ഇറാനെതിരായ യുഎസ്- ഇസ്രയേല്‍ ആക്രമണം: ചൈനയ്ക്ക് തുറന്നുനല്‍കുന്ന പ്രയോജനങ്ങളും ചൈനയെ പൊള്ളിക്കുന്ന ഉത്കണ്ഠകളും
അമേരിക്കയും, ഇസ്രയേലും സംയുക്തമായി ഇറാനുമേല്‍ നടത്തുന്ന ആക്രമണങ്ങള്‍ രണ്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. നാള്‍ക്ക്‌നാള്‍ നീളുന്നയീ സംഘര്‍ഷം ചൈനക്ക് ഒരേ സമയം പ്രയോജനങ്ങളും, മറ്റും ഉല്‍ക്കണ്ഠകളും നല്‍കുന്നു. (possibilities and complexities for china in israel-us attack against iran)
അനുകൂല ഘടകങ്ങള്‍
പ്രയോജനങ്ങള്‍ ഒരു പക്ഷെ, പ്രകടമാണ്. ഒന്ന്, അമേരിക്കയെ മോശമായും, തങ്ങളെ താരതമ്യേന വിവേകപൂര്‍ണ്ണവും മറ്റും കൂടുതല്‍ മിതമായ ഒരു ശക്തിയായി ചിത്രീകരിക്കാനും ചൈനക്കൊരു അവസരമാണ്. അമേരിക്കയുടെ ‘കൂടിയാലോചനകള്‍, വ്യത്യസ്ത അഭിപ്രായങ്ങളെ
സത്യസന്ധമായി പരിഹരിക്കുന്നതിന് പകരം നയന്തന്ത്ര ഭാഷയില്‍ പൊതിഞ്ഞ യുദ്ധ മുന്നറിയിപ്പുകളാണെന്നാണ്’ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക ദിനപത്രമായ, പീപ്പിള്‍സ് ഡെയ്ലി അവരുടെ പംക്തിയില്‍, വിശേഷിപ്പിച്ചത്. അതിനെ അപേക്ഷിച്ച്, സംഘര്‍ഷത്തിന് അയവു വരുത്താന്‍ ‘ക്രിയാത്മികമായി പ്രവര്‍ത്തിക്കാന്‍ തങ്ങളുടെ സന്നദ്ധത’ (‘willingness to keep playng a constructive role in promoting de-escalation’) അറിയിക്കുകയും, ‘അന്താരാഷ്ട്ര നയബന്ധങ്ങളില്‍ ഏകപക്ഷമായ ബലപ്രയോഗത്തിന്റെ ഭീഷണികള്‍ക്കെതിരെ ചൈന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അമേരിക്ക നടത്തിയ അന്താരാഷ്ട്ര നിയമങ്ങളുടെയും, ‘അന്താരാഷ്ട്ര ബന്ധങ്ങളിലെ അടിസ്ഥാന നിബന്ധനകളുടെ’ (‘fundamental norms of International Relations’) ലംഘനത്തെയും ഉയര്‍ത്തികാട്ടുന്നതിലൂടെ, ആഗോള ഭരണവ്യവസ്ഥ സംരഭം (Global Governance Initiative) പോലെയുള്ള തങ്ങളുടെ പദ്ധതികള്‍ക്ക് വിശ്വാസ്യതയും, അംഗീകാരവും ലഭിക്കുമെന്ന് ചൈനക്ക് വിശ്വാസമുണ്ട്. മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിവരുന്ന പാക്കിസ്ഥാന്‍, പശ്ചിമേഷ്യയില്‍ സമാധാനവും, ഭദ്രതയും പുനഃസ്ഥാപിക്കാന്‍ മുന്നോട്ടു വച്ച അഞ്ചിന കര്‍മ്മ പരിപാടി, ചൈനയുമായി ചേര്‍ന്നാണെന്ന കാര്യം ശ്രദ്ധേയമാണ്.
രണ്ടാമതായി, ഇറാനും, ഗള്‍ഫിലെ മറ്റു അറബ് രാഷ്ട്രങ്ങളില്‍ നിന്നും ഒരു പോലെ വലിയളവില്‍ ഊര്‍ജ്ജ ഇറക്കുമതി നടത്തുകയും, അവരുടെ വ്യാപാര പങ്കാളിയുമായ ചൈന, യു.എന്‍. രക്ഷ സമിതിയിലെ ഒരു സ്ഥിരംഗം കൂടിയാണ്. അങ്ങനെ വരുമ്പോള്‍, ഉരുത്തിരിയുന്ന സ്ഥിതിഗതികളില്‍ ഒരു പ്രധാന പങ്ക് വഹിക്കാനും ചൈനക്ക് പറ്റും. കൂടാതെ, കാര്യങ്ങള്‍ വഷളാകുന്ന മുറയ്ക്ക് അതില്‍ ഇടപെടാതെയും, ഉള്‍പ്പെടാതെയും മാറി നില്‍ക്കാനുള്ള കഴിവും ചൈനക്കുണ്ട്. സംഘര്‍ഷം നീളുന്നിടത്തോളം , അമേരിക്കയെയും, അവരുടെ സഖ്യ കക്ഷികളെയും തങ്ങളുടെ അയല്പക്കത്ത് നേരിടാനും, എതിര്‍ക്കാനും ചൈനക്കാവും. കാരണം, അതാണ് അവരുടെ ആദ്യ മുന്‍ഗണന.

സാമ്രാജ്യ അധികാരപരിധിയുടെ വ്യാപനത്തിലൂടെ (imperial overreach), ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ടു അമേരിക്ക ദുര്‍ബലമാകുകയും, ചൈന തങ്ങളുടെ ശക്തികളെ സംരക്ഷിച്ചും, അത് പോലെ പ്രഭാവം ചെലുത്തുകയും ചെയ്യുന്നെന്ന ഊഹത്തില്‍ ഒരല്‍പ്പം സത്യമില്ലാതില്ല.
സാമ്പത്തിക തലത്തിലും ചൈനക്ക് നേട്ടങ്ങളുണ്ട്. സംഘര്‍ഷത്തിലെ ഒരു കേന്ദ്ര ബിന്ദുവായ ഹോര്‍മുസ് കടലിടുക്കിലെ (Strait of Hormuz) ഇറാന്റെ കടുത്ത നിയന്ത്രണം, എണ്ണ-പ്രകൃതിവാതക നീക്കത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇത് ലോകത്ത്, പ്രത്യേകിച്ച് ഏഷ്യയില്‍ കടുത്ത ഊര്‍ജ്ജ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. എന്നിരിക്കെ ചൈനയിലേക്കുള്ള കപ്പലുകളെ ഇറാന്‍ യഥേഷ്ടം കടത്തി വിടുകയും ചെയ്യുന്നുണ്ട്. കൂടാതെ, കടലിടുക്കിലെ നിയന്ത്രണത്തില്‍ ഇറാന്റെ റിവൊല്യൂഷനറി ഗാര്‍ഡ് കോര്‍ (IRGC) നടപ്പിലാക്കിയ ടോള്‍ പിരിവില്‍, കപ്പല്‍ കമ്പനികള്‍ കൊടുക്കുന്ന ചുങ്കം ചൈനയുടെ നാണയമായ രന്‍മിന്‍ബിയിലാകണമെന്ന നിബന്ധന യു.എസ് ഡോളറിന്റെ പ്രാമുഖ്യത്തിനു ക്ഷതമേല്പിക്കുന്നു. അതേ സമയം, അതിര്‍ത്തി കടന്നുള്ള പണമിടപാടുകള്‍ നടത്തുന്ന ചൈനീസ് കമ്പനികളുടെ ഓഹരികള്‍ വിപണിയില്‍ ഈ നടപടിമൂലം വന്‍ കുതിപ്പ് കൈവരിച്ചിരിക്കുകയാണ്. കൂടാതെ, ചൈനയുടെ നാണയത്തിന്റെ ആഗോളവല്‍ക്കരണ യത്‌നങ്ങള്‍ക്ക് ഇതിലൂടെ ഒരു ഉത്തേജനവും കിട്ടിയിട്ടുണ്ട്. മാത്രമല്ല, കാര്‍ഷിക വളങ്ങളുടെ ചരക്കു നീക്കങ്ങള്‍ താറുമാറായതോടെ, ഇവയുടെ വന്‍തോതിലുള്ള ഉല്‍പ്പാദനം നടത്തുന്ന ചൈനയുടെ സ്വാധീനവും വര്‍ദ്ധിച്ചിട്ടുണ്ട്.

നിലനില്‍ക്കുന്ന സങ്കീര്‍ണ്ണതകള്‍
എന്നാല്‍ ഈ സംഘര്‍ഷത്തിലൂടെ സംജാതമാകുന്ന സങ്കീര്‍ണ്ണതകള്‍, ചൈനയെ പൊള്ളിക്കുന്നുമുണ്ട്.
അതിലാദ്യത്തേതു, ആഗോള ഊര്‍ജ്ജ വിലയിലുണ്ടാകുന്ന ആഘാതമാണ്. എന്നാല്‍, തങ്ങളുടെ കൈവശമുള്ള തന്ത്രപ്രധാന കരുതല്‍ശേഖരവും (strategic reserves), വെനിസുവേലയില്‍ നിന്നും, ഇറാനില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി, തങ്ങളുടെ മൊത്തത്തിലുള്ള ഇറക്കുമതിയില്‍ കുറഞ്ഞ അളവില്‍ മാത്രമാണെന്നുള്ള വസ്തുതയും, ഈ ആഘാതത്തെ അഭിമുഖീരികരിക്കാന്‍ ചൈനക്ക് പ്രാപ്തി നല്‍കുന്നു.
രണ്ടാമത്, കപട ഉദ്ദേശ്യത്തില്‍ നിലകൊണ്ടു, ഇപ്പോള്‍ അമേരിക്കയുടെ നയതന്ത്രം ചൈനയുടെ നയതന്ത്രത്തെ പോലെ കാണപ്പെടുകയാണ് – ജനീവയില്‍ ഇറാനും അമേരിക്കയും ടെഹ്‌റാന്റെ ആണവായുധ പദ്ധതിക്കായി ഒരു പുതിയ കരാറിനായുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കെ തന്നെ, വാഷിംഗ്ടണും, ടെല്‍ അവിവും ഇറാനെ ആക്രമിക്കാന്‍ തീരുമാനിച്ചിരുന്നു. യു.എസ് പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ്, മെയ് മാസം പകുതിയോടെ ചൈന സന്ദര്‍ശിക്കാനിരിക്കുകയാണ് (ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന സന്ദര്‍ശനം ഇറാന്‍ സംഘര്‍ഷം മൂലം നീക്കിവെക്കപ്പെട്ടു); തന്റെ രണ്ടാമൂഴത്തില്‍, ഇത് ട്രംപിന്റെ ആദ്യ ചൈന സന്ദര്‍ശനമാകും. തന്റെ സ്വതസിദ്ധ ശൈലിയില്‍ പ്രതീക്ഷകളുടെ ഒരു നീണ്ട പട്ടികയുമായാകും അദ്ദേഹം ഈ സന്ദര്‍ശനത്തിനെത്തുക എന്നാല്‍ തന്റെ തന്നെ വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പാക്കുമെന്ന് പറയാന്‍ സാധ്യമല്ല. ഇത് വരെ, കൂടിയാലോചനകളില്‍ മറ്റു കക്ഷികള്‍ തങ്ങളുടെ മേല്‍ അര്‍പ്പിച്ച സദുദ്ദേശത്തെ ചൈനയാണ് പ്രയോജനപ്പെടുത്തിയെതെങ്കില്‍, ഇപ്പോള്‍ ട്രംപിലൂടെ സാധ്യതകള്‍ തുല്യമാണ്.
മൂന്നാമത്തേത്, ചൈന-ഇറാന്‍ ബന്ധങ്ങള്‍ക്ക് തന്നെയേല്‍ക്കുന്ന ആഘാതമാണ്. 2021-ല്‍, ചൈന ഇറാനുമായി 25 വര്‍ഷത്തേക്ക് നിലനില്‍ക്കുന്ന തന്ത്രപാദന സഹകരണ കരാറില്‍ – യു.എസ് ഡോളര്‍ 400 ബില്യണ്‍ മതിപ്പുള്ള – ഒപ്പിടുകയുണ്ടായി. ഇതിലൂടെ വിലക്കിഴിവില്‍ ഇറാനില്‍ നിന്നും എണ്ണ വാങ്ങാന്‍ സാധിച്ചെങ്കിലും, പാശ്ചാത്യ ലോകം ടെഹ്റാനുമേല്‍ ഏര്‍പ്പെടുത്തിയ നിരോധനങ്ങള്‍ മൂലം, ചൈനയുടെ നിക്ഷേപങ്ങള്‍ മറിച്ചൊഴുകിയില്ല. ഇതിനു വിപരീതമായി, അതിനടുത്ത വര്‍ഷം
ചൈന-ഗള്‍ഫ് മറ്റും ചൈന-അറബ് ഉച്ചകോടികള്‍ക്കായി ഇറാന്റെ പ്രാദേശിക എതിരാളിയായ സൗദി അറേബ്യായില്‍ ചൈനീസ് പ്രസിഡന്റ്ഷീ ജിന്‍പിങ് നടത്തിയ സന്ദര്‍ശനത്തില്‍, ഊര്‍ജ്ജം, സാങ്കേതികവിദ്യ മറ്റും അടിസ്ഥാന വികസനം എന്നീ മേഖലകളില്‍, യു.എസ് ഡോളര്‍ 30 ബില്യണ്‍ വരുന്ന 30 കരാറുകള്‍ ഒപ്പിടപ്പെട്ടു. ഇതിനുള്ളൊരു പ്രധാന കാരണം വര്‍ദ്ധിച്ചു വരുന്ന ചൈന-സൗദി ദ്വിപക്ഷ വ്യാപാരമാണ്. 2024-ല്‍ ഇറാനുമായി കേള്‍വിപ്പെട്ട യു.എസ് ഡോളര്‍ 13 ബില്യണിനേക്കാള്‍, സൗദിയുമായുള്ള ചൈനയുടെ വ്യാപാരം ഏതാണ്ട് യു.എസ് ഡോളര്‍ 110 ബില്യനാണ്.

സംഘര്‍ഷം പൊട്ടിപുറപ്പെട്ടതിനു ശേഷം ചൈന എന്ത് കൊണ്ടാണ് തങ്ങളുടെ പ്രസ്താവനകളില്‍ സൂക്ഷ്മത വച്ച് പുലര്‍ത്തുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം ഈ സാമ്പത്തിക യാഥാര്‍ഥ്യമാണ്. അത് കൊണ്ടാണ് ‘അമേരിക്ക-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് യു.എന്‍ സുരക്ഷാ സമിതിയുടെ അംഗീകാരമില്ലെന്നും, അവ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നെന്നും’ പറയുമ്പോള്‍ തന്നെ, ‘ഗള്‍ഫ് രാജ്യങ്ങളുടെ പരമാധികാരവും, സുരക്ഷയും മറ്റും ഭൗമിക അഖണ്ഡതയും അത് പോലെ ബഹുമാനിക്കപ്പെടേണ്ടതാണ്” എന്നും അതേ സ്വരത്തില്‍ തന്നെ ചൈന മൊഴിയുന്നു. ഇറാന്‍ വിദേശകാര്യ മന്ത്രിയുമായുള്ള ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ സംഭാഷണത്തിന് ശേഷം പുറപ്പെടിവിച്ച ലഘുലേഖയില്‍, ‘ഇറാന്‍ തങ്ങളുടെ അയല്‍ രാജ്യങ്ങളുടെ ന്യായമായ ആശങ്കകളെ ഗൗരവമായെടുക്കുകകയും, ഇറാനിലെ ചൈനീസ് പൗരന്മാരുടെയും, സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുമെന്നും’ (‘Iran.will…take seriously the legitimiate concerns of neighboring countries, and ensure the saefty of Chinese citizens and institutions in Iran’) എന്നതായിരുന്നു ബെയ്ജിങ്ങിന്റെ പ്രതീക്ഷയെന്നു പറയപ്പെട്ടത്. അത് പോലെ ഹോര്‍മുസ് കടലിടുക്ക് തടസ്സപ്പെടുത്താനുള്ള നീക്കങ്ങളെയും ചൈന കുറ്റപ്പെടുത്തിയിരുന്നു. ടെഹ്റാനുമേല്‍ ബെയ്ജിങ് ചെലുത്തുന്ന സമ്മര്‍ദ്ദമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. ഇത്തരം പ്രഭാഷണവും, മറ്റും 2023-ല്‍ ഇറാന്‍-സൗദി നയതന്ത്ര ബന്ധങ്ങളെ സാധാരണനിലയിലാക്കാന്‍ വഹിച്ച മധ്യസ്ഥതയുമൊക്കെ ഉണ്ടെങ്കിലും, ചൈന പൂര്‍ണ്ണമായി ഇറാന്റെ പക്ഷത്തല്ലെന്നതാണ് വാസ്തവം. കൂടാതെ, മെയ്-ല്‍ ട്രംപിന്റെ ചൈന വേളയില്‍ സംഘര്‍ഷം തുടരുകയാണെങ്കിലോ, അല്ലെങ്കില്‍ ആ സമയത്തു ഇറാന്‍ നാശ-നഷ്ടങ്ങളുടെ കണക്കെടുക്കുകയാണെങ്കില്‍, ബെയ്ജിങിനെ സംബന്ധിച്ചിടത്തോളം, ഇത് വളരെ മോശമായ പ്രതിഫലനമായിരിക്കും.
എന്നാല്‍ തന്നെയും, വ്യക്തമായ സുരക്ഷ സംബന്ധിച്ചുള്ള വിഷയത്തില്‍, ഇറാന്റെ സൈനിക വികസനത്തില്‍, ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുള്‍പ്പടെ, ചൈനയുടെ കാലാകാലങ്ങളായുള്ള സഹായമാണ്. കഴിഞ്ഞ ഒരു മാസത്തില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങള്‍ക്കുമേലെയും, ഈ മിസൈലുകള്‍ വിക്ഷേപിക്കപ്പെട്ടു. റോക്കറ്റ് ഇന്ധനം മുതല്‍ ഉപഗ്രഹ ദിശാനിര്‍ണ്ണയ സംവിധാനങ്ങളും അവയുടെ വിതരണ ശൃംഖലയും ചൈന ഇറാനു നല്‍കിയിട്ടുണ്ട്. അമേരിക്കയുടെ ഉപരോധങ്ങള്‍ ഉണ്ടായിട്ടും, ഇറാന്റെ ഡ്രോണ്‍ ഉല്‍പ്പാദനത്തില്‍ ഒരു നിര്‍ണ്ണായക പങ്കാണ് ഈ സഹായം വഹിക്കുന്നത്. ഇടയ്ക്ക്, ചൈനയുടെയും, ഇറാന്റെയും സൈനികര്‍ സംയുക്ത അഭ്യാസങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ട്.. മാര്‍ച്ച് 2025–ല്‍ ഇരു കൂട്ടരും, റഷ്യയുടെ നാവിക സേനക്കൊപ്പം ചേര്‍ന്ന് ഒമാന്‍ ഇടക്കടലില്‍ അഭ്യാസങ്ങള്‍ നടത്തുകയുണ്ടായി. ഇത് ത്രിപക്ഷ അഭ്യാസങ്ങളുടെ കണക്കില്‍, അഞ്ചാം പതിപ്പായിരുന്നു.
അമേരിക്കക്കെതിരായി ഇറാനിയന്‍ ഭരണകൂടത്തെ സഹായിക്കാനുള്ള ചൈനയുടെ ആഗ്രഹം, എങ്ങനെ തങ്ങളുടെ മറ്റു ബന്ധങ്ങള്‍ക്ക് പരിണതഫലങ്ങള്‍ നല്‍കുന്നു എന്നതാണ് ഇതിലൂടെ തെളിയുന്നത്. ഇത് പറയുമ്പോള്‍ തന്നെ, ചൈനയുടെ സുരക്ഷ താല്പര്യങ്ങളാണ് അമേരിക്കയുടെ പ്രതിയോഗികള്‍ക്ക് സഹായം നല്‍കാന്‍ കല്പിക്കുന്നത്. അത് കൊണ്ട്, ഇറാനുള്ള സൈനിക സഹായം ചൈന തുടര്‍ന്നുകൊണ്ടിരിക്കും.

അമേരിക്കയെ പ്രതിയോഗിയായി കണ്ടുള്ള സുവ്യക്തമായ കാഴ്ച്ചപ്പാടാണ്, പശ്ചിമേഷ്യയിലെ ചൈനയുടെ ഇടപെടലുകളെ നിര്‍വചിക്കുന്നതും, ആ മേഖലയിലെ വിവിധ സംഘര്‍ഷങ്ങളില്‍ പരമാവധി ലാഭം വര്‍ധിപ്പിക്കാന്‍ ഉതകുന്നതും. ഒരു വശത്ത് ഗാസയില്‍ പലസ്തീന്‍കാര്‍ക്ക് പ്രഭാഷണത്തിലൂടെ മാത്രമുള്ള പിന്തുണ (rhetorical support), ബെയ്ജിങിന് അറബ് രാജ്യങ്ങളുടെ പിന്‍ബലം നേടികൊടുത്തപ്പോള്‍, മറു വശത്ത് വേണ്ട പോലെ ഇറാന് സഹായം നല്‍കി, മേഖലയിലാകെ അമേരിക്കയെയും അവരുടെ സഖ്യകക്ഷികളെയും നിയന്ത്രിക്കാനുള്ള ചുറ്റുപാടുകള്‍ സൃഷ്ടിക്കാനും ചൈനക്കായിട്ടുണ്ട്.
അതിനിടയില്‍, പശ്ചിമേഷ്യയില്‍ ഇന്ത്യയുടെ നിലപാടുകള്‍ അമേരിക്കയുടെ ശക്തിയെ പിന്താങ്ങുകയും, ചൈന വിനിയോഗിക്കുന്ന നയതന്ത്രം മറ്റും ഭൗതിക സ്വാധീനത്തെ അവഗണിക്കുകയുമാണ്. ഈ സംഘര്‍ഷത്തില്‍, ഇന്ത്യ തങ്ങളുടെ ഭാഗം തെരെഞ്ഞെടുത്തെന്ന് വേണം കരുതാന്‍. ആഭ്യന്തര രാഷ്ട്രീയ വിലയിരുത്തലുകളുടെ ഫലമായാണോ അതോ ചിന്തിക്കാനും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനുമുള്ള ശേഷിക്കുറവ് കൊണ്ടാണോ ഇതെന്ന ചോദ്യങ്ങള്‍ ബാക്കിനില്‍ക്കുന്നു. തങ്ങളുടെ സ്വന്തം അയല്പക്കത്ത് മാത്രമായൊതുങ്ങിയ, ഒരു ചെറിയൊരു കഥാപാത്രമായി തങ്ങളെ പരിമിതപ്പെടുത്തി എന്ന് വേണം, ഇന്ത്യയുടെ നിലപാടിനെ കരുതാന്‍.
ലേഖനം തയ്യാറാക്കിയത്:
ജെബിന്‍ ടി. ജേക്കബ്
ഡയറക്ടര്‍, സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഹിമാലയന്‍ സ്റ്റഡീസ്,
ശിവ് നാടാര്‍ യൂണിവേഴ്‌സിറ്റി, ഡല്‍ഹി എന്‍സിആര്‍
ആനന്ദ് പി. കൃഷ്ണന്‍
ഫെല്ലോ, സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഹിമാലയന്‍ സ്റ്റഡീസ്,
ശിവ് നാടാര്‍ യൂണിവേഴ്‌സിറ്റി, ഡല്‍ഹി എന്‍സിആര്‍
Story Highlights : possibilities and complexities for china in israel-us attack against iran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




