ ഹെര്‍ണാണ്ടസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനാണ് റഫറി മഞ്ഞക്കാര്‍ഡ് നല്‍കിയത്. ഇതോടെ ഞായറാഴ്ച ഫ്‌ളെമെംഗോയ്ക്കെതിരെ നടക്കുന്ന നിര്‍ണായക മത്സരത്തില്‍ നെയ്മര്‍ക്ക് കളത്തിലിറങ്ങാനാകില്ല.

Story Highlights: Neymar launches scathing attack on referee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here