Advertisement

തൂത്തുക്കുടി സാത്താന്‍കുളത്തൂര്‍ കസ്റ്റഡി കൊലപാതകം: ഒന്‍പത് പൊലീസുകാര്‍ക്ക് വധശിക്ഷ

6 days ago
Google News 3 minutes Read
9 Tamil Nadu Cops Get Death Sentence In Father-Son Custodial Torture Case

തമിഴ്‌നാട് തൂത്തുക്കുടി സാത്താന്‍കുളത്തൂര്‍ കസ്റ്റഡി മരണത്തില്‍ ഒന്‍പത് പൊലീസുകാര്‍ക്ക് വധശിക്ഷ. മധുര ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. സാത്താന്‍കുളത്തൂരിലെ വ്യാപാരി ജയരാജ്, മകന്‍ ഫെനിക്‌സ് എന്നിവരെയാണ് കസ്റ്റഡിയില്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. 2020 ജൂണ്‍ 19നായിരുന്നു സംഭവം. സാത്താന്‍കുളത്തൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍ , സബ് ഇന്‍സ്‌പെക്ടര്‍മരായ ബാലകൃഷ്ണന്‍, രഘു ഗണേഷ്, പൊലിസുകാരായ എന്‍. മുത്തുരാജ, സാംദുരൈ,ചെല്ലദുരൈ,തോമസ് ഫ്രാന്‍സിസ്, മുരുകന്‍,വെയിലുമുത്തു എന്നിവരാണ് കേസിലെ പ്രതികള്‍. (9 Tamil Nadu Cops Get Death Sentence In Father-Son Custodial Torture Case)

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ജയരാജിനേയും ഫെനിക്‌സിനേയും പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനില്‍ വച്ച് പൊലീസുകാര്‍ ഇരുവരേയും നഗ്നരാക്കി അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി എന്നായിരുന്നു കണ്ടെത്തല്‍. ആയുധങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് മര്‍ദനമെന്നും ഗുരുതര മനുഷ്യാവകാശ ലംഘനമുണ്ടായെന്നുമായിരുന്നു കേസില്‍ സിബിഐയുടെ കണ്ടെത്തല്‍. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ഒന്‍പത് പൊലീസുകാര്‍ക്കും വധശിക്ഷ വിധിച്ചത്. പ്രതികള്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് നടത്തിയ ഹീനകൃത്യമെന്ന് കോടതി നിരീക്ഷിച്ചു. തമിഴ്‌നാട്ടില്‍ സത്യസന്ധരും നീതിമാന്മാരുമായ നിരവധി പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്നും ഈ ഒന്‍പത് പേര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നത് പൊലീസില്‍ അനാവശ്യഭയമുണ്ടാക്കില്ലെന്നും കോടതി പറഞ്ഞു.

Read Also: രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുകൊണ്ട് ഹരിപ്പാട് എ ഐ വീഡിയോ: ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി യുഡിഎഫ്

കൊലപാതകത്തിന്റെ ക്രൂരത ഉള്‍പ്പെടെ കണക്കിലെടുത്ത് പരമാവധി ശിക്ഷ നല്‍കണമെന്നാണ് സിബിഐ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. കസ്റ്റഡിയില്‍ വച്ച് ഇരുവരും ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് തെളിഞ്ഞതായാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. കൊല്ലപ്പെട്ടവരുടെ മലാശയത്തില്‍ ഉള്‍പ്പെടെ കണ്ടെത്തിയ രക്തസ്രാവവും മറ്റും ക്രൂരപീഡനത്തിന് ശാസ്ത്രീയ തെളിവുകളായി. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന സിബി സിഐഡിയില്‍ നിന്ന് കേസ് സിബിഐ ഏറ്റെടുക്കുന്നത്.

Story Highlights : 9 Tamil Nadu Cops Get Death Sentence In Father-Son Custodial Torture Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here