ഫാത്തിമ തഹ്ലിയക്കെതിരായ അനൗണ്‍സ്‌മെന്റ്; ‘ സിപിഐഎം നേതാക്കളുടെ അറിവോടെ; കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനം’; വി ഡി സതീശന്‍
പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്കെതിരായ വര്‍ഗീയ അനൗണ്‍സ്‌മെന്റ് ഉത്തരവാദിത്തപ്പെട്ട മുതിര്‍ന്ന നേതാക്കളുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന് അധികാരം നിലനിര്‍ത്താന്‍ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന നിലപാടാണെന്നും വി ഡി സതീശന്‍ എഫ് ബി പോസ്റ്റില്‍ ആരോപിച്ചു. (Perambra Announcement controversy)
ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉത്തരവാദിത്തപ്പെട്ട സിപിഐഎം നേതാക്കളുടെ അറിവോടെ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനമായ രീതിയിലാണ് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്കെതിരെ എല്‍ഡിഎഫ് വര്‍ഗീയ അനൗണ്‍സ്‌മെന്റ് നടത്തിയതെന്ന് അദ്ദേഹം കുറിച്ചു. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച സിപിഐഎം ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പ്രതികളെ കണ്ടെത്താനായില്ലെന്നു പറഞ്ഞ് പിണറായി വിജയന്റെ പൊലീസ് കേസ് അവസാനിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
തോല്‍വി ഉറപ്പായതോടെ അധികാരം നിലനിര്‍ത്താന്‍ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുകയെന്ന പിണറായി വിജയന്റെയും സിപിഐഎമ്മിന്റെയും തീരുമാനത്തിന്റെ ഭാഗമാണ് പേരാമ്പ്രയിലെ വര്‍ഗീയ പ്രചരണമെന്നും മതസ്പര്‍ധ വളര്‍ത്തിയും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയും പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഇരുണ്ട കാലത്തിന് എതിരായ ജനവികാരത്തില്‍ നിന്നും രക്ഷപ്പെടാമെന്നത് സിപിഐഎം നേതൃത്വത്തിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കുറിച്ചു. ജനവിരുദ്ധ സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും തൂത്തെറിയാന്‍ കേരളം ഒന്നടങ്കം കാത്തിരിക്കുകയാണെന്നത് സിപിഐഎമ്മും എല്‍ഡിഎഫും മറക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ വര്‍ഗീയത കലര്‍ത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രചാരണം അവാസാനലാപ്പിലെത്തുമ്പോള്‍ കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തില്‍ വിവാദം കത്തിക്കയറുകയാണ്. വര്‍ഗീയ പ്രചാരണമെന്ന പരാതികളില്‍ എല്‍ഡിഎഫ് – യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് അയച്ചു. അനൗണ്‍സ്‌മെന്റ് വിവാദമാണ് എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കുന്നത്. ആരോപണം തള്ളിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി പി രാമകൃഷ്ണന്‍, ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായി.
സമുദായത്തിന്റെ പേരില്‍ വോട്ടഭ്യര്‍ഥിച്ചെന്ന പരാതിയില്‍ ഫാത്തിമാ തെഹ്‌ലിയയ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. വിവാദഅനൗണ്‍സ്‌മെന്റിലെ പരാതിയില്‍ പൊലീസ് കേസെടുക്കുന്നില്ലെന്ന് ഫാത്തിമാ തഹ്‌ലിയ കുറ്റപ്പെടുത്തി.
Story Highlights : Perambra Announcement controversy; V D Satheesan slams CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




