Advertisement

ഇറാന്റെ ബുഷെഹര്‍ ആണവനിലയത്തിന് സമീപം യുഎസ് – ഇസ്രയേല്‍ ആക്രമണം; സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

April 4, 2026
Google News 3 minutes Read
Bushehr nuclear plant

ഇറാന്റെ ബുഷെഹര്‍ ആണവനിലയത്തിന് സമീപം യുഎസ് -ഇസ്രയേല്‍ ആക്രമണം. ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ആണവനിലയത്തിന് കേടുപാടില്ലെന്ന് ഇറാന്‍ അറിയിച്ചു. നാലാം തവണയാണ് ബുഷ്‌ഹെര്‍ ആണവനിലയത്തിന് നേരെ ആക്രമണം ഉണ്ടാകുന്നതെന്ന് ഇറാന്‍ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ പറഞ്ഞു. ഇറാനിലെ പ്രവര്‍ത്തനക്ഷമമായ ഒരേയൊരു ആണവനിലയമാണ് ബുഷെഹര്‍. (IAEA says projectile hits near Iran’s Bushehr nuclear plant)

അതേസമയം, പാകിസ്താന്റെ മധ്യസ്ഥ്യത്തില്‍ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചര്‍ച്ചയില്‍ നിന്നും ഇറാന്‍ പിന്മാറി. വെടിവച്ചിട്ട രണ്ട് അമേരിക്കന്‍ പോര്‍വിമാനങ്ങളിലെ രണ്ട് പൈലറ്റുകളെ രക്ഷിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ എത്ര മിസൈല്‍ ലോഞ്ചറുകള്‍ നശിപ്പിച്ചുവെന്ന് അമേരിക്കയ്ക്ക് കൃത്യമായ ധാരണയില്ലെന്നാണ് യുഎസ് ഇന്റലിജന്‍സിന്റെ പ്രതികരണം.

Read Also: ‘കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു, മെയ് 4ന് കേരളത്തിൽ NDA സർക്കാർ അധികാരത്തിൽ വരും’; പ്രധാനമന്ത്രി തിരുവല്ലയിൽ

പാകിസ്താന്‍ മധ്യസ്ഥ്യത്തിലുള്ള ചര്‍ച്ചകളില്‍ നിന്നും ഇറാന്‍ പിന്മാറിയതായും അമേരിക്കയുടെ 15 ഇന നിബന്ധനകള്‍ തള്ളിയതായും ദ വാള്‍ സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്. 48 മണിക്കൂര്‍ നീളുന്ന വെടിനിര്‍ത്തലിനുള്ള അമേരിക്കന്‍ നിര്‍ദ്ദേശം ഇറാന്‍ തള്ളി. ഇന്നലെ ഇറാന്‍ വെടിവച്ചിട്ട അമേരിക്കയുടെ എഫ്-15, എ-10 പോര്‍വിമാനങ്ങളിലെ രണ്ട് പൈലറ്റുകളെ രക്ഷിച്ചതായാണ് വിവരം. എഫ്-15ല്‍ ഉണ്ടായിരുന്ന ഒരു സൈനികനെ ഇനിയും കണ്ടെത്തേണ്ടതുണ്ട്.

അതിനിടെ അമേരിക്ക ബോംബിട്ട മിസൈല്‍ ബങ്കറുകള്‍ മണിക്കൂറുകള്‍ക്കകം വീണ്ടെടുക്കാന്‍ ഇറാന് കഴിയുന്നുവന്നാണ് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇറാന്റെ എത്ര മിസൈല്‍ ലോഞ്ചറുകള്‍ നശിച്ചുവെന്ന് അമേരിക്കയ്ക്ക് ഇനിയും നിര്‍ണയിക്കാനായിട്ടില്ലെന്നും യു എസ് ഇന്റലിജന്‍സ് സ്രോതസ്സുകളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍, റിസര്‍വ് സൈനികരുടെ സേവനകാലയളവ് ആറാഴ്ചയില്‍ നിന്നും ഒമ്പത് ആഴ്ചയായി വര്‍ധിപ്പിച്ചുകൊണ്ട് ഇസ്രയേല്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഇറാന്റെ ക്ലസ്റ്റര്‍ ബോംബ് ആക്രമണത്തില്‍ ഇസ്രയേലിലെ റാമത് ഗാനില്‍ കെട്ടിടം തകര്‍ന്നു. റോഷ് ഹായില്‍ വൈദ്യുതി നിലച്ചതായും ബീര്‍ഷെബയിലെ വ്യവസായമേഖലയിലെ തീപിടിത്തമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. തെക്കന്‍ ലെബനോണില്‍ രണ്ട് പാലങ്ങള്‍ കൂടി ഇസ്രയേല്‍ തകര്‍ത്തു. ഇതുവരെ ലിതാനി നദിക്കു കുറുകെയുള്ള പത്തോളം പാലങ്ങളാണ് ഇസ്രയേല്‍ തകര്‍ത്തത്.

Story Highlights : IAEA says projectile hits near Iran’s Bushehr nuclear plant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here