Advertisement

ആശ്വാസം; നാലാം നാൾ ശരണ്യയെ കണ്ടെത്തി

April 5, 2026
Google News 2 minutes Read
saranya

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി. നാലാം ദിവസത്തെ തിരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്തിയത്.കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് യുവതിയെ കാണാതായത്. ട്രക്കിങ്ങിന് പോയ മലയിലാണ് ശരണ്യയുള്ളത്.എംഎൽഎ അടക്കമുള്ളവർ ശരണ്യ കുടുങ്ങി കിടക്കുന്ന സ്ഥലത്തേയ്ക്ക് എത്തും. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.

10 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ശരണ്യ കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോളിൽ ട്രക്കിങ്ങിനായി പോയത്.യുവ ഐ.ടി. പ്രൊഫഷണലാണ് ശരണ്യ. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് ശരണ്യ താമസിച്ചത്. ഹോംസ്‌റ്റേയിലെത്തിയ മറ്റുള്ളവർക്കൊപ്പം വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉൾപ്പെടെയുള്ള സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. കാട്ടാന ശല്യമുള്ളതിനാൽ മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പം പോകാൻ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ തനിക്ക് വഴിതെറ്റിപ്പോയെന്ന് ശരണ്യ ഹോംസ്‌റ്റേയിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് ഹോംസ്‌റ്റേ ജീവനക്കാരും, നാട്ടുകാരും വനപ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, ശരണ്യയുടെ മൊബൈൽഫോൺ സ്വിച്ച് ഓഫായി. തുടർന്നാണ് വനംവകുപ്പിനെയും പൊലീസിനെയും വിവരമറിയിച്ചത്.

കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് തിരച്ചിൽ നടത്തിയിരുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചിൽ. ഡ്രോണുകളും സ്നിഫർ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്. നക്സൽ വിരുദ്ധ സേനയും തിരച്ചിൽ സംഘത്തിലുണ്ടായിരുന്നു. വടകര താലൂക്ക് കാർഷിക വികസന ബാങ്കിൽ നിന്നു വിരമിച്ച വടക്കയിൽ ഗോപിയുടെയും ഷൈലജയുടെയും മകളാണ് ശരണ്യ.

Story Highlights : Saranya, who went missing while trekking in Kodagu, found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here