വയനാട്ടിലെ വീടുകളുടെ നിര്‍മാണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കും: കെ സി വേണുഗോപാല്‍
വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധികര്‍ക്കായി നല്‍കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത വീടുകളുടെ പണി ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഈ കാലയളവ് താന്‍ വളരെ ഉത്തരവാദിത്തത്തോടെയാണ് പറയുന്നതെന്നും ആറ് മാസത്തിനുശേഷം വീണ്ടും അഭിമുഖം നല്‍കാന്‍ തയ്യാറെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. (Construction of houses in Wayanad will be completed within six months: KC Venugopal)
വയനാടിനായി പിരിച്ച പണത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന് യാതൊരു വ്യക്തതക്കുറവുമില്ലെന്നും അങ്ങനെയുണ്ട് എന്നുള്ളത് ചിലരുടെ പ്രചരണം മാത്രമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. തങ്ങള്‍ സഹായം ചെയ്യാമെന്ന് സര്‍ക്കാരിനെ അറിയിച്ചപ്പോള്‍ സ്ഥലം എടുത്തുതരാമെന്ന് ആദ്യം സര്‍ക്കാര്‍ പറഞ്ഞിരുന്നു. പിന്നീടാണ് കാര്യങ്ങള്‍ മാറിയത്. സ്ഥലം സ്വയം കണ്ടെത്തേണ്ടതായി വന്നു. സ്ഥലം വാങ്ങുന്നതില്‍ ഉള്‍പ്പെടെ കാലതാമസമുണ്ടായി എന്നത് അംഗീകരിക്കുന്നു. എന്നാല്‍ പണത്തിന്റെ കാര്യത്തില്‍ ഒരു ക്ലാരിറ്റിക്കുറവുമില്ല. അക്കൗണ്ട് വിവരങ്ങള്‍ ആര്‍ക്കും പരിശോധിക്കാമല്ലോ എന്നും അദ്ദേഹം പറഞ്ഞു. സ്ഥലം വാങ്ങല്‍ ഉള്‍പ്പെടെ പൂര്‍ത്തിയായ സാഹചര്യത്തില്‍ ആറ് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വയനാടിന് വേണ്ടി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന പ്രചരണം പച്ചക്കള്ളമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. വയനാട് വിഷയം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത് രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹം കാരണമാണ് ചര്‍ച്ച തന്നെ നടന്നത്. രാഹുലിന്റെ ഉള്‍പ്പെടെ ആവശ്യപ്രകാരമാണ് കര്‍ണാടക സര്‍ക്കാര്‍ വയനാടിനായി 20 കോടി കൈമാറിയത്. കോണ്‍ഗ്രസ് നേതാക്കളെല്ലാം സഹായം ചെയ്തവരാണ്. എന്തിന് എല്ലാ നിര്‍മാണവും ഊരാളുങ്കലിനെ ഏല്‍പ്പിച്ചു എന്നത് അന്ന് തങ്ങള്‍ ചോദ്യം ചെയ്യാത്തത് ദുരന്തമുഖത്താണ് നമ്മള്‍ നില്‍ക്കുന്നതെന്ന ബോധ്യവും ഔചിത്യവും ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : Construction of houses in Wayanad will be completed within six months: KC Venugopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




